കരുനാഗപ്പള്ളി: ചായക്കൂട്ടിലെ അപൂര്‍വ കൃഷ്ണലീലകള്‍ കടല്‍ കടന്നെത്തിയത് തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ്. ദുബായ്‌യിലെ എമിറേറ്റ്സ് സിറ്റിയില്‍ നിന്നാണ് അപൂര്‍വ ചിത്രങ്ങളെത്തിയത്.
സമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ദുബായ് എമിറേറ്റ്സ് സിറ്റിയിലെ ഒരു ഗുജറാത്തി വ്യവസായിയുടെ വീട്ടിലാണ് ചിത്രങ്ങളുണ്ടായിരുന്നത്. ആ വീട് പിന്നീട് ഒരു ഇറാനി വ്യവസായി വാങ്ങിയ സാഹചര്യത്തിലാണ് വ്യവസായിയുടെ സുഹൃത്തുകൂടിയായ തഴവ ക്ഷേത്ര വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗം തഴവ അമ്പലമുക്ക് മോഹനാലയത്തില്‍ മോഹന്‍കുമാര്‍ ഈ വീട്ടിലെത്തുന്നത്. തുടര്‍ന്ന് ചിത്രങ്ങളിലൊന്ന് ഇറാനി വ്യവസായി മോഹന്‍കുമാറിനു നല്‍കി. നാട്ടിലെത്തിയ അദ്ദേഹം ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളോട് ചിത്രത്തെക്കുറിച്ചു പറയുകയും തുടര്‍ന്ന് ചിത്രം ക്ഷേത്രത്തില്‍ വയ്‌ക്കാമെന്ന് അന്നത്തെ ഉപദേശകസമിതി ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു.
തിരികെ ദുബായിലെത്തിയ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രണ്ടാമത്തെ ചിത്രവും ഇറാനി വ്യവസായി കൈമാറി. ഈ രണ്ടു ചിത്രങ്ങളും കപ്പല്‍മാര്‍ഗമാണ് തഴവയില്‍ എത്തിച്ചത്. ഇതിനായി 75,000 രൂപയാണ് ചെലവായത്. ചിത്രങ്ങളില്‍ ഒന്നിന് നാലുമീറ്റര്‍ നീളവും രണ്ടുമീറ്റര്‍ ഉയരവും മറ്റൊന്നിന് രണ്ട് മീറ്റര്‍ നീളവും 1.6 മീറ്റര്‍ ഉയരവുമുണ്ട്. ഹൈദ്രബാദ് സ്വദേശിയായ ചിത്രകാരന്‍ ക്യാന്‍വാസില്‍ വരച്ച ഈ ചിത്രം സുരക്ഷിതമായി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ ശ്രീകോവിലിന് അഭിമുഖമായി സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി 40000 രൂപയോളം ചെലവിലാണ് ഫ്രെയിം പണിയുന്നത്. അപൂര്‍വ്വമായ രണ്ട് ശ്രീകൃഷ്ണചിത്രങ്ങള്‍ കടല്‍മാര്‍ഗം തഴവ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.
എം.ഡി. ബാബുരഞ്ജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: