കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ സുപ്രധാന സ്വര്‍ണക്കടത്തു സംഘങ്ങള്‍ അടക്കം ടി.പി കേസിലെ പ്രതികളും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ നിത്യസന്ദര്‍ശകരാണ്.
കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടാമല, കോറോത്ത് റോഡ് തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവരുടെയും സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നവരുടെയും താവളമായി മാറിയിരിക്കുകയാണ്. രാമനാട്ടുകര സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയായ അര്ജുന് ആയങ്കി, ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന ഹബ്ബാണ് അഴിയൂര്‍.
കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ടു ജില്ലാ അതിര്‍ത്തി പ്രദേശമായ ഈ പാര്‍ട്ടി ഗ്രാമത്തില്‍ എത്തുന്നത് മുന്‍കാലങ്ങളിലും പതിവാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണക്കടത്ത് നടത്തുന്നത് അഴിയൂര്‍ കേന്ദ്രീകരിച്ച് വാടകയ്ക്കെടുത്ത മൂന്നു വീടുകള്‍ കേന്ദ്രീകരിച്ചാണ്. മൈസൂരിലെ മദ്യഗോഡൗണുകള് കേന്ദ്രീകരിച്ച് ലോക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ മദ്യം ഇവിടെ ശേഖരിച്ചിരുന്നു. പോലീസിനും എക്സൈസ് സംഘത്തിനും ഈ വിവരം അറിയാമെങ്കിലും ഇവരെ ഭയന്ന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
രാമനാട്ടുകര സംഭവത്തിന് ശേഷം സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുള്ള പലരും പല വാഹനങ്ങളിലായി ഈ പ്രദേശങ്ങളില്‍ രഹസ്യമായി എത്തിയിട്ടുണ്ട്. മാരുതി ബ്രസ്സ കാറില്‍ ഒരു ബാഗ് പണവുമായാണ് ഈ സംഘം ഇവിടെ എത്തിയത്. കാലങ്ങളായി വിവിധ ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ ഒത്തുചേരുന്നതില്‍ പൊറുതിമുട്ടിയ പ്രദേശവാസികള്‍ ചോമ്പാല പോ
ലീസില്‍ അറിയിച്ചപ്പോള്‍ സ്റ്റേഷനില്‍ വിവരമറിയിച്ച വ്യക്തിയുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ ക്രിമിനലുകള്‍ക്ക് പോലീസുകാര്‍ കൈമാറിയ സംഭവവും ഉണ്ടായിട്ടുണ്ട്. ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്താറില്ല. ഒരു വര്‍ഷത്തിനു മുമ്പ് അഴിയൂര്‍ കോറോത്ത് റോഡ് നടന്ന വ്യാപക അക്രമത്തില്‍ ജില്ലയില്‍ നിന്ന് പുറത്തെത്തിയ സിപിഎം ക്രിമിനലുകളാണെന്ന് പോലീസിന് ബോധ്യമായിരുന്നു. പക്ഷേ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിമാനത്താവളം ഉള്‍പ്പടെ കണ്ണൂരിലേക്കുള്ള പ്രധാനപാതയില്‍ രാത്രികാല ഗുണ്ടാപണപ്പിരിവും ഇവര്‍ നടത്താറുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി കൊണ്ടുവരുന്ന സ്വര്‍ണ്ണം കൈമാറ്റം ചെയ്യുന്ന സ്ഥലവും മോന്താല്‍ പാലം കേന്ദ്രീകരിച്ചു ഒരുക്കിയ കേന്ദ്രത്തിലാണ്. ഇവിടെ പണം വച്ചുള്ള ചൂതാട്ടവും നടക്കുന്നുണ്ട്. കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തു സംഘങ്ങളുടെ താവളമായ ഈ കേന്ദ്രങ്ങളില്‍ ഉന്നതരുടെ പിന്‍ബലം കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നത് എന്നാണ് രഹസ്യവിവരം. രാമനാട്ടുകര സംഭവത്തിനു ശേഷം ഇവിടെ പണമടങ്ങിയ വാഹനവുമായി ആളുകള്‍ എത്തിയതിലും ദുരൂഹത ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: