തൃശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡ്രൈവിംഗ് സ്‌കൂളുകളെ. സര്‍വ്വ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. സമ്പര്‍ക്കം ഏറ്റവും കൂടുതല്‍ വരുന്ന മേഖലയായതിനാലാണ് പ്രവര്‍ത്തനാനുമതി നല്‍കാത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.
പഠനത്തിനായി നിരവധി പേര്‍ മാറി മാറി വാഹനത്തില്‍ കയറുന്നത് മൂലവും സ്റ്റിയറിംഗ്, സീറ്റ് എന്നിവയില്‍ സ്പര്‍ശിക്കുന്നത് മൂലം രോഗ വ്യാപന സാധ്യത കൂടുതലാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇളവുകള്‍ നല്‍കി സാമൂഹ്യ അകലവും മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് പഠനത്തിന് അത് എത്രത്തോളം പാലിക്കപ്പെടുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്. അതേസമയം ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പയെടുത്തും കടം വാങ്ങിയും ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയവര്‍ തവണകള്‍ മുടങ്ങി ആത്മഹത്യയുടെ വക്കിലാണ്. മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളില്‍ മിക്കതും തുരുമ്പെടുത്തും മറ്റും നശിക്കുകയാണ്.
സ്ഥാപനത്തിന്റെ വാടക, കറന്റ്, ടെലിഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിലെ നഷ്ടം അതിലേറെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ചിലര്‍ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നുമുണ്ട്. കൊവിഡ് ആരംഭിച്ച് ആദ്യ ലോക്ഡൗണിന് ശേഷം വളരെ നാളുകള്‍ കഴിഞ്ഞാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്. സാമൂഹ്യ അകലവും മറ്റ് കൊവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് മാത്രം പഠനം നടത്താനാണ് അന്ന് അനുമതി നല്‍കിയത്. സാമൂഹ്യ അകലമുള്‍പ്പടെയുള്ള കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്കൊണ്ട് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: