ഭൗതികമായാലും ആദ്ധ്യാത്മികമായാലും ഇന്നത്തെ ശാസ്ത്രങ്ങളുടെ മുഖമുദ്ര അനാവശ്യസങ്കീര്‍ണ്ണതയും അതിസാങ്കേതികതയുമായിത്തീര്‍ന്നിരിക്കുന്നു. സാധാരണക്കാരന് അവിടെ പ്രവേശം ആലോചിക്കാന്‍കൂടി വയ്യ. ഇതാണോ ശാസ്ത്രധര്‍മ്മം?
അവതരണങ്ങള്‍ വെറും പാണ്ഡിത്യപ്രകടനങ്ങളായി തരം താഴ്ന്നു. ശാസ്ത്രങ്ങള്‍ക്കുപോലും മുതല്‍ക്കൂട്ടാകുന്നുമില്ല. വിവേകം പാലിക്കുന്നതിനുവേണ്ട സാങ്കേതികതയെ ശാസ്ത്രങ്ങളില്‍ ആകാവു. അങ്ങനെ അല്ലെങ്കില്‍ വിദ്യ അവിദ്യയാവും, ജ്ഞാനപ്രകാശം അകത്തും പുറത്തും തെളിയില്ല. ‘ഏകം’ എന്ന മംഗളദീപം തെളിയില്ല.
പാശ്ചാത്യശാസ്ത്രങ്ങള്‍ ഗണിതക്രിയകളില്‍ കുടുങ്ങിക്കിടക്കുന്നു. അവിടെ പേരിനുപോലും അടിസ്ഥാന തത്വങ്ങളോ നിര്‍വ്വചനങ്ങളോ ഇല്ല. പ്രയോഗങ്ങളും സിദ്ധികളും മാത്രം. എല്ലാം പരീക്ഷണശാലയില്‍ കാണാം! പരീക്ഷണശാലയാകട്ടെ ശാസ്ത്രജ്ഞന്റെ പരിസ്ഥിതിയില്‍ മാത്രവുമാകുന്നു. അവിടെ ലഭ്യമാകുന്നത് വിവരങ്ങള്‍ മാത്രം, ജ്ഞാനമല്ല. അളക്കാം, എണ്ണാം, ഗണിക്കാം, പ്രയോഗിക്കാം -അത്രതന്നെ.
സാധാരണക്കാര്‍ അവര്‍ ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക ശരീരവും ഓരോ പ്രത്യേക വ്യക്തിത്വവും ഉണ്ടെന്നു കരുതുന്നു. സാംഖ്യന് തനിക്ക് പ്രത്യേകം വ്യക്തിത്വമുണ്ടെന്നു കരുതുമ്പോള്‍ തന്നെ, എല്ലാവരുടേയും ശരീരങ്ങളും നിര്‍ജ്ജീവപദാര്‍ത്ഥങ്ങളും ചേര്‍ന്ന് ഒരൊറ്റ പ്രകൃതിയാണെന്ന് കരുതുന്നു; പ്രകൃതിയുമായുള്ള ചേര്‍ച്ച കൊണ്ട് വ്യക്തികള്‍ തങ്ങള്‍ക്ക് ഓരോ പ്രത്യേക ശരീരമുണ്ടെന്ന് തെറ്റിദ്ധരിക്കുകയാണ്.
അദൈ്വതിക്ക് പ്രത്യേക ശരീരം മാത്രമല്ല, പ്രത്യേക വ്യക്തിത്വവുമില്ല. ശരീരാഭിമാനിയായി ചിന്തിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും തന്നെ ശാസ്ത്രജ്ഞര്‍ അവിടെ എത്തി എന്ന് വ്യാമോഹിക്കുന്നു. ന്യൂട്ടന്റെ പ്രകൃതിതത്വശാസ്ത്രം സാംഖ്യത്തിന്റെ അടുത്തുനില്ക്കുന്നു. ഇന്നത്തെ ക്വാണ്ടം ഭൗതികം ബൗദ്ധദര്‍ശനങ്ങളുടെ അടുത്തുനില്ക്കുന്നു.
ഗണിതം ഒരു പ്രത്യേക വ്യവഹാരഭാഷ മാത്രമാകുന്നു. അര്ത്ഥകല്പനകള് പുറമെ നിന്നും വരുത്തിച്ചേര്‍ക്കണം. അതിനുള്ള സംവിധാനം ന്യൂട്ടന്റെ പ്രകൃതി തത്വശാസ്ത്രത്തില്‍ (ചമൗേൃമഹ ജവശഹീീെുവ്യ) ഉണ്ടായിരുന്നു, ഇന്നത്തെ ഭൗതികശാസ്ത്രത്തിലില്ല.
അഭ്യാസങ്ങള്‍ നിരര്‍ത്ഥകള്‍ മാത്രമല്ല, നാനാവിധങ്ങളുമായിത്തീര്‍ന്നിരിക്കുന്നു. ബബേല്‍ ഗോപുരം ഇതിലും എത്രയോഭേദം. പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞന് നിശ്ചയിക്കുന്നു, പരിഹരിച്ചെന്ന് അയാള്‍തന്നെ അവകാശപ്പെടുകയും ചെയ്യുന്നു. പലപ്പോഴും മറ്റൊരു ശാസ്ത്രജ്ഞന് പിടികൊടുക്കുന്നുപോലുമില്ല. ന്യൂട്ടന്റെ ശാസ്ത്രം തിരസ്കരിക്കപ്പെട്ടപ്പോള്‍ അസംഖ്യം സമ്പ്രദായങ്ങളായി അസമ്പ്രദായത്തിലും പൂര്‍ണ്ണ അരാജകത്വത്തിലും എത്തിനില്‍ക്കുന്നു.
ഇവിടെയും കാര്യങ്ങള്‍ വളരെ മെച്ചമൊന്നുമല്ല. പഴമ സംസ്കൃതഭാഷയിലെ സാങ്കേതികപദങ്ങളിലും വ്യാകരണത്തിലും പ്രക്രിയകളിലും കുടുങ്ങിക്കിടക്കുന്നു. അര്‍ത്ഥകല്പനയ്ക്ക് ഇവിടെയും ആളില്ല. പഴമയുടെ പിന്തുടര്ച്ച മുറിഞ്ഞ് അടിസ്ഥാനം നഷ്ടപ്രായമായി. അറിഞ്ഞും അറിയാതെയും മെക്കാളെ പ്രഭു ബാധിച്ച ആചാര്യന്മാരാണ് ഇന്ന് നമുക്കുള്ളത്.
ഇന്ന് ഭാരതീയ ആത്മീയത എന്ന പേരില്‍ അറിയപ്പെട്ടുവരുന്നത് അഭിനവമെക്കാളെമാര്‍ എഡിറ്റു ചെയ്ത് വികലമായക്കിയ അവിവേകത്തിന്റെ സന്തതികളാകുന്നു. പാശ്ചാത്യചിന്തയില്‍ ‘ആത്മാവ്-അനാത്മാവ്’ എന്ന വര്‍ഗ്ഗീകരണം പോലുമില്ല. പലവിധങ്ങളില്‍ കൂട്ടിക്കലര്‍ത്തി നാനാവിധമാക്കി അവതരിപ്പിച്ചാല്‍ ‘ഭാരതീയ’ മായി എന്ന് അവര്‍ കരുതുന്നു.
അദൈ്വതത്തില്‍ പരമസത്യം രണ്ടല്ലന്നേ പറയുന്നുള്ളു. വിവേകം പാലിക്കാന്‍ നിഷ്കര്‍ഷിക്കുന്നുമുണ്ട്. ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഒരു ശാസ്ത്രത്തിലുമില്ല, ഒരു ശാസ്ത്രവും നല്‍കുന്നില്ല, അത് ശാസ്ത്രീയവുമല്ല. സ്വകപോലകല്പനകള്‍ പ്രസക്തമാകേണമെങ്കില്‍ മെനക്കെട്ട് ഒരു സമ്പ്രദായമായി ചിട്ടപ്പെടുത്തുകതന്നെ വേണം. പഠിക്കാതെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് മനുഷ്യന്റെ തീരാശാപം.
ആദിശങ്കരാചാര്യരും സമീപശിഷ്യന്മാരും ചിട്ടപ്പെടുത്തിയ ഭാരതത്തിന്റെ അദൈ്വതജ്ഞാനശാസ്ത്രം ഇന്ന് ഇവിടെ നിലവിലുണ്ടോ? വിദ്യാരണ്യസ്വാമികളുടെ പഞ്ചദശിയോടെ ആ കാലം അവസാനിച്ചു എന്നു പറയാം. പാശ്ചാത്യതയുടെ അതിപ്രസരത്തില്‍, സനാതനമായിരിക്കേണ്ടുന്ന ഭാരതത്തിന്റെ ബ്രഹ്മവിദ്യാസമ്പ്രദായം നഷ്ടപ്രായമായി. അസമ്പ്രദായങ്ങളില്‍ നിന്നു തുടങ്ങേണ്ട ഗതികേടിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്.
കാലഹരണം വന്ന പഴയ വാദപ്രതിവാദങ്ങളെ പൊടിതട്ടിയെടുത്ത് ആവര്‍ത്തിച്ചതുകൊണ്ടോ, ഇന്നത്തെ ലോകത്തിന്റെ ജീവന്മരണ പ്രശ്നങ്ങളെ അടച്ച് നിസ്സാരവല്‍ക്കരിച്ചതുകൊണ്ടോ, ഒറ്റമൂലി പരിഹാരങ്ങള്‍ നിര്‍ദേശിച്ചതുകൊണ്ടോ കാര്യമില്ല. ഏതു ശാസ്ത്രവും ജീവിതഗന്ധിയായാലെ പ്രസക്തി കൈവരികയുള്ളു, പ്രചാരത്തില്‍ വരികയുള്ളു. ലോകര്‍ക്ക് സ്വീകാര്യമാവുകയുള്ളു. മനുഷ്യന്റെ എക്കാലത്തേയും ആവശ്യം ലോകമംഗളമാകുന്നു, ഉറക്കഗുളികളല്ല.
പാശ്ചാത്യചിന്തകള്‍ കൂടി ഉള്‍ക്കൊള്ളാനും അവ പരിഷ്കരിക്കാനുമുള്ള ഉള്‍ക്കരുത്ത് അദൈ്വതവേദാന്തത്തിനുണ്ട് എന്നതു മാത്രമാണ് ഇന്ന് ഇവിടെ ചൂണ്ടിക്കാണിക്കാനുള്ള ഏക ശുഭസൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: