തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള ത്രിതല നിയന്ത്രണ സംവിധാനം പൗര കേന്ദ്രീകൃതമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഡിജിറ്റല്‍ മാധ്യമ നൈതിക നിയമാവലി പ്രകാരം ശരിയായ പരാതി പരിഹാര സംവിധാനം ഏര്പ്പെടുത്തിയതിലൂടെപരാതികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിക്രം സഹായി പറഞ്ഞു.
ദക്ഷിണ സംസ്ഥാനങ്ങളിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ നൈതിക നിയമാവലിയും ഒ.റ്റി.റ്റി പ്ലാറ്റ്ഫോമുകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വാര്ത്താപോര്ട്ടലുകള്ക്ക് രജിസ്ട്രേഷന് ആവശ്യമില്ലെന്നും അതേ സമയം പ്രസാധകനെയും സ്ഥാപനത്തേയും സംബന്ധിച്ച വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ പ്രസാധകരുടെ ചെറിയ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നിയന്ത്രണ സംവിധാനം രൂപീകരിക്കാമെന്നും സഹായി നിര്‍ദ്ദേശിച്ചു.
ഡിജിറ്റല്‍ വാര്‍ത്താമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1500 ഓളം വ്യക്തികളും ചെറു ഗ്രൂപ്പുകളും ഇതിനകം തങ്ങളുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളും മന്ത്രാലയം പരിശോധിച്ച് വരികയാണ്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ മീഡിയ, ഒ.റ്റി.റ്റി. പ്ലാറ്റ്ഫോമുകള്, ചലച്ചിത്ര നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ മുതലായവരെ പ്രതിനിധീകരിച്ച് 240 പേര് വെബിനാറില്‍ പങ്കെടുത്തു. പിഐബി ദക്ഷിണ മേഖലാ ഡയറക്ടര്‍ ജനറല്‍ എസ്. വെങ്കിടേശ്വര് ആമുഖ പ്രഭാഷണം നടത്തി. ചെന്നൈ പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എം. അണ്ണാദുരൈ വെബിനാര്‍ നിയന്ത്രിച്ചു. ജന്മഭൂമിയെ പ്രതിനിധീകരിച്ച് ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കെടുത്തു. ഹൈദരാബാദ് പിഐബി ഡയറക്ടര്‍ ശ്രുതി പാട്ടീല്‍ നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: