ബ്രഹ്മത്തിന്റെ സഗുണ-നിര്‍ഗുണ രൂപങ്ങളാണ് സമസ്തവും. സമഷ്ടിസ്വരൂപനായി, വിരാഡ്രൂപത്തില്‍ പ്രകാശിക്കുകയാണ് സഗുണബ്രഹ്മം. സര്‍ഗപ്രക്രിയയ്ക്ക് ഹേതുവായി നില്‍ക്കുന്നത് സഗുണബ്രഹ്മമാകുന്നു.
തസ്മാദൃചഃ സാമ യളംഷി ദിക്ഷാ
യജ്ഞാശ്ച സര്‍വേ ക്രതവോ
ദക്ഷിണാശ്ച
സംവത്സരശ്ച യജമാനശ്ച ലോകാഃ
സോമോ യത്ര പവതേ യത്ര സൂര്യഃ (2:1:6)
അക്ഷരബ്രഹ്മത്തില്നിന്നുതന്നെയാണ് ഋക്ക്, യജുസ്സ്, സാമം എന്ന മൂന്നുവേദങ്ങളും അനുഷ്ഠിക്കേണ്ട വ്രതങ്ങളും യജ്ഞങ്ങളും ക്രതുക്കളും ദക്ഷിണകളും ഉണ്ടായിട്ടുള്ളത്. യജമാനനും സൂര്യചന്ദ്രന്മാര് പ്രകാശിക്കുന്ന ലോകങ്ങളും ഉണ്ടായിട്ടുള്ളത്.
രണ്ടാം മുണ്ഡകത്തില്‍ രണ്ടാം ഖണ്ഡത്തില്‍ ബ്രഹ്മപ്രാപ്തിയ്ക്കുള്ള മാര്‍ഗം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഹൃദയഗുഹയില്‍ സഞ്ചരിക്കയാണ് ബ്രഹ്മചൈതന്യം. ആ ചൈതന്യം ഇന്ദ്രിയങ്ങളിലൂടെ പ്രകാശിക്കും. അത് ചലിച്ചുകൊണ്ടേയിരിക്കും. അണുവിനേക്കാള്‍ അണുവായ അതില്‍ സമസ്തലോകങ്ങളും സ്ഥിതിചെയ്യുന്നു. ഓങ്കാരമാകുന്ന വില്ലില്‍ ആത്മാവാകുന്ന ശരംതൊടുത്ത്, ബ്രഹ്മമാകുന്ന ലക്ഷ്യത്തിന്റെ നേരെ എയ്യുക. അതാണ് സാക്ഷാത്കാരത്തിന്റെ മാര്‍ഗം. ഓങ്കാരഭാവന ഉപനിഷത്തുകളില്‍ പലവിധത്തില്‍ കാണാം. ശരീരം വില്ല്, ഓങ്കാരം ശരം, മനസ്സ് അതിന്റെ മുന, തമസ്സ് ഉന്നം, ബ്രഹ്മം അന്തിമലക്ഷ്യം. ഇങ്ങനെയും ഭാവനയുണ്ട് ഉപനിഷത്തില്‍. ബ്രഹ്മചൈതന്യവുമായി തന്മയീഭവിക്കാന്‍ ഉപനിഷദൃഷി ധ്യാനയോഗമാണ് വിധിച്ചിരിക്കുന്നത്.
ഈ മന്ത്രം നോക്കുക:
ഭിദ്യതേ ഹൃദയഗ്രന്ഥി-
ശ്ഛിദ്യന്തേ സര്‍വസംശയാഃ
ക്ഷീയന്തേ ചാസ്യ കര്‍മാണി
തസ്മിന് ദൃഷ്ടേ പരാവരേ (2:2:9)
ആത്മാവ് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഹൃദയത്തിന്റെ കെട്ടുകളാകവേ പൊട്ടുന്നു. എല്ലാ സംശയങ്ങളും നശിക്കുന്നു. കര്‍മങ്ങള്‍ ക്ഷയിക്കുകയും ചെയ്യുന്നു.
ഏകാത്മകമായ സത്യത്തെ സാക്ഷാത്കരിക്കുമ്പോള്‍ ഭേദചിന്ത ഉണര്‍ത്തുന്ന എല്ലാ കാമബന്ധങ്ങളും പൊട്ടിത്തകരും. സ്ഥാനത്തും അസ്ഥാനത്തും ഉയിരെടുക്കുന്ന സംശയങ്ങളെല്ലാംതന്നെ മുറിഞ്ഞുവീഴും. പാപങ്ങളെല്ലാമേ ഒടുങ്ങുകയും ചെയ്യും. അവിദ്യാകാമകര്മങ്ങളാണ് ഇവിടെ ഹൃദയത്തിന്റെ കെട്ടുകള്‍. ‘കെട്ടുകളറ്റേ മുക്തിവരൂ’ എന്ന് എഴുത്തച്ഛന്. യഥാര്‍ത്ഥജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും സംശയങ്ങളുണ്ടാവില്ലല്ലോ.
പ്രകാശമാനമായ ചിദാകാശത്തില് ധര്മ്മാധര്മ്മങ്ങളോ പാപപുണ്യങ്ങളോ ഒന്നും ഏല്ക്കുകയില്ല. നിരവയവും നിരാകാരവുമായ ബ്രഹ്മതത്വമാണിവിടെ വിളങ്ങുന്നത്. എല്ലാ തേജസ്സുകളുടെയും തേജസ്സാണത്.
ഗംഭീരോദാരമായ ഈ മന്ത്രം ശ്രദ്ധിക്കുക:
‘ന തത്ര സൂര്യോഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോഭാന്തി കുതോ/യമഗ്നിഃ
തമേവ ഭാന്തമനുഭാതി സര്‍വം
തസ്യ ഭാസാ സര്‍വമിദം വിഭാതി (2:2:11)
ഇവിടെ പ്രകാശം ചൊരിയുന്നത് സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ അല്ല. മിന്നല്പ്പിണരുകളുമല്ല. അഗ്നി അല്ലേയല്ല. പ്രകാശിക്കുന്ന അതിനെ ആശ്രയിച്ച് പ്രകാശിക്കുന്നവയാണ് എല്ലാം. അതിന്റെ പ്രകാശംകൊണ്ട് എല്ലാം പ്രകാശിക്കുന്നു.
സര്‍വശ്രേഷ്ഠമായ ഈ മഹാചൈതന്യത്തിന്റെ ദിവ്യസാന്നിധ്യം എവിടെയുമുണ്ട്.
‘ബ്രഹ്മൈ വേദമമൃതം പുരസ്താത് ബ്രഹ്മ
പശ്ചാത് ബ്രഹ്മദക്ഷിണതശ്ചോത്തരേണ
അഥശ്ചോര്ദ്ധ്വം ച പ്രസൃതം
ബ്രഹ്മൈവേദം വിശ്വമിദം വരിഷ്ഠം (2:2:12)
മുമ്പിലും പിമ്പിലും വലത്തും ഇടത്തും മുകളിലും താഴെയും കാണുന്നതെല്ലാം ബ്രഹ്മമാകുന്നു. എന്തിനേറെ? ഈ കാണുന്ന ജഗത്താകവേ ബ്രഹ്മമയം. അനശ്വരമായത് ഒന്നുമാത്രം. ബ്രഹ്മം.
വിശ്വചൈതന്യത്തിന്റെ ഏകത്വമാണ് മുണ്ഡകോപനിഷത്ത് വെളിപ്പെടുത്തുന്നത്. മൂന്നുലോകമുണ്ട് – മനുഷ്യലോകം, പിതൃലോകം, ദേവലോകം. മനുഷ്യലോകംപുത്രനെക്കൊണ്ടും പിതൃലോകം യാഗംകൊണ്ടും ദേവലോകം വിദ്യകൊണ്ടും ജയിക്കാം. ആയിരം വര്‍ഷം യാഗം ചെയ്താലും ഫലമില്ല; കൃപണനേ അതുചെയ്യുകയുള്ളു, ബ്രഹ്മണന് ബ്രഹ്മത്തെ അറിയുന്നു എന്ന് ബ്രഹ്മവിദ്യയുടെ മഹത്വം മുണ്ഡകം ഉല്ഘോഷിക്കുന്നു.
യജ്ഞത്തില്‍ ഭ്രമിച്ചവരെ മുണ്ഡകം കണക്കറ്റ് അധിക്ഷേപിക്കുന്നുണ്ട്. ഒന്നാം മുണ്ഡകം രണ്ടാം ഖണ്ഡത്തിലെ ഏഴുമുതല്‍ പതിമൂന്നുവരെയുള്ള മന്ത്രങ്ങള്‍ നോക്കുക. യജ്ഞങ്ങള്‍ ഉറപ്പില്ലാത്ത തോണികളാണ്. ചീത്തയായ കര്‍മങ്ങളാണ്. ഇവയില്‍ ഭ്രമം പൂണ്ടവര്‍ ജീര്ണിച്ചുമരിക്കും. പ്രമൂഢര് എന്നാണ് അംഗിരസ്സ് ഇവരെ വിശേഷിപ്പിക്കുന്നത്.
ബ്രഹ്മത്തിന്റെ ഭാവപരമായ ഔന്നത്യവും രൂപപരമായ ഔചിത്യവും അംഗിരസ്സ് ശൗനകനുപറഞ്ഞുകൊടുക്കുന്നു. മഹര്‍ഷി ഗൃഹസ്ഥാശ്രമിയ്ക്ക് അങ്ങനെ മാര്‍ഗനിര്‍ദേശം നല്കുകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: