ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ ഇഷ്ടക്കേടിനെ അവഗണിച്ച് രാജ്യത്തെ ജനങ്ങള്‍ വാക്സിന് കുത്തിവെപ്പെടുത്ത് അതിവേഗം മുന്നേറുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ. ഒരു ദിവസം 88 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി ലോകറെക്കോഡ് സ്ഥാപിച്ച ഇന്ത്യയുടെ നേട്ടത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് മറുപടി നല്‍കുകയായിരുന്നു ജെ.പി. നദ്ദ.
88 ലക്ഷം പേര്‍ക്ക് ഒരു ദിവസം വാക്സിന് നല്കി എന്നത് കൃത്രിമമായി ഊതിപ്പെരുപ്പിച്ച കണക്കാണെന്നായിരുന്നു പി. ചിദംബരത്തിന്റെ ആരോപണം. ‘ഇന്ത്യ മുടന്തി നീങ്ങുകയല്ല. പകരം ഈ രാജ്യത്തെ ജനങ്ങളുടെ കരുത്തില്‍ മുന്നിലേക്ക് കുതിക്കുകയാണ്. തിങ്കളാഴ്ചത്തെ (അന്നാണ് 88 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയത്) റെക്കോഡിന് ശേഷം, ചൊവ്വാഴ്ചയും ബുധനാഴ്ചയും 50 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി,’ ജെ.പി. നദ്ദ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച 54.22 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയെന്നും നദ്ദ പറഞ്ഞു.
18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുക എന്ന തീരുമാനമുണ്ടായ ജൂണ്‍ 21 തിങ്കളാഴ്ച 88.09 ലക്ഷം പേരാണ് വാക്സിന് കുത്തിവെപ്പ് സ്വീകരിച്ചത്. ഒരു ദിവസത്തില്‍ കുത്തിവെപ്പുനല്കിയ കാര്യത്തില്‍ 88 ലക്ഷം എന്നത് ലോകറെക്കോഡാണ്.
ബിജെപി ഭരിയ്ക്കുന്ന മധ്യപ്രദേശ് സംസ്ഥാനം തിങ്കളാഴ്ച മാത്രം 16.91 ലക്ഷം പേര്‍ക്കാണ് വാക്സിന് കുത്തിവെപ്പ് നല്‍കിയത്. തിങ്കളാഴ്ചത്തെ റെക്കോഡിന് വേണ്ടി മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ വാക്സിന് ഡോസുകള്‍ അതിന് മുമ്പ് പൂഴ്ത്തിവെച്ചുവെന്നാണ് ചിദംബരം ആരോപിച്ചത്. എന്നാല്‍ നദ്ദ ഇതിനെ നിഷേധിച്ചു. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവര്‍ വാക്സിന് കുത്തിവെപ്പ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് കുത്തിവെപ്പ് നല്കിയ പത്ത് സംസ്ഥാനങ്ങളില്‍ ഏഴെണ്ണം ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: