പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോഴെല്ലാം സാധാരണ ജനങ്ങള്‍ ആകാംഷയോടെയും പ്രതീക്ഷയോടെയും നോക്കുന്ന വകുപ്പാണ് ആരോഗ്യം. രണ്ടു ദശാബ്ദക്കാലമായി ഈ ധാരണയ്ക്ക് അല്പാല്പമായി ആക്കം കൂടിക്കൊണ്ടിരിക്കുന്നു. കാരണം, കാലാകാലങ്ങളായി സമൂഹത്തെ പിടിച്ചുലയ്ക്കുന്ന പകര്‍ച്ച വ്യാധികള്‍, ജീവിതശൈലീ നിബന്ധമായ ഒരുപിടി രോഗങ്ങള്‍ മനുഷ്യന്റെ മനസ്സിനും സമ്പത്തിനും സാമൂഹ്യ വ്യവസ്ഥയ്ക്കും ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ആഘാതം വര്‍ഷംപ്രതി വലുതായികൊണ്ടിരിക്കുന്നു. ഈ പരിതസ്ഥിതിയില്‍ സാധാരണ ജനങ്ങള്‍ തീര്‍ച്ചയായും ആരോഗ്യ വകുപ്പിനെയായിരിക്കും ഉറ്റു നോക്കുന്നത്. പുതിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ജനപ്രതിനിധി എന്ന നിലയില്‍ ലഭിച്ച സ്വീകാര്യത തന്റെ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പ്രതിഫലിപ്പിക്കുമെന്നു പ്രത്യാശിക്കാം.
സംശുദ്ധമായ രാഷ്ട്രീയ പ്രതിബദ്ധത, സാങ്കേതിക പാക്കേജിലെ വിവരം, ശരിയായ ആശയവിനിമയം, നിഷ്പക്ഷമായ പങ്കാളിത്തം, മാനേജ്മന്റ് വൈദഗ്ധ്യം, നവീകരണം/പുതിയ രീതി എന്നിവയാണ് ഫലപ്രദമായി പൊതുജനാരോഗ്യ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ആറ് ഘടകങ്ങള്‍ എന്നാണ് അമേരിക്കന്‍ പകര്‍ച്ചവ്യാധി, പബ്ലിക് ഹെല്‍ത്ത് ഫിസിഷ്യന്‍ ഡോ. തോമസ് ആര്. ഫ്രീഡന്‍, അഭിപ്രായപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തു ഇവയൊന്നും ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. വര്‍ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നല്കുന്ന സൂചനയാണിത്. മനുഷ്യ ചരിത്രത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത നിലവിലെ പ്രതിസന്ധി ആരംഭിച്ചിട്ട് ഒന്നര വര്‍ഷം ആകുന്നു. നിലവിലെ രീതിക്ക് പകരം, രോഗത്തിന്റെയും ആരോഗ്യത്തിന്റെയും ദാര്‍ശനിക ഭൂമികയക്കു കൂടി ഇടംകൊടുത്തുകൊണ്ടുള്ള, ഒരു പുതിയ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ആവശ്യകതയ്ക്ക് പ്രസക്തിയേറുകയാണ്.
കൊവിഡ് നിയന്ത്രണത്തില്‍, ആയുഷ് വകുപ്പിലെ പ്രധാന സമ്പ്രദായമായ ആയുര്‍വേദത്തിന്റെ ഇടപെടല്‍ ഫലപ്രദമായ ഇന്നോവേഷന്‍ ആയിരിക്കും. ചെറിയ ഇടപെടല്‍ കൊണ്ടുതന്നെ വലിയ ഫലം കാണുന്നു എന്നത് ജനങ്ങളുടെ പ്രതികരണമാണ്. ആയിരക്കണക്കിന് നൂറ്റാണ്ടുകളോളം ഭാരതീയജനതയുടെ ആരോഗ്യ സംരക്ഷണത്തില്‍ ഫലപ്രദമായി നിലയുറപ്പിച്ചിരുന്ന ഒരു വൈദ്യശാസ്ത്രം ഒരു സുപ്രഭാതത്തില്‍ ഉപയോഗപ്രദമല്ലാതായി തീരുക എന്നത് അസംഭവ്യമാണല്ലോ?. ഭാരതീയ ചികിത്സാവകുപ്പിലെ ആയുര്‍വേദസ്ഥാപനങ്ങള്‍ എല്ലാം ഇപ്പോള്‍ ആയുര്‍ രക്ഷാക്ലിനിക് എന്നാണ് അറിയപ്പെടുന്നത്. അറുപതു വയസ്സിനു താഴെയുള്ളവര്‍ക്ക് സ്വാസ്ഥ്യം, അറുപതു വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സുഖായുഷ്യം, കൊവിഡ് നെഗറ്റീവ് ആയവര്‍ക്കുള്ള തുടര്‍ചികിത്സ നല്കുന്ന പുനര്‍ജനി, കാറ്റഗറി എ, ബി വിഭാഗം രോഗികള്‍ക്ക് ചികിത്സ നല്കുന്ന ഭേഷജം, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള അമൃതം, മുതലായ പ്രത്യേക ക്ലിനിക്കുകള്‍ ഇപ്പോള്‍ നിലവിലുണ്ടെകിലും ഫണ്ടിന്റെ അപര്യാപ്തത, ജീവനക്കാരുടെ കുറവ്, നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍മാരെ മറ്റു ഡ്യൂട്ടിക്ക് നിയമിക്കുമ്പോള്‍ സ്ഥാപനത്തില്‍ ഡോക്ടര്‍ സ്ഥിരമായി ഇല്ലാതെ വരുന്ന അവസ്ഥ (കേരളത്തിലെ 818 ആയുര്‍വേദ ഡിസ്പെന്‍സറികളിലും, പത്തുകിടക്കകള്‍ ഉള്ള ആശിപത്രികളിലും ഒരു മെഡിക്കല്‍ ഓഫീസര്‍ മാത്രമാണുള്ളത്) എന്നിവ മൂലം ക്ലിനിക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചഫലം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതിനു പരിഹാരം അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
അമൃതം പദ്ധതി പ്രകാരം രണ്ടു ലക്ഷത്തില്‍പരം ആളുകള്‍ക്ക് ഔഷധങ്ങള്‍ നല്കി നിരീക്ഷിച്ചു. അതില്‍ മുന്നൂറില്‍ പരം പേര്‍ക്ക് പോസിറ്റീവ് ആയി. പക്ഷെ അനുബന്ധ ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നെഗറ്റിവ് ആയി. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട് ഗവര്മെന്റിനു നല്‍കിയിട്ടും അത് പരിശോധിക്കുകയോ, ഫലം ഔദ്യോഗികമായി പുറത്തു വിടുകയോ ചെയ്തില്ല. അത് പരിശോധിക്കപ്പെടേണ്ടതാണ്. ഫലം ആശാവഹമെങ്കില്‍ പ്രസ്തുത ക്ലിനിക്കുകള്‍ കൂടുതല്‍ വ്യാപകമായി പ്രവര്‍ത്തിപ്പിക്കേണ്ടത് രോഗ വ്യാപനം തടയുന്നതിലും, തദ്വാരാ അനുബന്ധ ലക്ഷണങ്ങളും മരണങ്ങളും തടയുന്നതിനും സഹായിക്കും. അതുപോലെ അപരാജിത ധൂപ ചൂര്‍ണത്തെ പഠനത്തെ സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തു വന്നിട്ടില്ല. ഇതിനും പരിഹാരം കാണേണ്ടതുണ്ട്.
കോപ്പര്‍ മാസ്കുകള്‍ കോവിഡിന്റെ വ്യാപനം തടയുവാന്‍ പര്യാപതമാണ് എന്നാണ് വിവിധ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ആയുര്‍വേദവും ഇതു ശരി വയ്ക്കുന്നു. ഗവണ്മെന്റു തലത്തില്‍ നിര്‍ദേശം വന്നാല്‍, അതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയുവാന്‍ കഴിയും. ടാന്‍സാനിയന്‍ മോഡല്‍ ഓഫ് കൊവിഡ് ഡിഫന്‍സില്‍ മാസ്കില്ല, സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇല്ല, സാനിറ്റൈസര്‍ ഇല്ല, കൊവിഡും ഇല്ല. ബുള്‍ഡോസര്‍ എന്ന് അറിയപ്പെടുന്ന ജോണ്‍ മഗഫൂലിയുടെ വ്യതിരിക്തമായ വഴിയാണവിടെ. ഒരുപക്ഷെ, രോഗനിര്‍ണയവും ചികിത്സയും വ്യക്തികളില്‍ ഒതുക്കുന്ന ആധുനിക വൈദ്യത്തെക്കാള്‍ സ്വാധീനം മെറീഡിത് തര്‍ഷന്റെ പൊളിറ്റിക്കല്‍ എക്കോളജി ഓഫ് ഡിസീസ് എന്ന ഗ്രന്ഥത്തിലെ ആശയങ്ങള്‍ക്ക് അവിടെ സ്വീകാര്യത ലഭിച്ചിട്ടുണ്ടാവാം. കൊവിഡ് വാക്സിനു അവരുടെ പടിക്കു പുറത്താണ് സ്ഥാനം. ഒരു കാര്യത്തെ മറ്റൊരു രീതിയില്‍ വ്യത്യസ്തമായി നോക്കി കാണുന്നതാണ് ഇന്നോവേഷന്‍. നിലവിലെ സമ്പ്രദായങ്ങള്‍ക്കു ഉദ്ദേശിച്ച ഫലം കാണാതെ വരുമ്പോള്‍ പുതിയ ആശയങ്ങളുടെ ലോകം സൃഷ്ടിക്കുന്നതാണ് ബുദ്ധി. അതിലേക്കുള്ള വാതായനമാണ് നമ്മുടെതായ വൈദ്യ ശാസ്ത്രമായ ആയുര്‍വ്വേദം.
ആര്‍ദ്രം പദ്ധതിയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തണം. കേരളത്തില്‍ ആര്‍ദ്രം എന്ന പേരില്‍ മറ്റൊരു ആരോഗ്യ പദ്ധതി, അലോപ്പതി വകുപ്പിന് മാത്രമായി സംവരണം ചെയ്തു നടപ്പിലാക്കുന്നുണ്ട്. നമ്മുടെ ആരോഗ്യം നമ്മുടെ അവകാശം എന്നാണ് ആ പദ്ധതിയുടെ സന്ദേശം. വിവിധ കോണുകളില്‍ നിന്ന് ആയുര്‍വേദത്തെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യം ഉയര്‍ന്നിട്ടും, അതിനു തയാറായിട്ടില്ല. ആയുര്‍വേദത്തെ കൂടി ഉള്‍പ്പെടുത്തിയാല്‍, രോഗിക്ക് അവരവരുടെ താല്പര്യം അനുസരിച്ചു ചികിത്സ അലോപ്പതിയോ/ആയുര്‍വേദമോ തിരഞ്ഞെടുക്കാം. തന്നെയുമല്ല ആധുനിക രാസ ഔഷധങ്ങള്‍ ഉപയോഗിക്കുവാന്‍ താല്പര്യമില്ലാത്തവരും, ഉപയോഗിച്ചാല്‍ പ്രതിപ്രവര്‍ത്തനത്തിനു വിധേയരാകുന്നവരും ആധുനിക വൈദ്യേതര സമ്പ്രദായങ്ങളെയാണ് ആശ്രയിക്കുന്നത്. ആയതിനാല്‍, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ വിഷയം ആരോഗ്യ വകുപ്പിന്റെ പരിഹാരം കാത്തു നില്ക്കുന്നു.
ഇ-ഗവേര്ണസ് വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്തു ഭാരതീയ ചികിത്സ വകുപ്പില്‍ ഇ ഗവേര്ണസ് നടപ്പിലാക്കുന്ന നടപടികള്‍ ഇപ്പോഴും ശൈശവ ദിശയില്‍ തന്നെ. ഇക്കാര്യത്തില്‍ വകുപ്പിന്റെ ദിശാബോധം ഇല്ലാത്ത നിഷേധാത്മകമായ നിലപാട് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുമൂലം ഇ രംഗം വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണ്. കേവലം അഞ്ചു ആശുപത്രികളില്‍ മാത്രമാണ് നാമമാത്രമായി, നാളിതുവരെ അത് നടപ്പിലാക്കിയിട്ടുള്ളത്. സമയബന്ധിതമായി ഇ ഗവേര്ണസ് പദ്ധതി നടപ്പിലാക്കണം.
കൊവിഡ് ചികിത്സയിലും പ്രതിരോധത്തിലും കൊവിഡാനന്തര രോഗചികിത്സയിലും വിവിധ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചു ആയുര്‍വേദ വകുപ്പ് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരെ വ്യാപകമായി മറ്റു ചുമതലകള്‍ക്കു നിയോഗിക്കുന്നതിനാല്‍ നിരവധി സ്ഥാപനങ്ങളില്‍ കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണവും സുഗമമായി നടക്കുന്നില്ല എന്നത് അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റൊരു വിഷയമാണ്. ഈ ന്യൂനത പരിഹരിക്കപ്പെടണമെങ്കില്‍, കൊവിഡ് ബ്രിഗേഡില്‍ നിന്നോ പിഎസ്സി ലിസ്റ്റില്‍ നിന്നോ താത്കാലികമായി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുവാന്‍ ഗവണ്മെന്റ് തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: