കൊച്ചി : കരിപ്പൂര്‍ കേന്ദ്രീകരിച്ച് വന്‍ സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയും സിപിഎം സൈബര്‍ നേതാവുമായി അര്ജുന് ആയങ്കിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യും. നിലവില്‍ അര്ജുന് കസ്റ്റംസ് കസ്റ്റഡിയിലാണ്. നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയില്‍ ഹാജരായ അര്‍ജുനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന.
ഇതിനിടെ കരിപ്പൂരില്‍ നിന്നും അറസ്റ്റിലായ ഷെഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇതോടെ ഇന്ന് ഷെഫീഖിനെയും കൊച്ചിയില്‍ എത്തിക്കും. ഷെഫീഖിനെയും അര്‍ജുനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് നല്‍കിയത് ഷെഫീഖ് ആണ്. ഏഴ് ദിവസമാണ് ഷെഫീഖിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്നു മുഖ്യപ്രതി അര്ജുന് ആയങ്കി ഇന്ന് രാവിലെയാണ് കസ്റ്റംസിനു മുന്നില്‍ ഹാജരായത്. അര്ജുന് കൊച്ചി ഓഫിസിലെത്തിയത് രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ്. ഇന്നു ഹാജരായില്ലെങ്കിര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരിപ്പൂര്‍ വിമാനത്തവാളത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ കസ്റ്റംസ് പിടികൂടിയ മുഹമ്മദ് ഷഫീഖിന് ക്വട്ടേഷന്‍ സംഘനേതാവ് അര്ജുന് ആയങ്കിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ നേരിട്ട് ജൂണ്‍ 28ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്ജുന് ആയങ്കിക്ക് കസ്റ്റംസ് നോട്ടീസയച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് അയച്ചത്. രാമാനാട്ടുകര അപകടത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
കേസിലെ പ്രതി മുഹമ്മദ് ഷഫീഖിന് അടുത്ത സ്വര്‍ണ്ണക്കടത്ത് കൂട്ടാളിയാണ് അര്‍ജുനെന്ന് സംശയമുണ്ട്. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത് മുഹമ്മദ് ഷഫീഖിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഇതിനിടെ അര്‍ജുന്റേതായി വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദരേഖയും തെളിവായ് വന്നിരിക്കുകയാണ്. സ്വര്‍ണ്ണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആര്‍ക്കെന്ന വിവരവും അര്ജുന് ആയങ്കി ശബ്ദരേഖയില്‍ വിവരിക്കുന്നുണ്ട്.
അര്ജുന് ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷഫീഖിനെയാണെന്നും സംശയിക്കുന്നു. കബളിപ്പിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിയിലുണ്ട്. മാഹിയിലേയും പാനൂരിലേയും പാര്ട്ടിക്കാര് തന്റെ പിന്നിലുണ്ടെന്നും അര്ജുന് ആയങ്കി അവകാശപ്പെടുന്നു. ഈ ഭീഷണിയിലൂടെ അര്‍ജുന്റെ സിപിഎമ്മുമായുള്ള ബന്ധം തന്നെയാണ് വീണ്ടും മറനീക്കി പുറത്ത് വരുന്നത്. അര്ജുന് ആയങ്കിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പൊളിക്കുന്നതാണ് അര്ജുന് ആയങ്കിയുടെ ഫോണ്‍ സംഭാഷണം. എന്നാല്‍ ഈ ശബ്ദരേഖ അര്ജുന് ആയങ്കിയുടെ തന്നെയാണോ എന്ന് കസ്റ്റംസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് മണിക്കൂര്‍ നേരം വിമാനത്താവളത്തില്‍ കാത്ത് നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. അര്ജുന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു ചുവന്ന സ്വിഫ്റ്റ് കാറില്‍ ഗള്‍ഫില്‍ നിന്നും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുഹമ്മദ് ഷഫീഖിനെ കാണാന്‍ വന്നതായി പറയുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുന്നതിന് മുമ്പ് കള്ളക്കടത്ത് സ്വര്ണ്ണത്തോടെ മുഹമ്മദ് ഷഫീഖിനെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നത് തൊഴിലാക്കിയ അര്ജുന് ആയങ്കി കോടികള്‍ സമ്പാദിച്ചതായി പറയുന്നു. കരിപ്പൂരിലെക്ക് സ്വര്‍ണ്ണം പിടിച്ചുപറിക്കാന്‍ ആയങ്കി എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ അഴീക്കോട് ഒരു ഉരുനിര്‍മ്മാണശാലയ്ക്കടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. എന്നാല്‍ കസ്റ്റംസ് കാര്‍ പിടിച്ചെടുക്കുംമുമ്പ് അര്‍ജുന്റെ കൂട്ടാളികള്‍ കാര്‍ എടുത്തുമാറ്റിയിരുന്നു. ഇതിനിടെ കാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ സജേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ ആകാശ് തില്ലങ്കേരി, അര്ജുന് ആയങ്കി എന്നിവരെ തള്ളിപ്പറയാന്‍ സിപിഎം തീരുമാനിച്ചു. ഇവര്‍ക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനാണ് തീരുമാനം. ഷുഹൈബ് വധത്തിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: