പരവൂര്‍: ഭര്‍ത്താവില്‍നിന്നു പീഡനമെന്ന പരാതി നിലനില്‍ക്കെ യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഒളിവില്‍.
പുത്തന്‍കുളത്തിന് സമീപം ചിറക്കരത്താഴം സൗപര്‍ണ്ണികയില്‍ വിജിത(30)നെയാണ് വീടിനുള്ളില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രതീഷ് ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വിജിതയെ വീടിനുള്ളില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപ്പോഴേക്കും മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആറാം ക്ലാസുകാരന് അര്ജുന്, അഞ്ചര വയസുകാരി ഐശ്വര്യ എന്നിവര്‍ മക്കളാണ്. പരവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകും മുമ്പ് സ്ത്രീധനത്തെ ചൊല്ലി കലഹം തുടങ്ങിയിരുന്നു. തുടര്‍ന്ന് കുടുംബകോടതിയില്‍ വിജിത കേസ് നല്‍കുകയും കോടതി മുഖാന്തിരം ഒത്തുതീര്‍പ്പിലെത്തി ഇരുവരും ഒരുമിക്കുകയും ചെയ്തു.
പിന്നീട് വിജിതയുടെ വീട്ടുകാര്‍ തന്നെ വസ്തു വാങ്ങി വീട് വച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് വിദേശത്ത് പോയിവന്ന രതീഷ് അടുത്തുള്ള ഒരു സ്ത്രീയുമായി വഴിവിട്ട ബന്ധത്തിലായി. ഇതാണ് വീണ്ടും വഴക്കുകളിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. വനിതാകമ്മിഷന് അംഗം ഷാഹിദ കമാല്‍ എത്തി സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: