ന്യൂദല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. 2022 ജൂണ്‍ 30 വരെ അദ്ദേഹം തുടരും. ഇത് രണ്ടാംതവണയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടുന്നത്. 2017 ജൂലൈയിലാണ് അദ്ദേഹം അറ്റോര്‍ണി ജനറലായി നിയമിതനാകുന്നത്. തുടര്‍ന്ന് 2020-ല്‍ ഒരുവര്‍ഷത്തേക്ക് കൂടി നിയമനം നീട്ടിനല്‍കുകയായിരുന്നു. മൊറാര്‍ജി ദേശായി സര്‍ക്കിരിന്റെ കാലത്ത് അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സുപ്രീംകോടതി ബാറിലെ മുതിര്‍ന്ന അംഗവും ഭരണഘടനാ വിദഗ്ധനുമാണ്. അടുത്തിടെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത് വേണുഗോപാലായിരുന്നു. ഇനിയുള്ള ഒരുവര്‍ഷം കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, പൗരത്വ നിയമഭേദഗതി തുടങ്ങി സുപ്രീംകോടതിയിലെ പ്രധാനപ്പെട്ട കേസുകളില്‍ സര്‍ക്കാരിന് വേണ്ടി നിയമപോരാട്ടം നയിക്കുന്നത് 89-കാരനായ അദ്ദേഹമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: