കോഴിക്കോട്: ചാണകം ബ്രാന്‍ഡ് ചെയ്തു വില്‍ക്കാനൊരുക്കി പിണറായി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനം. മില്‍മയുടെ അനുബന്ധ സ്ഥാപനമായ പ്രവര്‍ത്തിക്കുന്ന മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷനാണ് (എംആര്‍ഡിഎഫ്) ചാണകം ബ്രാന്‍ഡ് ചെയ്ത് വീടുകളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. വലിയ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കാവുന്ന രീതിയില്‍ മാര്‍ക്കറ്റ് പിടിക്കാനാണ് സര്‍ക്കാര്‍ സ്ഥാപനം ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പാക്കറ്റുകളില്‍ ചാണകം അളന്ന് തൂക്കി മാര്‍ക്കറ്റുകളില്‍ എത്തിക്കും. ചാണകം പൊടിയായിട്ടാണ് ആദ്യഘട്ടത്തില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.
1, 2, 5,10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണു വില. വന്‍കിട കര്‍ഷകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അതത് സ്ഥലങ്ങളിലും എത്തിച്ച് നല്‍കും. കൃഷിവകുപ്പ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, സര്‍ക്കാരിന്റെ ഫാമുകള്‍ എന്നിവയ്‌ക്കായി വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ പിണറായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനു വേണ്ടി വലിയ അളവില്‍ ചാണകം ഈ സര്‍ക്കാര്‍ സ്ഥാപനം നല്‍കുന്നുണ്ട്. ക്ഷീരസംഘങ്ങളോടനുബന്ധിച്ചു കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് എംആര്‍ഡിഎഫ് ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്.
നേരത്തെ, ഓര്‍മ്മ ശക്തിയും ഏകാഗ്രതയും, വര്‍ദ്ധിപ്പിക്കാനായി പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മരുന്നുകള്‍ പിണറായി സര്‍ക്കാര്‍ വിപണിയിലെത്തിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധിയാണ് മരുന്ന് വിപണിയില്‍ എത്തിക്കുന്നത്. ‘പഞ്ചഗവ്യ ഘൃതം’ എന്ന പേരില്‍ പുറത്തിറക്കിയ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ഞപ്പിത്തത്തിനും പനിക്കും അപസ്മാരത്തിനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് ഔഷധിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്.
എന്നാല്‍, പശുവിന്റെ ചാണകവും ഗോമൂത്രവും ഔഷധമാണെന്ന് തെളിഞ്ഞതോടെ സിപിഎം അനുഭാവികളും ചില സംഘടനകളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് സത്യം തെളിഞ്ഞതിന്റെ നാണക്കേട് ഒഴിവാക്കാന്‍ പഞ്ചഗവ്യ ഘൃതത്തിന്റെ ചേരുവകള്‍ ഇപ്പോള്‍ ഔഷധിയുടെ വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. വാര്‍ത്തയെ തുടര്‍ന്ന് ഇടതുപക്ഷ അനുകൂല സംഘടന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു വിഭാഗമായ സ്യൂഡോ സയന്‍സ് യൂസൈംഗ് ലോ ആന്റ് എത്തിക്സ് (ക്യാപ്‌സ്യൂള്‍) സംസ്ഥാന ഗ്രഡ്സ് കണ്‍ട്രോളറിനും ആയുര്‍വേദത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറിനും പരാതി നല്‍കി. ഔഷധിയുടെ വെബ്‌സൈറ്റിലെ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് ഉത്പന്നത്തിന്റെ വിശദാംശങ്ങളും ഇ-ഷോപ്പിങും വെബ്സെറ്റില്‍ നിന്ന് ഒഴിവാക്കിയത്.
കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരും ഔഷധിയാണ്. പിണറായി സര്‍ക്കാര്‍ ഉത്തരേന്ത്യയില്‍ ഗോക്കളെ ആരാധിക്കുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഗോവധം നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരെ നിയമസഭയില്‍വരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. ലക്ഷദ്വീപിലടക്കം ഉറക്കിയ ഗോവധ നിരോധന സര്‍ക്കുലറിനെതിരെ കഴിഞ്ഞ ആഴച്ച നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് സംസാരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: