കൊച്ചി: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്നും കായികമന്ത്രി വി. അബ്ദുറഹ്മാന്. ഗവ. ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാജാസ് കോളേജ് മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തു ഉന്നതതല യോഗം ചേരും. കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കായിക താരങ്ങള്‍, മുന്‍ കായികതാരങ്ങള്‍, കായിക പ്രഗത്ഭര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ജില്ലാ – സംസ്ഥാന തലങ്ങളില്‍ ശില്പശാലകള് സംഘടിപ്പിക്കും.
ജില്ലയിലെ കായിക രംഗത്തെ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ ട്രാക്കും ഫീല്‍ഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴ് കോടി രൂപ സ്പോര്‍ട്സ് കൗണ്‍സില്‍ വകയിരുത്തിയിട്ടുണ്ട് . വാട്ടര്‍ സ്പോര്‍ട്സുമായി ബന്ധപെട്ടു പ്രൊജെക്ടുകള്‍ തയാറാക്കും. കൊവിഡാനന്തര കാലഘട്ടത്തില്‍ കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കന്നതിനു പ്രൈമറി വിദ്യാലയം മുതല്‍ കോളേജ് തലത്തില്‍ വരെ അതിനു ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് ആദ്യ വനിത ഫുട്ബോള്‍ അക്കാദമി പനമ്പിള്ളി നഗറില്‍ ആരംഭിക്കും. കൂടാതെ കായിക യുവജന കാര്യാലയത്തിന്റെ റീജിയണല്‍ ഓഫീസും ജില്ലയില്‍ ആരംഭിക്കും. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നാം പിന്നാക്കമാണ്. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന പേരില്‍ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനനത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസഥാനത്തെ കളിക്കളങ്ങള്‍ എന്നും സജീവമാകുമെന്നും മന്ത്രി പറഞ്ഞു.
കാലഘട്ടത്തിനാവശ്യമായ പരിശീലനം കായിക താരങ്ങള്‍ക്കും ഒപ്പം പരിശീലകര്‍ക്കും നല്‍കും. കൂടാതെ ഒളിമ്പിക്സ് മെഡല്‍ നേടുന്നവര്‍ക്ക് ഉചിതമായ പാരിതോഷികവും സ്വീകരണവും നല്‍കും. നാല് വര്‍ഷത്തിനുള്ളില്‍ കായികരംഗത്തെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയെപോലെ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ മാറ്റി എടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമഗ്രകായിക നയം രൂപീകരിക്കുന്നതിന് ഭാഗമായി ജില്ലയിലെ ജനപ്രതിനിധികളോടൊപ്പം മന്ത്രി മഹാരാജാസ് കോളേജ് മൈതാനം സന്ദര്‍ശിച്ചു. ഹൈബി ഈഡന് എംപി , എംഎല്‍എമാരായ ടി.ജെ വിനോദ്, പി.ടി തോമസ് , കെ.ജെ മാക്സി , പി.വി ശ്രീനിജിന്‍, മേയര്‍ എം. അനില്‍കുമാര്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്, ജിസിഡിഎ ചെയര്മാന് വി. സലിം , ജില്ലാ കളക്ടര്‍ എസ് സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: