കരമന: ലക്ഷങ്ങള്‍ വിലയുള്ള ഹിറ്റാച്ചികള്‍ എരുമക്കുഴിയില്‍ തള്ളിയ നഗരസഭാ ഭരണകര്‍ത്താക്കള്‍ കോടികള്‍ വിലയുള്ള കോംപാക്ടറുകളെയും നാശത്തിലേക്ക് തള്ളിവിടുന്നു. ഒരുകോടി ഇരുപതുലക്ഷം രൂപ മുടക്കി ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന രണ്ട് കോംപാക്ടറുകളാണ് നഗരസഭയ്‌ക്കുള്ളത്. ആയിരത്തി അഞ്ഞൂറ് ചതുരശ്ര അടി കപ്പാസിറ്റിയുള്ള കോംപാക്ടര്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വാങ്ങിയതാണ്.
സാധാരണ ഒരു ടിപ്പറില്‍ കൊള്ളുന്നതിന്റെ അഞ്ചിരട്ടി മാലിന്യം കോംപാക്ടറില്‍ നിറയ്‌ക്കാന്‍ സാധിക്കും. നിറയ്‌ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമര്‍ത്തി വയ്‌ക്കാനും സാധിക്കും എന്നതാണ് കോംപാക്ടറിന്റെ പ്രത്യേകത. കാണാതായ ഹിറ്റാച്ചികള്‍ അന്വേഷിച്ച് കണ്ടെത്തിയ ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ആണ് കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാതെ കട്ടപ്പുറത്തായ കോംപാക്ടറുകളും കണ്ടെത്തി വിവരം പുറംലോകത്തെ അറിയിച്ചത്. കോംപാക്ടര്‍ കട്ടപ്പുറത്തായതോടെ ടിപ്പറുകള്‍ വാടകയ്‌ക്കെടുത്താണ് നഗരസഭ ശുചീകരണ വിഭാഗം ശേഖരിക്കുന്ന മാലിന്യം മാറ്റുന്നത്.
ടിപ്പറുകളില്‍ സാധാരണലോഡ് മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുന്നുള്ളൂ. അങ്ങനെ ടിപ്പറുകള്‍ക്ക് കൂടുതല്‍ ട്രിപ്പടിക്കേണ്ടിവരുന്നു. ടിപ്പര്‍ മുതലാളിമാര്‍ക്ക് കൂടുതല്‍ തുക ഈടാക്കാനും കഴിയുന്നു. നഗരസഭ വാടകയ്‌ക്ക് എടുക്കുന്ന ടിപ്പറുകള്‍ കൂടുതലും സിപിഎം നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും കരമന അജിത്ത് ആരോപിക്കുന്നു. നഗരഭരണം കൈയ്യാളുന്നവര്‍ക്ക് ഇതൊക്കെ നിസ്സാരമായിരിക്കാം. എന്നാല്‍ പൊതുജനങ്ങളുടെ പണമായതിനാല്‍ അവര്‍ക്ക് വേണ്ടിയാണ് താനിത് ചോദ്യം ചെയ്യുന്നതെന്നും കരമന അജിത്ത് പറഞ്ഞു.
നഗരസഭ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മേയറെ ആരെങ്കിലും റിമോര്‍ട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിച്ചാണോ ഇത്തരത്തില്‍ നിരന്തരം കുഴിയില്‍ ചാടിക്കുന്നതെന്ന് അജിത് ചോദിക്കുന്നു. അങ്ങനെ ആണെങ്കില്‍ സിപിഎം അത് അവസാനിപ്പിക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കരമന അജിത്ത് കൂട്ടിച്ചേര്‍ക്കുന്നു. തിരുവനന്തപുരം നഗരസഭ കോടികള്‍ ചെലവഴിച്ചു വാങ്ങിച്ച കോംപാക്ടര്‍ അറ്റകുറ്റപ്പണി ചെയ്യാതെ കട്ടപ്പുറത്തായ നിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: