ജമ്മു: ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രത്തിന് സമീപം കണ്ട ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്ത്തത്ത് ഭീകരാക്രമണ ഭീഷണി ഒഴിവാക്കിയെന്ന് കരസേന. ജമ്മു വ്യോമസേന താവളത്തിന് നേരേ നടന്ന ഭീകാക്രമണത്തിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മറ്റൊരു ശ്രമവും ഭീകരരുടെ ഭാഗത്തുനിന്നുണ്ടായത്. സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ തിരികെ പറന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ജമ്മുവിലെ കലൂചക്ക് സൈനിക താവളത്തിന് സമീപമായിരുന്നു ഡ്രോണുകള്‍ കണ്ടത്.
രാത്രി 11.30ന് ആയിരുന്നു ആദ്യ ഡ്രോണ്‍ കണ്ടെതെങ്കില്‍ പുലര്‍ച്ചെ 1.30ന് രണ്ടാമത്തേത്തും ദൃശ്യമായി. ‘ജൂണ്‍ 27-28 അര്‍ധരാത്രി, രത്നുചക്ക്-കലൂചക്ക് സൈനിക പ്രദേശത്ത് രണ്ടു വ്യത്യസ്ത ഡ്രോണുകളുടെ പ്രവര്‍ത്തനം സേനാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മുന്നറിയിപ്പ് ശബ്ദം മുഴങ്ങിയതോടെ ദ്രുതപ്രതികരണ സംഘങ്ങള്‍ വെടിയുതിര്‍ത്തു. രണ്ടു ഡ്രോണുകളും പറന്നകന്നു’.-കരസേനയുടെ പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബ്രിഗേസ് ഹെഡ്ക്വാട്ടേഴ്സ് ലക്ഷ്യമാക്കി ഡ്രോണ്‍ നീങ്ങുവെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വെടിവച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ സൈനിക താവളം വളഞ്ഞ് പരിശോധനയും നടത്തി. ഞായറാഴ്ച ജമ്മു വ്യോമതാവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പുതിയ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: