ന്യൂദല്‍ഹി : കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗമാണ് വാക്സിന് സ്വീകരിക്കുക. രാജ്യത്തെ പൗരന്മാരെല്ലാം വാക്സിനേഷന് എതിരായ കിംവദന്തികള്‍ ഒഴിവാക്കി കോവിഡ് വാക്സിന് സ്വീകരിക്കണം. നിരവധി ആളുകള്‍ വാക്സിന് സ്വീകരിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തെ നമ്മള് വിശ്വസിക്കണം. 90ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവ് പോലും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ രണ്ട് ഡോസ് വാക്സിനും എടുത്തു. എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനെടുത്തു. വാക്സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്.
രാജ്യത്തെ രോഗവ്യാപനം കുറഞ്ഞെങ്കിലും കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വാക്സിന് എടുക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കോവിഡില്‍ നിന്ന് സുരക്ഷ നേടാനാകൂ. വാക്സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മള് നമ്മുടെ ചുമതല നിറവേറ്റണം. എല്ലാവരും വാക്സിനെടുത്തുവെന്ന് ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധ ചെലുത്തണം.
വാക്സിനേഷന് കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു ദിവസം എട്ട് ദശലക്ഷം പേര്‍ക്ക് വാക്സിന് നല്കാനായ നടപടിയെ നിര്‍ണ്ണായക നാഴികക്കല്ല് എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
അന്തരിച്ച ഒളിമ്പ്യന്‍ മില്‍ഖാ സിങ്ങിനേയും മോദി സ്മരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് മന് കി ബാത്തിന് മോദി തുടക്കമിട്ടത്. ഒളിമ്പിക്സിനെ കുറിച്ച് പറയുമ്പോള്‍ മില്‍ഖാ സിങ്ങിനെ എങ്ങനെ വിസ്മരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: