പള്ളുരുത്തി: മൺസൂൺ കാലത്തിന് മുന്നോടിയായി ചെല്ലാനം തീരത്തെ കടലാക്രമണ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന മന്ത്രിതല സംഘത്തിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.
കടലാക്രമണത്തെ തുടർന്ന് ഉണ്ടാകുന്ന കടൽവെള്ളം ഒഴുകിപ്പോകാൻ ഉപ്പത്തേക്കാട് തോട് നിറഞ്ഞു കിടക്കുന്ന മണൽ നീക്കം ചെയ്യാനും, തീരത്ത് തടയിണയായി വച്ചിരുന്ന ജിയോ ബാഗുകളുടെ കേടുപാടുകൾ തീർക്കുമെന്നും, കടൽഭിത്തിക്കുണ്ടായ കേടുപാടുകൾ തീർക്കുമെന്നുമായിരുന്നു ചെല്ലാനം സന്ദർശിച്ച ശേഷം മന്ത്രിമാരുടെ പ്രഖ്യാപനം.
സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു ശേഷം ദിവസങ്ങൾക്കകം ചെല്ലാനം സന്ദർശിച്ച മന്ത്രിമാരായ പി. രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ, ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു എന്നിവർ ചേർന്നാണ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.
ജൂൺ ആദ്യവാരത്തിൽ തന്നെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി അടിയന്തരമായിരണ്ടു കോടി അനുവദിക്കുകയും ചെയ്തു. ജൂൺ ആദ്യവാരത്തിൽ 45 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരി ക്കുമെന്നും ഇവർ പ്രഖ്യാപിച്ചുവെങ്കിലും പ്രാഥമിക പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. വിജയം കനാലിൽ അടിഞ്ഞു കൂടിയ മണൽ നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്നും മന്ത്രിതല സംഘം ഉറപ്പ് നൽകിയിരുന്നു. പറഞ്ഞ സമയവും പിന്നിട്ട് കാലവർഷം ആരംഭിച്ച ഘട്ടത്തിലും ചെല്ലാനം നിവാസികളെ കബളിപ്പിക്കുന്ന നിലപാടാണ് മന്ത്രിതല സംഘം കൈക്കൊണ്ടത്. ചെല്ലാനത്തെ ജനം നേരിടുന്ന ദുരിതം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചെല്ലാനം മേഖലയിൽ സമരം ആരംഭിക്കുമെന്ന് ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: