ഇടുക്കി: അടിമാലി റേഞ്ചിലെ മരംമുറിക്കേസില്‍ ആരോപണ വിധേയനായ റെയ്ഞ്ച് ഓഫീസറെ ചുമതലയില്‍ നിന്ന് നീക്കാതെ വനംവകുപ്പ്. നിരവധി മരംമുറിക്കേസുകളില് ആരോപണം നേരിടുന്ന അടിമാലി റേഞ്ച് ഓഫീസര്‍ ജോജി ജോണാണ് ആ സ്ഥാനത്ത് തുടരുന്നത്. റവന്യു വകുപ്പിന്റെ വിവാദ മരംമുറി ഉത്തരവിന്റെ മറവില്‍ അടിമാലി റേഞ്ചില്‍ വ്യാപക വനംകൊള്ള നടന്നിരുന്നു. മങ്കുവ, പൊന്മുടി തേക്ക് പ്ലാന്റേഷന് എന്നിവിടങ്ങളില്‍ നിന്ന് മരംവെട്ടിക്കടത്തിയ കേസില്‍ ആരോപണ വിധേയനാണ് ജോജി ജോണ്‍. ജനുവരി മാസത്തിലുണ്ടായ ഇരു കേസുകളും വനംവകുപ്പിന്റെ തന്നെ ഫ്ളൈയിങ് സ്ക്വാഡാണ് പിടികൂടിയത്. ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്നായിരുന്നു നടപടി. പിന്നീട് ഈ സംഭവങ്ങളില്‍ അന്വേഷണം നടത്താനോ മറ്റ് നടപടിയെടുക്കാനോ ഈ ഉദ്യോഗസ്ഥന് തയാറായിട്ടില്ല.
മരംമുറി ഉത്തരവ് വിവാദമായതോടെ മുഖംരക്ഷിക്കാന്‍ ഇയാള്‍ രംഗത്തുവരികയായിരുന്നു. മങ്കുവയില്‍ നിന്ന് കടത്തിയതില്‍ 4.47 ക്യു.മീറ്റര്‍ തടി കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. റിസോര്‍ട്ടിനുള്ളില്‍ ഉദ്യോഗസ്ഥന്റെ അമ്മയുടെ പേരിലുള്ള കെട്ടിടത്തില്‍ നിന്നാണ് തടികണ്ടെത്തിയത്. കൂടാതെ രണ്ടു മെട്രിക് ടണ്‍ വിറകും കണ്ടെത്തി. വനം വിജിലന്‍സും ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടക്കുന്നതിനിടെയാണ് ജോജിയുടെ നേതൃത്വത്തില്‍ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് തടി കണ്ടെത്തിയത്. തടിയുടെ അളവും വിലയും കുറച്ച് കാണിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. പിടിച്ചെടുത്ത വിറകിന് വെറും 1000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നതാണ് വിചിത്രം.
പുറമ്പോക്കില്‍ നിന്നുള്ള തടി കടത്തലിന് വിലയുടെ മൂന്നിരട്ടി പിഴയീടാക്കാനുള്ള നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോകുമ്പോഴാണ് ഇത്തരത്തിലൊരു നീക്കം. നിരവധി കേസുകളില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്താന്‍ വനംവകുപ്പ് തയാറാകാത്തത് കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കൂടാതെ നേര്യമംഗലം റേഞ്ചിന്റെ അധികചുമതലകൂടി വഹിക്കുന്ന ഈ റെയ്ഞ്ച് ഓഫീസര്‍ അവിടെ നിന്ന നിരവധി മരങ്ങള്‍ മുറിച്ചുകടത്താന്‍ പാസ് നല്‍കിയിരുന്നു. സ്വന്തം ഓഫീസില്‍ നിന്ന് ചന്ദനമോഷണക്കേസിലെ പ്രതിയാണ് ഈ വിവാദ ഉദ്യോഗസ്ഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: