ഇടുക്കി: ഇടുക്കിയിലെ വനവാസി മേഖകളില്‍ റേഞ്ചിനൊപ്പം ആവശ്യമായ മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത് 6495 കുട്ടികള്‍ക്ക്. 293 കുടികളിലായി 7000ല്‍ താഴെ കുട്ടികളാണ് ജില്ലയിലെ വനവാസി മേഖലയില്‍ നിലവില്‍ പഠനം നടത്തുന്നത്. ഇതില്‍ 6495 പേര്‍ക്കും പഠനത്തിന് ആവശ്യമായ മൊബൈല്‍/ ടാബ്ലറ്റ് പോലുള്ള സൗകര്യമില്ലെന്ന് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ പറഞ്ഞു.
ചില കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വീട്ടിലുണ്ടെങ്കിലും പഠനത്തിന് ആവശ്യമായ സമയങ്ങളില്‍ ഇത് ലഭിക്കാത്തതും പ്രശ്നമാണ്. ഇത്തരക്കാരെയും ഈ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 293 കുടികളില്‍ 119 സ്ഥലത്തും മൊബൈല്‍ നെറ്റ് വര്‍ക്കില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആകെയുള്ള 24 കുടിയിലും മൊബൈല്‍ നെറ്റ് വര്‍ക്കില്ല. അടിമാലിയില്‍ 23 കോളനിയിലും മറയൂര്‍, മാങ്കുളം, വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ വിവിധ കുടികളിലും നെറ്റ് വര്‍ക്കില്ല. ഇതിനൊപ്പം തന്നെ 33 കുടികളില്‍ വൈദ്യുതി കണക്ഷനുമില്ല. ഇത്തരത്തിലുള്ള എല്ലാ കുടികളിലും സോളാര്‍ പാനലും ബാറ്ററിയും സ്ഥാപിച്ച് ടിവിയും ഡിടിഎച്ചും സ്ഥാപിച്ചാണ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി പഠനം നടത്തുന്നതെന്നും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ പറഞ്ഞു.
ഇടമലക്കുടിയില്‍ ആകെ മൂന്നു കുടികളിലാണ് വൈദ്യുതിയുള്ളത്. അതേ സമയം ഇടമലക്കുടി ഒഴികെയുള്ള മിക്ക കോളനികളിലും ഇപ്പോള്‍ കൊവിഡ് റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. കൊവിഡ് പ്രശ്നമുള്ള സ്ഥലങ്ങളൊഴികെ സാമൂഹിക പഠന കേന്ദ്രങ്ങളിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പഠനത്തിന് ടിവി സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ജില്ലയിലാകെ മൊബൈല്‍ നെറ്റ് വര്‍ക്ക് എത്തിക്കുകയെന്നത് മനുഷ്യ സാധ്യമല്ല. പരമാവധി കുടികളില്‍ റേഞ്ചെത്തിക്കുകയും സമീപത്തുള്ളവര്‍ ഈ സ്ഥലങ്ങളില്‍ വന്ന് പഠനം നടത്തുകയുമാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ വഴി ഇവര്‍ക്ക് ലാപ്ടോപ്പ് / ടാബ്ലറ്റ് പോലുള്ളവ വാങ്ങി നല്‍കാനുള്ള ശ്രമം നടക്കുകയാണെന്നും അനില്‍ ഭാസ്‌കര്‍ പറഞ്ഞു.
മൊബൈല്‍ റേഞ്ചെത്തിക്കാന്‍ കളക്ടരുടെ നേതൃത്വത്തിലും തീവ്ര ശ്രമം നടക്കുന്നുണ്ട്. ഇടമലക്കുടിയില്‍ വാക്സിനെടുക്കാന്‍ ആളുകള്‍ തയാറാല്ലെന്ന വിവരവും ഇതിനൊപ്പം വരുന്നുണ്ട്. ഇവിടെ ബോധവത്കരണം നടത്തിയെങ്കിലും കുറച്ച് പേര്‍ എടുത്ത ശേഷം മറ്റുള്ളവര്‍ നോക്കാമെന്നാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇവിടെ നിലവില്‍ കൊവിഡ് പ്രശ്നമില്ലാത്തതിനാല്‍ ഉടന്‍ വാക്സിന്‍ ലഭ്യമാക്കാനുള്ള സാധ്യതയും കുറവാണ്. ടിവി പോലുള്ള സൗകര്യമുണ്ടെങ്കിലും ദൂരെ നിന്നെത്തേണ്ട കുട്ടികള്‍ പലപ്പോഴും പഠനത്തിനായി എത്തുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: