രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനാധിപത്യത്തെ പരിഹസിച്ചുകൊണ്ട് 46 വര്‍ഷം മുമ്പ്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വേച്ഛാധിപത്യ ധാര്‍ഷ്ട്യത്തിന്റെ വൃത്തികെട്ട വീക്ഷണവുമായി, രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്പ്പിച്ചപ്പോള്, ഇന്ത്യയുടെ ചരിത്രത്തിന്റെ ഇരുണ്ട അധ്യായം രചിക്കപ്പെടുകയായിരുന്നു. ഇവിടെ ഉയരുന്ന ഉത്തരം കിട്ടാത്ത ചോദ്യം ഇതാണ്: ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയും പാര്‍ലമെന്റും നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും ഒരു നേതാവിന്റെ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി ചുരുക്കി. ഇത് കേവലം ഒരു അപഭ്രംശമാണോ അതോ കോണ്‍ഗ്രസിന്റെ പാരമ്പര്യ രാഷ്ട്രീയത്തിന്റെ സഹജാവബോധമാണോ?
കാംബോജ്, കലിംഗ, ലിച്ചാവി രാജ്യങ്ങള്‍ പോലുള്ള ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ തഴച്ചുവളര്‍ന്നതിന്റെ ഉദാഹരണങ്ങളാല്‍ ഇന്ത്യയുടെ പുരാതന ചരിത്രം നിറഞ്ഞിരിക്കുന്നു. ഋഗ്വേദം പോലുള്ള പുരാതന ഗ്രന്ഥത്തില്‍ പോലും ജനാധിപത്യ പാരമ്പര്യത്തിന്റെ തെളിവുണ്ട്. രാജഭരണത്തിന്കീഴില് പോലും നിലനിന്നിട്ടുള്ള ജനാധിപത്യ ആശയങ്ങളിലേക്കുള്ള ഈ പ്രയാണം വിദേശ അക്രമികള്‍ കൊള്ളയടിക്കുകയും കീഴടക്കുകയും ചെയ്തപ്പോള്‍ ഭൂരിഭാഗം പ്രദേശങ്ങളിലും അവരുടെ അടിച്ചമര്‍ത്തല്‍ ഭരണം നടപ്പാക്കി. അത് ജനാധിപത്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
സ്വാതന്ത്ര്യാനന്തരം, ഒരു ആധുനിക, പുരോഗമന, ജനാധിപത്യ ദേശീയ രാഷ്ട്രമായി മാറിക്കൊണ്ട് ഇന്ത്യ ഒരു വലിയ ചുവടുവെപ്പ് നടത്തി. എല്ലാറ്റിനുമുപരിയായി പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ ഭാവി സര്‍ക്കാരുകള്‍ സ്വപ്നങ്ങളെയും ആശയങ്ങളെയും യാഥാര്‍ത്ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുമെന്ന് ഭരണഘടനയ്ക്കു രൂപം നല്കിയവര് ആഗ്രഹിച്ചു.
സ്വാതന്ത്ര്യസമരത്തില്‍നിന്നു പിറവിയെടുത്ത കോണ്‍ഗ്രസ്സിന് ഭരണത്തിലുള്ള ആദ്യ അവസരം ലഭിച്ചു. എന്നാല്‍, മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങള്‍ ഉപയോഗപ്പെടുത്തി ആര്.എസ്.എസ്സിനെയും അതിന്റെ പ്രസിദ്ധീകരണമായ പാഞ്ചജന്യ വാരികയെയും നിരോധിക്കുക വഴി പ്രാരംഭ ഘട്ടത്തില്‍ തന്നെ അത് പരാജയപ്പെട്ടു. വിരുദ്ധ വീക്ഷണങ്ങളെ ഇല്ലാതാക്കാന്‍ നിരോധനം ആയുധമാക്കിയ ആദ്യ സംഭവമായിരുന്നു അത്.
1951-52ല്‍, ഭരണഘടന അംഗീകരിച്ച് കഷ്ടിച്ച് ഒരു കൊല്ലത്തിനുശേഷം, തന്റെ നയങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടേണ്ടിവന്ന നെഹ്രു ആശയപ്രകടനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനായി ആദ്യ ഭേദഗതി വരുത്താന്‍ തനിക്കുള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി. ഭാരതീയ ജനസംഘ സ്ഥാപകന്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ഇതു ചെയ്തത്. ഇന്ദിരാഗാന്ധി ഇതിന്മേലാണ് സ്വേച്ഛാധിപത്യം കെട്ടിപ്പൊക്കിയതും രാജ്യത്തെയൊന്നാകെ ഒരു ജയിലറയാക്കി 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ അടിച്ചേല്പിച്ചതും. ലോകനായക് ജയപ്രകാശ് നാരായണും മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ.അദ്വാനി തുടങ്ങിയ പ്രധാന പ്രതിപക്ഷ നേതാക്കളും ജയിലിലടയ്ക്കപ്പെട്ടു. നാനാജി ദേശ്മുഖ്, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ നേതാക്കള്‍ രഹസ്യ പ്രതിരോധം തീര്‍ക്കുന്നതിനായി ഒളിവില്‍ പോയി. ആര്.എസ്.എസ്. ഉള്‍പ്പെടെ ഒട്ടേറെ സാമൂഹിക, സാംസ്കാരിക സംഘടനകള്‍ നിരോധിക്കപ്പെട്ടു. മാധ്യമ സ്ഥാപനങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. മിക്ക പത്രങ്ങളും കോണ്‍ഗ്രസ്സിന്റെ ജിഹ്വകളായി മാറി. ഇതാണ് ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഇഴഞ്ഞു’ എന്ന ഏറെ പ്രചാരം നേടിയ പരാമര്‍ശം നടത്താന്‍ അദ്വാനിയെ പ്രേരിപ്പിച്ചത്.
എന്തായിരിക്കും ജനാധിപത്യത്തെ കടന്നാക്രമിക്കാന്‍ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് എന്നതു സംബന്ധിച്ച് ചിലര്‍ ഊഹങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമോ ന്യായീകരണക്കാര്‍ പറയുന്നതുപോലെ പെട്ടെന്നുണ്ടായ പ്രകോപനമോ അല്ല ഇന്ദിരാ ഗാന്ധിക്കു പ്രേരണയായിത്തീര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യപരമായ നിലപാടാണു കാരണം. താന്‍ തെരഞ്ഞെടുക്കപ്പെട്ടതു നിയമാനുസരണമല്ല എന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയെ വെല്ലുവിളിക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതും ഇതു തന്നെ.
സ്വേച്ഛാധിപത്യവും അസഹിഷ്ണുതയും കോണ്‍ഗ്രസ്സിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ, 1977 ലെ പരാജയത്തില്‍നിന്നു ശരിയായ പാഠം പഠിക്കുന്നതിനു പകരം അധികാരംതിരികെ ലഭിച്ചപ്പോള്‍ ജനാധിപത്യ വിരുദ്ധ രീതികളിലേക്കു തിരികെ പോവുകയും രാജീവ് ഗാന്ധിക്കു ചെങ്കോല്‍ കൈമാറുകയും ചെയ്തു. ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്യത്തിന്റെ വക്താവു ചമയുന്ന കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തല്‍ തടയാനുള്ള നിയമമെന്ന പേരില്‍ സെന്‍സര്‍ഷിപ് നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എതിര്‍പ്പുയര്‍ന്നതോടെ ഈ ഗൂഢലക്ഷ്യം നടപ്പാക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ക്കൂടി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ മൂല്യങ്ങളോടുള്ള പുച്ഛവും അധികാര മോഹവും വിളിച്ചോതുന്നു.
ഈ രീതി നമ്മെ അദ്ഭുതപ്പെടുത്തേണ്ടതില്ല. കുടുംബ നിയന്ത്രിതവും ആഭ്യന്തര ജനാധിപത്യം പുലര്‍ത്താത്തതുമായ പാര്‍ട്ടി ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് കെട്ടിപ്പൊക്കിയിരിക്കുന്നതു തന്നെ കുടുംബാധിപത്യത്തിലാണ്. അടിയന്തരാവസ്ഥയെന്ന നാണം കെട്ട അവസ്ഥയിലേക്ക് നയിച്ച സ്വേച്ഛാധിപത്യത്തിന്റെ അടിസ്ഥാനം ആദ്യ പരിഗണന തന്റെ കുടുംബമാണെന്ന സങ്കുചിത മാനസികാവസ്ഥയാണ്.
നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടുങ്ങിയ വ്യക്തിഗത താല്പര്യങ്ങളാല് നയിക്കപ്പെടുന്ന കുടുംബാധിപത്യ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. മൂക്കുകയറിട്ടു. ഇന്നത്തെ ഇന്ത്യയില്‍ ബി.ജെ.പി. മാത്രമാണു ന്യായവും സമത്വവും തുല്യ അവസരവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ഉറപ്പാക്കുന്ന സംഘടന. ജനാധിപത്യത്തിന്റെ ഗുണഫലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വാതില്ക്കല് എത്തിക്കുക വഴി ബി.ജെ.പിയുടെ നയങ്ങള്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറപ്പിച്ചു.
ജനാധിപത്യം കേവലം തെരഞ്ഞെടുപ്പു സംബന്ധിച്ചതോ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനമല്ല. അതു വൈപുല്യമേറിയതും ആഴമേറിയതുമായ സാംസ്കാരിക പ്രതിഭാസമാണ്. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വികസനത്തിനും എല്ലാവര്ക്കും സുരക്ഷയും തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നതിനും നിലകൊള്ളുന്ന ഒന്നാണ്. സുപ്രധാന നിലപാടുകളിലൂടെയും നയങ്ങളിലൂടെയും ഇത് ഉയര്‍ത്തിപ്പിടിക്കുന്നതിനാണു കഴിഞ്ഞ ഏഴു വര്‍ഷമായി എന്‍.ഡി.എ. ഗവണ്മെന്റ് അക്ഷീണ പ്രയത്നം നടത്തിവരുന്നത്.
ഇന്ന് ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളും സഹകരണത്തോടെയും ഏകോപനത്തോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് നാളുകളില്‍ ജുഡീഷ്യറിയെ എക്സിക്യൂട്ടീവിന്റെ ഉപഘടകമായി മാറ്റാനാണ് ശ്രമിച്ചതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ജുഡീഷ്യറി സമ്പൂര്‍ണ്ണമായി സ്വതന്ത്രമാണ്. എപ്പോഴൊക്കെ മാര്‍ഗ്ഗദര്‍ശനം നല്‍കേണ്ടതുണ്ടോ അപ്പോഴൊക്കെ അത് സര്‍ക്കാറിന് വഴികാട്ടുന്നു. മാദ്ധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. ഭാരതത്തിന്റെ പാര്‍ലമെന്ററി സംവിധാനം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു. രാഷ്ട്രീയ ജനാധിപത്യം വിജയിക്കണമെങ്കില്‍ സാമൂഹ്യരംഗത്തും ജനാധിപത്യം പുലരണമെന്നായിരുന്നു ഭരണഘടനാ നിര്‍മ്മാണസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ ബാബാസാഹബ് അംബേദ്കര്‍ ഊന്നിപ്പറഞ്ഞത്.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി ഈ പുരോഗമന ആശയങ്ങള്‍ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിച്ചത്. ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെ ശാക്തീകരിക്കുന്നതിലൂടെ സാമൂഹികമായും സാമ്പത്തികമായും സമത്വം പുലരുന്ന ഒരു രാഷ്ട്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. പൗരത്വ ഭേദഗതി നിയമം, 370 ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ സുപ്രധാന നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പിന്തുണയുടെയും പ്രതിച്ഛായയുടെയും തെളിവാണ്. ഏറെക്കാലമായി ഭാരതം കാത്തിരിക്കുന്ന നിയമ ഭേദഗതികളായിരുന്നു ഇവ. പൗരസമൂഹത്തിന് നീതി ലഭ്യമാക്കുന്നതും ശാക്തീകരിക്കുന്നതുമായ ഇത്തരം നടപടികളെ വിഭാഗീയ പരിഗണനകള്‍ വെച്ച് കോണ്‍ഗ്രസ്സ് എതിര്‍ക്കുകയായിരുന്നു. ശാപഗ്രസ്ഥമായ അതിന്റെ നിലപാടിനെ ന്യായീകരിക്കുന്നതിനെയാണ് കോണ്‍ഗ്രസ്സ് ലജ്ജയില്ലാതെ ജനാധിപത്യത്തെ കൂട്ടുപിടിക്കുന്നത്. ആന്ധ്രാപ്രദേശിനെ വിഭജിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ പാര്‍ലമെന്റില്‍ അവര്‍ കാണിച്ച പ്രകടനങ്ങള്‍ ഇതിന് തെളിവാണ്.
എന്നാല്‍ ഭാരതത്തിലെ പൗരന്മാര് ഇപ്പോള്‍ ജാഗരൂകരാണ്. ദേശീയ സ്വാഭിമാനത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും അന്തരീക്ഷത്തില്‍ യുവാക്കള്‍ കൂടുതല്‍ സുരക്ഷിതരും ശാക്തീകരിക്കപ്പെട്ടവരുമായി മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ നേതാവിനോ രാജ്യത്തിന്റെ ജനാധിപത്യത്തെ മൂല്യങ്ങളെ ഭാവിയില്‍ തകര്‍ക്കാനോ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനോ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: