തൃക്കൊടിത്താനം: വീട് കയറി വീട്ടമ്മയെ ആക്രമിച്ചശേഷം ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. വേഷ്ണാല്‍ സ്വദേശിയായ അഭിജിത്ത്, ജിത്തു പ്രകാശ്, കട്ടപ്പന സ്വദേശി ജിനീഷ് (കുട്ടന്) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ ജിനീഷിനെ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു.
കഴിഞ്ഞ 18നാണ് അക്രമ മുണ്ടായത്. നാലുകോടി വേഷ്ണാല്‍ ഭാഗത്തുള്ള സനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സനീഷിന്റെ ഭാര്യയെ അക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെ യ്തശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു
മുണ്ടക്കയം പെരുവന്താനത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉണ്ടായ സംശയം മുണ്ടക്കയം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃക്കൊടിത്താനത്ത് വീട് അക്രമിച്ചകേസിലെ പ്രതികളാണ് ഇവരെന്ന് മനസിലാക്കുകയും തൃക്കൊടിത്താനം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസെത്തിയെങ്കിലും കെഎസ്ആര് ടിസി ബസില്‍ കയറി ഇവര്‍ രക്ഷപ്പെട്ടു.
പിന്തുടര്ന്നെത്തിയ പോലീസ് 40-ാം മൈല്‍ ഭാഗത്ത് എത്തിയ ബസ് തടയുകയും ബസില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികള്‍ സമീപത്തെ കാടിനുള്ളിലേയ്ക്ക് കയറി. പിന്നീട് നാട്ടുകാരുടെയും മുണ്ടക്കയം പോലീസിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലില്‍ പ്രതികളെ പിടികൂടി കസ്റ്റഡിലെടുത്തു.
മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതിക്കെതിരെ വീട്ടുടമയായ സനീഷ് മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെചൊല്ലിയുള്ള തര്‍ക്കവുമായിരുന്നു സനീഷിന്റെ വീട് അക്രമിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മുന്‍പ് കള്ള്ഷാപ്പ് അടിച്ചു തകര്‍ത്ത് പണം കവര്‍ന്ന കേസിലെയും വധശ്രമക്കേസിലെയും പ്രതികളായ ഇവര്‍ സമീപസ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസിലെ പ്രതികളാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃക്കൊടിത്താനം സിഐ ഇ. അജീബ്,എസ്ഐ അഖില്‍ദേവ്, എസ്ഐ പ്രദീപ്, സിപിഒമാരായ പ്രതീഷ്, ജോര്‍ജ് തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: