കൊച്ചി: കൊച്ചിയില്‍ ഒരുങ്ങുന്ന വിമാനവാഹിനി പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പരിപൂര്ണ്ണതൃപ്തന്. കാരണം ഈ വിമാനവാഹിനി പടക്കപ്പല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമോദാഹരമാണ്. ഇതില്‍ 75 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് കൊച്ചി സന്ദര്‍ശിച്ച വേളയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എടുത്തുപറഞ്ഞതും.
എന്‍ഡിഎ സര്‍ക്കാരിന്റെ ഈ അഭിമാനപദ്ധതി കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയെ മറികടന്നുകൊണ്ട് വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണം കുതിക്കുകയാണ്. അടുത്ത വര്‍ഷം, ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ 75ാം വര്‍ഷത്തില്‍ ഈ വിമാനവാഹിനിക്കപ്പല്‍ കമ്മീഷന് ചെയ്യും. രാജ്യത്തിന്റെ പ്രതിരോധത്തിന് വന്‍ സാധ്യതകള്‍ തുറന്നിടാന്‍ ഈ വിമാനവാഹിനിക്കപ്പലിന് കഴിയും.
ആധുനികവല്‍ക്കരണം നടപ്പാക്കുമ്പോള്‍ ഇന്ത്യയുടെ തദ്ദേശീയ വ്യവസായത്തിന്റെയും സാങ്കേതികജ്ഞാനത്തിന്റെയും കരുത്ത് കൈമുതലാക്കുകയാണ് മുഖ്യമെന്ന് രാജ്നാഥ് സിംഗും പറയുന്നു. ഇന്ത്യയുടെ 44 യുദ്ധക്കപ്പലുകളില്‍ 42-ഉം ഇന്ത്യയിലെ കപ്പല്‍ശാലകളിലാണ് വികസിപ്പിക്കുന്നതെന്നത് ഇതിന് ഉദാഹരണമാണ്. കൊച്ചിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ 75 ശതമാനവും ഇന്ത്യയില്‍ നിന്നു തന്നെയാണ്. ഐഎന്‍എസ് വിക്രാന്തിന്റെ രൂപകല്പന, നിര്‍മ്മാണത്തിനുപയോഗിച്ച ഉരുക്ക്, പ്രധാന ആയുധങ്ങളും സെന്‍സറുകളും- ഇതെല്ലാം ഇന്ത്യയിലാണ് നിര്‍മ്മിച്ചത്. തദ്ദേശീയമായി വികസിപ്പിക്കപ്പെടുന്ന സവിശേഷ നിര്‍മ്മാണസാങ്കേതിക വിദ്യകളും ഭാവിയില്‍ പ്രചോദനമാകും.
ഇന്ത്യയുടെ സാമുദ്രിക താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് നാവികസേനയുടെ പ്രവര്‍ത്തനപഥവും കരുത്തും വര്‍ധിപ്പിക്കുന്നതിന് വിമാനവാഹിനിപ്പടക്കപ്പലിന്റെതുപോലുള്ള നിര്‍മ്മാണം സഹായകരമാവും. ഇത് കൊച്ചിയിലെ ഷിപ് യാര്‍ഡിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ഏത് വെല്ലുവിളികളും നേരിടാന്‍ സജ്ജമാണ് ഇന്ത്യയുടെ നാവികസേന. ചൈനയുമായുള്ള ഗാല്‍വാനിലെ ഏറ്റുമുട്ടല്‍ സമയത്ത് ഇന്ത്യയുടെ നാവികസേനയുടെ സജീവമായ യുദ്ധോത്സുകമായ സജ്ജീകരണം സമാധാനം സംരക്ഷിക്കുമ്പോള്‍ തന്നെ എന്തിനും ഇന്ത്യ ഒരുക്കമാണെന്നതിന്റെ തെളിവായിരുന്നു.
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വൈകാതെ നിര്‍മ്മാണത്തിലെ അന്തിമഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കി വൈകാതെ സീ ട്രയല്‍സ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: