ഗുരുവായൂര്‍: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും തുറക്കുന്ന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരമാസക്കാലമായി അടച്ചിട്ടിരുന്ന ക്ഷേത്രം നാളെ തുറക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ഒരേ സമയം 15 പേര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുവാദമുണ്ടാകുക. ഇത്തരത്തില്‍ പ്രതിദിനം 300 ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനസൗകര്യമുണ്ടാകും. പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗ് അടിസ്ഥാനമാക്കി വിര്‍ച്വല്‍ക്യൂ മുഖാന്തരമായിരിക്കും. നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല.
വിവാഹചടങ്ങുകള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്യാണസംഘത്തിനൊപ്പം പത്ത് പേര്‍ക്കും അനുമതി നല്‍കും. ഇതിന് പുറമെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് രണ്ട് പേരേയും പ്രവേശിപ്പിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് കര്‍ശമായി നിരീക്ഷിച്ചായിരിക്കും ചടങ്ങുകളുടെ നടത്തിപ്പെന്നും ഉറപ്പാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിവിധ മതസംഘടനകള്‍ ഇതു സംബന്ധിച്ച് ശക്തമായ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: