ന്യൂദല്‍ഹി: ആഗസ്ത്-ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് 135 കോടി ഡോസ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബര്‍ 31ന് മുമ്പായി പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്സിനുകള്‍ നല്കിക്കഴിയുമെന്നും കേന്ദ്രം അറിയിച്ചു.
50 കോടി കോവിഷീല്‍ഡ് ഡോസുകളും 40 കോടി കൊവാക്സിന് ഡോസുകളും റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്റെ പത്തു കോടി ഡോസുകളും ലഭ്യമാക്കും. ഇതിന് പുറമേ ബയോ ഇ സബ് യൂണിറ്റിന്റെ 30 കോടി വാക്സിനുകളും സൈഡസ് കാഡില ഡിഎന്‍എയുടെ അഞ്ച് കോടി വാക്സിനുകളും രാജ്യത്ത് തയ്യാറാവും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിന് ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി 10,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്സിന് നല്‍കുന്നതിനാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 32.18 കോടി ജനങ്ങള്‍ക്ക് വാക്സിനേഷന് ഇതിനകം ലഭിച്ചു കഴിഞ്ഞു. യുഎസ് ജനസംഖ്യയ്ക്ക് തുല്യമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64.25 ലക്ഷം വാക്സിന് ഡോസുകളാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: