സംസ്കാരവും സാമൂഹ്യബോധവും സഹജീവിസ്നേഹവും അതാണ് മലയാളിയുടെ മുതല്‍ക്കൂട്ട്. ഇത് തക്കം കിട്ടുമ്പോഴൊക്കെ മലയാളികള്‍ തട്ടി മൂളിക്കാറുണ്ട്. എന്നാല്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളും കൊള്ളരുതായ്മകളും കവര്‍ച്ചയും തട്ടിക്കൊണ്ടുപോക്കും അസാന്മാര്ഗ്ഗിക പ്രവണതകളും നല്കുന്ന സന്ദേശമെന്താണ്. മലയാളിയാണ് ശരി എന്ന അവകാശവാദത്തെ അംഗീകരിക്കുന്നതാണോ ?
രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിക്കാനിടയായ വാഹനാപകടം സ്വാഭാവികമായിരുന്നില്ലെന്ന് കേരളം തിരിച്ചറിയുന്നു. നിര്‍ബാധം നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെയും കിടമത്സരങ്ങളുടെയും ഉപോല്‍പ്പന്നമാണത്. ഉന്നത ഉദ്യോഗസ്ഥരും എന്തിന് മന്ത്രിമാര്‍ പോലും കള്ളവ്യാപാരങ്ങളും കള്ളക്കടത്തുകാരുടെയും സന്തത സഹചാരിമാരാണോ എന്ന സംശയവും പ്രബലമാണ്. അതിനെല്ലാം പുറമെയാണ് സ്ത്രീധനങ്ങളുടെ പേരിലുള്ള അരുംകൊലകള്‍.
ഒരുവര്‍ഷം മുമ്പ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം. 2020 മെയിലാണ് ഉത്ര പാമ്പുകടിയേറ്റ് മരിക്കുന്നത്. ഭര്‍ത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതികളാക്കി കൊല്ലം റൂറല്‍ ജില്ലാ െ്രെകംബ്രാഞ്ച് കുറ്റപത്രം പുനലൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയത്. കുറ്റപത്രത്തില്‍ സൂരജിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. സ്വത്ത് മോഹിച്ച് ഉത്രയെ വിവാഹം കഴിച്ച സൂരജ്, മാസച്ചെലവിന് 8000 രൂപ ഭാര്യവീട്ടുകാരുടെ കൈയില്‍നിന്ന് വാങ്ങിയിരുന്നതായും കുറ്റപത്രത്തിലുണ്ട്.
മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നതെന്ന് പറയുന്നു. വിവാഹത്തിന് മുന്‍പ് തന്നെ മകളുടെ അവസ്ഥ സൂരജിന്റെ കുടുംബത്തോട് പറഞ്ഞിരുന്നതായി ഉത്രയുടെ കുടുംബം പറയുന്നുണ്ട്. മനോദൗര്‍ബല്യമുള്ള കുട്ടിയാണ് ഉത്രയെന്നാണ് വീട്ടുകാര്‍ സൂരജിന്റെ കുടുംബത്തെ അറിയിച്ചിരുന്നത്. ഇതെല്ലാം മനസിലാക്കിക്കൊണ്ട് 100 പവന് സ്വര്‍ണവും മൂന്നര ഏക്കര്‍ വസ്തുവും കാറും പത്ത് ലക്ഷം രൂപയും സ്ത്രീധനമായി വാങ്ങിയാണ് വിവാഹം ചെയ്തത്.
സൂരജിന്റെ കുടുംബം തുടര്‍ന്നും പണത്തിനായി ഉത്രയുടെ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കൂടുതല്‍ ആവശ്യങ്ങള്‍ക്കായി പണം ചോദിച്ചു കൊണ്ടേയിരുന്നു. ചെറിയൊരു ശമ്പളത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളായിരുന്നു സൂരജ്. ഉത്രയുടെ സ്വര്‍ണവും പണവും സൂരജും വീട്ടുകാരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. രണ്ടു തവണ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്താന്‍ സൂരജ് ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായ ഉത്ര ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വിശ്രമത്തിനായി അഞ്ചലിലെ വീട്ടില്‍ നിര്‍ത്തിയിരുന്ന ഉത്രയെ, മൂര്‍ഖനെകൊണ്ട് കടിപ്പിച്ചു. കൊലപാതകത്തിന് ശേഷം സ്വര്‍ണം ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു.
ഇപ്പോഴിതാ കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയുടെ ദുരൂഹമരണം. ഒരുവര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി. വിസ്മയയെ (24) ശൂരനാട് പോരുവഴിയിലെ ഭര്‍തൃവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു. പന്തളത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് വിസ്മയ.
എസ്.കിരണ്‍കുമാറിന്റെ ഭാര്യയാണ് വിസ്മയ. കിരണിന്റെ വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മോട്ടര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരണ്‍. ഭര്‍ത്തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് വിസ്മയ ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെയാണ് മരണം. കിരണ്‍ മാത്രമല്ല വിസ്മയയുടെ ബന്ധുക്കളും മരണത്തിന് ഉത്തരവാദികളാണെന്ന് പറയേണ്ടിയിരിക്കുന്നു. നിരന്തരം ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്ക്കുന്ന കുട്ടിയെ രക്ഷിക്കാന്‍ അവര്‍ക്കും ബാധ്യതയുണ്ടല്ലോ.
തിരുവനന്തപുരം വെങ്ങാനൂരില്‍ വാടകവീട്ടില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും ദുരൂഹതകള്‍ ഏറെ. വെങ്ങാന്നൂരിലേതുകൊലപാതകമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ചിത്തിരവിളാകം സ്വദേശി അര്‍ച്ചന ( 24) യാണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളുമായി കലഹം ഉണ്ടായിരുന്നതായി മരിച്ച അര്‍ച്ചനയുടെ പിതാവ് അശോകനും അമ്മ മോളിയും പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് രാജന് പി ദേവ് എന്ന നടന്റെ മരുമകളുടെ ആത്മഹത്യയും സ്ത്രീധന തര്‍ക്കത്തിലായിരുന്നു. ഈ കേസില്‍ എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് കുറ്റവാളികളെ രക്ഷപ്പെടുന്ന നിലപാടുകളാണ് എടുത്തത്. ഈ പിഴവിന് കേരളം നല്കുന്ന വിലയാണ് വിസ്മയയുടേയും അര്‍ച്ചനയുടേയും മരണം.
”ഭാര്യയെ തല്ലുന്നത് ആണത്തമല്ല. കൊള്ളുന്നത് സ്ത്രീത്വവുമല്ല.” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്ത്രീധനം കൊടുക്കാന്‍ പാടില്ല. വാങ്ങാന്‍ പാടില്ല എന്ന് ഡിവൈഎഫ്ഐയും പറയുന്നു. മരുമകനെ എംഎല്‍എ ആക്കാനും മന്ത്രിയുമാക്കാനും എല്ലാ അച്ഛന്മാര്ക്കും കഴിയില്ലല്ലോ? വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീധനം വാങ്ങില്ലെന്ന് കല്ല്യാണപ്രായമാകാത്ത എസ്എഫ്ഐക്കാരെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച പാര്‍ട്ടിയാണ് സിപിഎം. തൊഴിലില്ലാത്ത ചെറുപ്പക്കാരെക്കൊണ്ട് കൈക്കൂലി വാങ്ങില്ലെന്ന് ഡിവൈഎഫ്ഐക്കാരും പ്രതിജ്ഞയെടുപ്പിച്ചു. തൊഴിലുള്ള എന്‍ജിഒ യൂണിന്കാര് കൈക്കൂലി പ്രതിജ്ഞയെടുത്തുമില്ല. മര്‍ദ്ദനങ്ങളും മരണങ്ങളും മലയാളനാട്ടില് തുടരുന്നു.
തിരുവനന്തപുരത്ത് തന്നെ വെമ്പായത്ത് ഒരു വൃദ്ധയെ അയല്‍വാസി വെട്ടിക്കൊന്ന സംഭവവും ഉണ്ടായി. എന്തുകൊണ്ടാണ് അടിക്കടി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ? ഒന്നു വ്യക്തമാണ് മോന്തായം വളഞ്ഞാല്‍ അത് വീടിനെ അടിമുടി ബാധിക്കും. കേരളത്തിന്റെ മുഖ്യരാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടല്‍ നല്കുന്ന സന്ദേശം അതല്ലെ ? തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ രേഖകളില്‍ പിണറായി വിജയന്റെയും കെ. സുധാകരന്റെയും പേരുണ്ട്. അവിടെ നിന്ന് ഇവര്‍ അഭ്യസിച്ചത് എന്താണ് ? അടിതടവാണോ ? ക്രിമിനല്‍ കുറ്റത്തിന് ജീവപര്യന്തമോ ഒരു പക്ഷേ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് പരസ്പരം ആരോപിക്കുന്നത്. അവര്‍ നയിക്കുമ്പോള്‍ നാട്ടില്‍ നരഹത്യകളും സ്ത്രീധന കൊലപാതകങ്ങളും കുത്തും കൊലയും കൊലവിളികളും അരങ്ങുവാണില്ലെങ്കിലല്ലെ അത്ഭുതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: