ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നല്കുന്ന റേഷന്‍ സാധനത്തില്‍ സംസ്ഥാനം വെട്ടിക്കുറവ് വരുത്തുന്നതായി ആക്ഷേപം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷനിലാണ് കുറവുള്ളത്. കഴിഞ്ഞ മാസത്തെ വിഹിതം കിട്ടാത്തവരും ഏറെയാണ്. ആലപ്പുഴ ജില്ലയിലെ ഓരോ റേഷന്‍ കടയിലും 10 മുതല്‍ 20 ശതമാനം കാര്‍ഡുടമകള്‍ക്കു വിഹിതം കിട്ടിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
മേയ് മാസത്തെ വിതരണത്തിനു വേണ്ട വിഹിതത്തിന്റെ 80 ശതമാനം മാത്രമാണു പല റേഷന്‍ കടകളിലുമെത്തിയത്. ഇങ്ങനെ ഒഴിവാക്കുന്ന വിഹിതം പിന്നീട് സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനാണ് നീക്കണമെന്നാണ് ആക്ഷേപം. ഗോതമ്പിനാണു കൂടുതല്‍ ക്ഷാമമുള്ളത്. കോവിഡും ലോക്ഡൗണും മൂലം കാര്‍ഡുടമകളെല്ലാം സൗജന്യ റേഷന്‍ വാങ്ങാനെത്തിയതോടെ വെട്ടിലായത് റേഷന്‍ കടയുടമകളാണ്. വിഹിതം തികയാതെ വന്നതോടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കൈമലര്‍ത്തുകയായിരുന്നു. കഴിഞ്ഞമാസം കിട്ടാത്തവര്‍ക്ക് ജൂണ്‍മാസം വാങ്ങാന്‍ അനുമതി നല്കുമെന്നു പൊതുവിതരണ വകുപ്പു പ്രഖ്യാപിച്ചിരുന്നു. ഇതുവരെ അതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും മേയ് മാസത്തെ സൗജന്യ റേഷന്‍ വിഹിതം തേടി ആളുകള്‍ എത്തുന്നതായി റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഇതു കൂടാതെയാണ് സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായ ദിവസങ്ങളില്‍ റേഷന്‍ വിതരണം തടസ്സപ്പെടുന്നത്. അതിനാല്‍, കോവിഡ് കാലത്തു പലവട്ടം റേഷന്‍ കടകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് കാര്‍ഡുടമകള്‍. കോവിഡ് പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യറേഷന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുപോലും പൂര്‍ണമായി നല്‍കാത്ത നടപടിയില്‍ പ്രതിഷേധമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: