ഇടുക്കി: ഇടുക്കിയിലെ ഡാമുള്‍പ്പെടെ അഞ്ച് അണക്കെട്ടുകളില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം.
അഞ്ചു ഡാമുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇവിടങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങള്‍ വിശകലനം ചെയ്യും. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലൂറൂട്ടി എന്നീ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ചെറുതോണിയിലും തിരുവനന്തപുരത്തും ഡാമിലെ തത്സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രത്യേകം ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും.
നേരത്തെ 2015ല്‍ ഉമ്മന്‍ചാണ്ടി ഭരിയ്ക്കുന്ന കാലത്തും മുല്ലപ്പെരിയാല്‍ ഡാമില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്നാട് മാനേജ് ചെയ്യുന്ന 130 വര്‍ഷം പഴക്കമുള്ള ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍ ഡാമിനെ തീവ്രവാദികള്‍ ഉന്നംവെച്ചിരിക്കുന്നതായാണ് ഇന്റലിജന്‍സ് ബ്യൂറോ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിസംഘങ്ങള്‍ ഇന്ത്യയിലെ ഡാമുകളെ ലക്ഷ്യംവെയ്ക്കുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹഫീസ് സയിദ് ഇന്ത്യയിലെ ഡാമുകള്‍ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അന്നത്തെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.
കേരളമാകട്ടെ പ്രത്യേകിച്ചും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പുകുറവില് ആശങ്ക പൂലര്ത്തിവരികയാണ്. ഈ ഡാം തകര്‍ന്നാല്‍ എറണാകുളും, തൃശൂര്‍, പാലക്കാട് ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ 35 ലക്ഷം പേരുടെ ജീവനും സ്വത്തും അപകടത്തില്‍പ്പെടുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രശ്നം അന്ന് തമിഴ്നാട് സുപ്രീംകോടതിയുടെശ്രദ്ധയില്പ്പെടുത്തുകയും ഡാമിന്റെ സുരക്ഷയ്ക്ക് സിഐഎസ്എഫ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന്റെ അനുവാദമില്ലാതെ സി ഐഎസ്എഫിനെ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിനുണ്ടായത്. അന്ന് കേരള സര്‍ക്കാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് വേണ്ട ഏര്‍പ്പാടുകള്‍ സംസ്ഥാനം തന്നെ ചെയ്യാമെന്ന് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: