അമ്പലപ്പുഴ: വീട്ടില്‍ അപൂര്‍വ സഹസ്രദളം വിരിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചന്ദ്രിക. പൂക്കളും ചെടികളുമൊക്കെ ജീവനു തുല്യമായ ചന്ദ്രികയുടെ വീടിന്റെ മട്ടുപ്പാവ് നിറയെ താമരയും ആമ്പലുമാണ്. അമ്പലപ്പുഴ വടക്കേ നട ഗ്രീഷ്മം വീട്ടില്‍ വിജയന്റെ ഭാര്യ ചന്ദ്രികയാണ് വീട്ടില്‍ അപൂര്‍വയിനത്തില്‍പ്പെട്ട സഹസ്രദളം താമരപ്പൂവ് വിരിയിച്ചത്.
ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ശേഷമാണ് മട്ടുപ്പാവില്‍ ചന്ദ്രിക, ആമ്പലും താമരയും കൃഷിയാരംഭിച്ചത്. പ്രത്യേകം പ്ലാസ്റ്റിക് ബെയ്‌സനുകളിലാണ് ഇവ വളര്‍ത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഇവയുടെ കിഴങ്ങ് വാങ്ങുന്നത്. ഇപ്പോള്‍ ഏകദേശം 40 ഓളം താമരയും 90 ഓളം ആമ്പലുമുണ്ട്.
കഴിഞ്ഞ ദിവസമാണ് അപൂര്‍വയിനത്തില്‍പ്പെട്ട സഹസ്രദളം വിരിഞ്ഞത്.6 മൊട്ടുകള്‍ ഉള്ളതില്‍ ഒരു മൊട്ടു മാത്രമാണ് ഇപ്പോള്‍ ആയിരം ഇതളുകളുമായി വിരിഞ്ഞു നില്‍ക്കുന്നത്. ഇത് രണ്ടാം തവണയാണ് സഹസ്രദളം വിരിഞ്ഞതെന്ന് ചന്ദ്രിക പറഞ്ഞു.ആമ്പല്‍പ്പൂക്കള്‍ 150 മുതല്‍ 8000 രൂപ വരെയും താമരപ്പൂക്കള്‍ 250 മുതല്‍ 4000 രൂപ വരെ തുകയ്‌ക്കുമാണ് വിറ്റഴിക്കുന്നത്. ഇപ്പോള്‍ ഓണ്‍ ലൈനിലൂടെയാണ് ഇവയുടെ വില്‍പ്പന.
മറ്റ് സംസ്ഥാനങ്ങളിലേക്കും പൂക്കള്‍ ഓണ്‍ലൈന്‍ മാര്‍ഗം വില്‍ക്കാറുണ്ട്. താമരയും ആമ്പലും കൂടാതെ മറ്റനേകം പൂക്കളും ചന്ദ്രികയുടെ കരപരിലാളനത്താല്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. സഹായികളായി ഭര്‍ത്താവും മക്കളുമൊക്കെയുണ്ട്. കവികളുടെ വരികളിലൂടെ മാത്രം പരിചയമുള്ള സഹസ്രദളം നേരില്‍ക്കാണാനും തിരക്കാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: