തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നു ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയവും സാമുദായിക, ഭീകര-വര്‍ഗീയ പ്രവര്‍ത്തനങ്ങളും നന്നായി അനുദിനം അറിയാന്‍ കഴിയുന്ന പദവിയാണ് ഡിജിപിയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഇത് സംബന്ധിച്ച് നിരവധി സംഭവങ്ങളും സന്ദേശങ്ങളും കേന്ദ്രത്തില്‍ നിന്നുപോലും അറിഞ്ഞിട്ടും പ്രതികരിക്കാന്‍ കൂട്ടാക്കാത്ത ഡിജിപിയാണ് ബെഹ്റ.
കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ? കേരളത്തിന് അതറിയാന്‍ അവകാശവും താല്പര്യമുണ്ട്.
”എന്‍ഐഎയില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആദ്യംതന്നെ ഈ സംഭവം തലയില്‍ കയറി. കിട്ടുന്ന വിവരം അനുസരിച്ച് നോക്കിയാല്‍ കേരളം ഭീകരരുടെ വലിയ റിക്രൂട്ടിംഗ് കേന്ദ്രമാണ്. ഇവിടത്തെ ആള്ക്കാര് ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഭീകരര്‍ക്ക് വേണ്ടതും അത്തരക്കാരെയാണ്. അവരുടെ ഏറ്റവും വലിയ ലക്ഷ്യവും അതാണ്. അവരെ ഏത് രീതിയിലും അവര്‍ സ്വാധീനിച്ച്, വര്‍ഗീയവല്‍ക്കരിച്ച് കൊണ്ടുപോകും. അതിന് അവര്‍ക്ക് പലമാര്‍ഗങ്ങളുണ്ട്. അത് തുറന്ന് പറയാനാകില്ല. അത്തരക്കാര്‍ കുറേ ആള്‍ക്കാരെ ഇവിടുന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതും ഗൗരവകരമാണ്.”, ബെഹ്റ പറഞ്ഞതിങ്ങനെയാണ്.
”തീവ്രവാദികളുടെ സ്ലീപിംഗ് സെല്‍ ഇല്ലെന്ന് പറയാനാകില്ല. സ്ലീപിംഗ് സെല്‍ എന്നാല്‍ അവര്‍ നിശ്ചലമായി ഇരിക്കുന്നവരാണ്. അവരുടെ മുകളിലുള്ളവരുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഇവിടെ ഉണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടിയുറച്ച തീവ്രവാദികളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം.”
എന്നാല്‍ തീവ്രവാദികളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം കേരളം ശാന്തം, ഭദ്രം എന്ന നിലപാടല്ലേ ഡിജിപി സ്വീകരിച്ചത്. തന്റെ മുന്‍ഗാമികളിലൊരാളെ പോലെ ഭരണമേലാളന്മാരുടെ ഉപദേശക സ്ഥാനം വാഗ്ദാനം കിട്ടിയിരുന്നോ? പ്രതീക്ഷിച്ചിരുന്നോ? ഇല്ലെങ്കില്‍ കടുത്ത മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി മുഖ്യമന്ത്രിക്ക് രഹസ്യ കൂടിയാലോചനയ്ക്ക് സൗകര്യവും അവസരവും സൃഷ്ടിക്കേണ്ടിയിരുന്നോ? ഔദ്യോഗിക വാഹനം പോലും ഒരു രാത്രി ഡിജിപി വിട്ടുകൊടുത്തു എന്ന ആരോപണം രഹസ്യ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാണ്. ലഭിക്കുമെന്ന് പ്രതീക്ഷിച്ചതെല്ലാം ഒരുപാട് അകലെയായെന്ന് തോന്നിപ്പോയോ? ഏതായാലും മുഖ്യമന്ത്രി ഇന്നത്തെ നിലക്ക് ഈ ആരോപണം സ്ഥിരീകരിക്കാന്‍ സാധ്യത നന്നേ കുറവാണ്. ഒരു ദിവസം കൂടി മാത്രം പദവിയിലിരിക്കുന്ന ലോക്നാഥ് ബെഹ്റ ഈ വക കാര്യങ്ങള്‍ തുറന്നു പറയണമെന്ന് കേരളം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: