കുന്നംകുളം: മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവുള്‍പ്പെടെയുള്ള കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്കി ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കുന്നംകുളം കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടില്‍ സുരേഷ് ബാബുവിനെ (ബാബുട്ടന്) ഒറ്റപ്പിലാവ് ബസ് സ്റ്റോപ്പില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പ്രതികളെയാണ് ശിക്ഷയില്‍ ഇളവ് നല്കി മോചിപ്പിച്ചത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറിയച്ഛന്റെ മകന് മുഹമ്മദ് ഹാഷിം, മുന്‍ എംഎല്‍എ ബാബു എം. പാലിശ്ശേരിയുടെ അനുജന് ബാലാജി എം. പാലിശ്ശേരി എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ശിക്ഷാ കാലാവധിയുടെ പകുതി പോലും പൂര്‍ത്തിയാകും മുന്‍പ് ഇളവ് നല്കി വിട്ടിരിക്കുന്നത്. 2017ലാണ് സുപ്രീംകോടതി 326-ാം വകുപ്പ് പ്രകാരം കേസിലെ പ്രതികള്‍ക്ക് ഏഴു വര്‍ഷത്തെ തടവ് വിധിച്ചത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറിയായിരുന്ന ബാലാജി എം. പാലിശ്ശേരിയെ കോലൊളമ്പ് നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചുമതലയില്‍ നിന്നു തരം താഴ്ത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു സുപ്രീംകോടതി വിധി വന്നത്.
ജയില്‍വാസം അനുഭവിക്കുന്നതിനിടെ കൊലക്കേസ് പ്രതിയായ മുഹമ്മദ് ഹാഷിം മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന മകളുടെ കല്യാണത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: