കൊച്ചി: ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജൂണ്‍ 19ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് യാത്രക്കാര്‍ക്ക് പ്രവേശനാനുമതി ലഭിച്ചു. പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, നാല് മണിക്കൂറിന് തൊട്ടുമുമ്പെടുത്ത റാപിഡ്-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.
കേരളത്തില്‍ റാപിഡ് പിസിആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാല്‍ ഒരുക്കിയത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനുമതിയുള്ള ഹൈദ്രാബാദിലെ സാന്‍ഡോര്‍ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളില്‍ ലഭിക്കും. ഇതിനുപുറമെ, ആവശ്യമെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ഒരുക്കിയിട്ടുണ്ട്. ദുബായില്‍ എത്തുന്ന യാത്രക്കാര്‍ വീണ്ടും ആര്‍ടിപിസിആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലിരിക്കുകയും വേണം.
റാപിഡ് പിസിആര്‍ കേന്ദ്രത്തിന് പുറമെ സിയാലില്‍ അന്താരാഷ്ട-ആഭ്യന്തര അറൈവല്‍ ഭാഗത്ത് മൂന്ന് ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സിയാല്‍ മാനേജിങ് ഡയറക്ടറും ജില്ലാ കളക്ടറുമായ എസ്. സുഹാസ്, ടെര്‍മിനല്‍-മൂന്നിലെ പുറപ്പെടല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പിസിആര്‍ കേന്ദ്രം സന്ദര്‍ശിച്ചു സന്നാഹങ്ങള്‍ വിലയിരുത്തി. മാനേജിങ് ഡയറക്ടര്‍ക്കൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, കൊമേഴ്സ്യല്‍ ജനറല്‍ മാനേജര്‍ ജോസഫ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: