ന്യൂദല്‍ഹി: റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ രീതി സുപ്രീംകോടതി അംഗീകരിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ മാര്‍ക്ക് നിശ്ചയിക്കുന്നതിനായി ബോര്‍ഡുകള്‍ സമര്‍പ്പിച്ച രീതിക്കാണ് കോടതി അംഗീകാരം നല്‍കിയത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിശ്ചയിക്കാനുള്ള നടപടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ ആരംഭിച്ചു തുടങ്ങി. സിബിഎസ്ഇ കമ്പാര്‍ട്ട്മെന്റ് എക്സാമും റദ്ദാക്കിയിട്ടില്ല.
മൂല്യനിര്‍ണയ രീതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡുകള്‍ക്ക് കോടതി അനുമതി നല്‍കിയത്. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ രീതി മികച്ചതാണ്. അതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
30: 30: 40 എന്ന അനുപാതത്തില്‍ മാര്‍ക്ക് നിശ്ചയിക്കും എന്ന രീതിയാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. പത്താം ക്ലാസിലെ ഫലം കണക്കാക്കി 30 ശതമാനം മാര്‍ക്കും പ്ലസ് വണ്ണിലെ ഫലം അനുസരിച്ച് 30 ശതമാനം മാര്‍ക്കും നല്‍കും. ബാക്കി 40 ശതമാനം മാര്‍ക്ക് പ്ലസ് ടുവിലെ ടേം പരീക്ഷകളുടെ അടിസ്ഥാനത്തിലുമായിരിക്കും.
1152 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്പാര്‍ട്ട്മെന്റ് എക്സാം മാറ്റിവയ്ക്കേണ്ടതില്ലെന്ന തീരുമാനം കോടതി അറിയിച്ചത്. സിബിഎസ്ഇ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ചെയ്തതു പോലെ തങ്ങള്‍ക്കും പ്രത്യേക മൂല്യനിര്‍ണയ രീതി വഴി മാര്‍ക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇതു തള്ളിയ കോടതി, കമ്പാര്‍ട്ട്മെന്റ്, പ്രൈവറ്റ്, റിപ്പീറ്റര്‍ വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ച പരീക്ഷകള്‍ തുടരാനും നിര്‍ദേശിച്ചു. ആഗസ്റ്റ് 15നും സെപ്തംബര്‍ 15നും ഇടയില്‍ ഇവരുടെ പരീക്ഷകള്‍ നടക്കും.
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ: വിധി നാളെ
ന്യൂദല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പ്രഖ്യാപിക്കും. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും എല്ലാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് നടപ്പാക്കി കഴിഞ്ഞതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാളെ ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം അറിയിക്കുക. സെപ്തംബര്‍ മാസത്തേക്കാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: