ഭാഗവതം ഭഗവാന് തന്നെ എന്നാണ് സജ്ജനങ്ങള്‍ പറയുന്നത്. ഭാഗവതത്തിന്റെ മഹത്വം വെളിവാക്കുന്ന കഥ പത്മപുരാണത്തില്‍ ഉണ്ട്. അതു കേട്ടോളൂ!
ഒരിക്കല്‍ സനകാദികള്‍ ബദര്യാശ്രമത്തിലെത്തി. സനകന്‍, സനന്ദന്‍, സനാതനന്, സനല്കുമാരന് എന്നിവരാണ് സനകാദികള്‍ എന്നറിയപ്പെടുന്നത്. അവര്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ്. അതായത് അവരെ ഒരമ്മ പ്രസവിച്ചതല്ല. ബ്രഹ്മാവിന്റെ സങ്കല്പ്പത്താല് സ്വയം ജാതരായവരാണ്. അവര്‍ ഉഗ്രതപസ്വികളും ജ്ഞാനികളുമാണ്. അവര്‍ക്കെന്നും അഞ്ചുവയസ്സുമാണ്.
സനകാദികള്‍ ബദര്യാശ്രമത്തിലെത്തിയപ്പോള് ദുഃഖിച്ചിരിക്കുന്ന നാരദമുനിയെ കണ്ടു. അവര്‍ നാരദരുടെ ദുഃഖകാരണം അന്വേഷിച്ചു.
നാരദര് പറഞ്ഞു:-
ഞാന്‍, ലോകങ്ങളില്‍ വെച്ച് ഉത്തമം ഭൂലോകമാണെന്നു കരുതി ഭൂമിയിലെത്തി. എന്നാല്‍ ഭൂമി കലിബാധയാല്‍ നരകതുല്യമായിരിക്കുന്നു. ആര്‍ക്കും സത്യം പാലിക്കുന്നതില്‍ താല്‍പ്പര്യമില്ല. ചെറിയ നേട്ടത്തിനായിപ്പോലും കളവു പറയുന്നു. പരസ്പരം ചതിപ്രയോഗങ്ങള്‍ നടത്തുന്നു. ദയ, ദാനം, തപസ്സ്, ശുചിത്വം എന്നിവ ആര്‍ക്കുമില്ല. എല്ലാവരും ധര്‍മ്മം വെടിഞ്ഞവരായിരിക്കുന്നു. ഭൂമിയില്‍ ജനവാസം ദുഃസഹമായിരിക്കുന്നു. ഏവരും ശിഷ്ടാചാരം വെടിഞ്ഞ് ദുരാചാരം അനുഷ്ഠിക്കുന്നു. ഹിംസ, മദ്യപാനം, ചൂതാട്ടം എന്നിവയില്‍ താല്പ്പര്യമുള്ളവരായിരിക്കുന്നു. അന്നദാനത്തിനു പകരം അന്നം വിറ്റു ധനം സമ്പാദിക്കുന്നു. സ്ത്രീകളാകട്ടെ വിത്താശകൊണ്ടു വ്യഭിചരിക്കുന്നു. ഞാന്‍ യാത്രക്കിടയില്‍ യമുനാതീരത്തെത്തിയപ്പോള് ഒരദ്ഭുത കാഴ്ച കണ്ടു.
ഒരു യുവതിയായ അമ്മ അവരുടെ വൃദ്ധരായ രണ്ടു മക്കളെ ഇരുവശത്തും കിടത്തി ശുശ്രൂഷിക്കുന്നു. സങ്കടംകൊണ്ട് ആ അമ്മ കരയുകയും ചെയ്യുന്നു. മക്കള്‍ക്ക് എഴുന്നേല്ക്കാന് കൂടി ആരോഗ്യമില്ല!
എന്നെ കണ്ടപ്പോള്‍ അമ്മയുടെ സങ്കടം ചിറപൊട്ടി ഒഴുകി. എന്റെ കാല്ക്കല് വീണ് മക്കളെ രക്ഷിക്കാനപേക്ഷിച്ചു. ഞാന്‍ അവരാരെന്ന് അന്വേഷിച്ചു. ദുഃഖകാരണവും ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു.
ഞാന്‍ ഭക്തിയാണ്. എന്റെ മക്കളായ ജ്ഞാന വൈരാഗ്യങ്ങളാണ് ഇവരിരുവരും. ഞങ്ങളുടെ നാട് ദ്രാവിഡ ദേശമാണ്. കലികാലം വന്നതോടെ ഞങ്ങള്‍ ദുര്‍ബലരായി. ഞങ്ങള്‍ ആരോഗ്യവും യുവത്വവും നേടാന്‍ പല ദിക്കിലും തീര്‍ത്ഥാടനം നടത്തി. കര്‍ണാടകത്തിലും മഹാരാഷ്ട്രത്തിലും ഗുജറാത്തിലുമെത്തി. വൃന്ദാവനത്തിലും എത്തി. അദ്ഭുതകരമായി എന്റെ യൗവ്വനം തിരിച്ചുകിട്ടി. പക്ഷെ എന്റെ മക്കളിപ്പോഴും അവശര്‍ തന്നെ അങ്ങു ഞങ്ങളെ രക്ഷിക്കണം.
കലിബാധകൊണ്ടാണ് ഭക്തിജ്ഞാന വൈരാഗ്യങ്ങള്‍ ക്ഷീണിച്ചതെന്ന് ഞാന്‍ ചിന്തിച്ച് അവര്‍ക്ക് വേദോപദേശം നല്കി രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്റെ എല്ലാ പരിശ്രമങ്ങളും വിഫലമായി. ഞാനാകെ കഷ്ടത്തിലായി. ആ അമ്മയെ രക്ഷിക്കാനാകാത്തതില്‍ വിഷമിച്ചിരിക്കെ ഒരശരീരി ശബ്ദം കേട്ടു. ”നാരദരെ സത്കര്‍മം ചെയ്യൂ! വിജയിക്കും.”
എന്താണ് സത്കര്‍മം എന്നന്വേഷിച്ച് ഞാന്‍ എല്ലാ മഹാന്മാരേയും അവരുടെ ആശ്രമങ്ങളേയും സമീപിച്ചു. നാളിതുവരെ ആ അശരീരിയില്‍ പറഞ്ഞ സത്കര്മമെന്തെന്ന് ആരും പറഞ്ഞുതന്നില്ല. അതാണ് എന്റെ സങ്കടം. ആ അമ്മയെ സഹായിക്കാനായില്ലെങ്കില്‍ ഈ ജന്മംകൊണ്ട് എന്തു ഫലം?
നാരദരുടെ കഥ കേട്ടു സനകാദികള്‍ ഊറിച്ചിരിച്ചു. സനകാദികള്‍ നാരദരോടു പറഞ്ഞു. നാരദരെ അമൃതകലശം കയ്യിലിരിക്കെ മറ്റു മരുന്നന്വേഷിക്കേണ്ട കാര്യമെന്ത്. ഭക്തിജ്ഞാന വൈരാഗ്യങ്ങളെ ശക്തിപ്പെടുത്തുന്ന ദിവ്വൗഷധമായ ഭാഗവതം അങ്ങയ്ക്കു സ്വാധീനമല്ലെ? പിന്നെ എന്തിനു മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കണം? സനകാദികളുടെ വാക്കു കേട്ടു നാരദരും വിസ്മയിച്ചു. കാര്യം ശരിയാണല്ലോ. പണ്ടു ഇതിഹാസ പുരാണങ്ങളെല്ലാം എഴുതിയിട്ടും മനോദുഃഖമകറ്റാനാവാത്ത വ്യാസമഹര്‍ഷിയുടെ ദുഃഖമകറ്റാന്‍ ഭാഗവത പുരാണം പ്രയോഗിച്ചതു താന്‍ തന്നെയല്ലേ? അന്നു വ്യാസനെ കൃതാര്ത്ഥനാക്കിയത് ഭാഗവത രചന തന്നെ.
പുതിയ വെളിച്ചം കിട്ടിയ നാരദന് സനകാദികളെക്കൊണ്ടുതന്നെ ഭാഗവത കഥാകഥനം നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കി. സനകാദികള്‍ ഭാഗവത കഥാകഥനം നടത്തുന്നു എന്നു കേട്ട് നാനാദിക്കുകളില്‍നിന്നും സജ്ജനങ്ങള്‍ ഒത്തുകൂടി. നദികളും പര്‍വ്വതങ്ങളും തീര്ത്ഥസ്നാനങ്ങളും കൂടി മനുഷ്യരൂപമാര്‍ന്ന് കഥ കേള്ക്കാനെത്തിയത്രേ. പോരാ! വേദോപനിഷത്തുക്കളും കഥകേള്ക്കാനെത്തിയെന്നു പറഞ്ഞാല്‍ ഭാഗവത കഥകളുടെ പ്രാധാന്യം മറ്റെന്തു പറയാന്‍!
ഈ കഥാകഥനത്തിനിടക്ക് ഒരാശ്ചര്യമുണ്ടായി. ഭക്തിമാതാവ് യുവത്വം തിരിച്ചുകിട്ടിയ മക്കളോടൊത്ത് അവിടെയെത്തി ആനന്ദ നൃത്തമാടി. ഭക്തിയും മക്കളും സര്‍വാലങ്കാര വിഭൂഷിതരായി ആടിപ്പാടിവരുന്നതുകണ്ട് സദസ്യരെല്ലാം കോള്‍മയിരണിഞ്ഞു. യുവകോമളന്മാരായ ജ്ഞാനവൈരാഗ്യങ്ങളെ അവര്‍ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്തു.
ഭക്തി പറഞ്ഞു: കലിദോഷം കൊണ്ട് വികൃതമാക്കപ്പെട്ട എന്റേയും മക്കളുടേയും ആരോഗ്യം കഥാശ്രവണത്താല്‍ വീണ്ടുകിട്ടിയിരിക്കുന്നു. ഇനി ഞങ്ങള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടമേതെന്നു പറഞ്ഞു തന്നാലും.
സനല്‍കുമാരന്മാര്‍ പറഞ്ഞു:-സാക്ഷാല്‍ കൃഷ്ണസ്വരൂപിയും പ്രേമസ്വരൂപിയും ക്ലേശഹാരിയുമായ നീ ഭക്തഹൃദയങ്ങളെ വാസസ്ഥാനമാക്കി അവിടെ പൂര്‍ണമായും അധിവസിക്കുക. ഭക്തഹൃദയത്തില് മറ്റൊന്നിനും ഇടംകൊടുക്കാതിരിക്കുക. ഭക്തഹൃദയത്തെ വൈകുണ്ഠമാക്കുക. ആ വൈകുണ്ഠത്തില്‍ ഭഗവാനും സ്ഥിരതാമസമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: