കൊല്ലം: ഉല്ലാസ യാത്രകളും സായംസന്ധ്യകളിലെ ബീച്ച് സന്ദര്‍ശനവും മലയാളിയുടെ ജീവിതചര്യയില്‍ ഇടം നേടിയിട്ട് കാലങ്ങളായി. പ്രതീക്ഷയുടെ നല്ല നാളുകള്‍ സ്വപ്നം കണ്ട് വീടകങ്ങളില്‍ ഒതുങ്ങുമ്പോള്‍ കൊവിഡ് കാരണം പട്ടിണിയിലായതില് വിനോദസഞ്ചാര മേഖലയും ഉള്‍പ്പെടുന്നു. ജില്ലയിലെ ടൂറിസം രംഗം ഉണര്‍വിന്റെ പാതയിലേക്ക് ചുവടുവയ്ക്കുമ്പോഴാണ് കൊവിഡ് പിടിമുറുക്കിയത്. ജില്ലയിലെ കാപ്പില്‍ ബീച്ച്, ചടയമംഗലം ജടായു പാറ, പാലരുവി, മീന്‍പിടിപ്പാറ ടൂറിസം, മണ്‍ട്രോതുരുത്ത്, അഴീക്കല്‍ ബീച്ച്, കൊല്ലം ബീച്ച്, ശാസ്താംകോട്ട കായല്‍ ടൂറിസം എന്നിവയെല്ലാം പുതിയൊരു നാളെ പ്രതീക്ഷിച്ചിരിക്കുകയാണ്.
നല്ലകാലം അകലെ…
രാജ്യത്തെ ആദ്യത്തെ പെന്റഗണ്‍ ലൈറ്റ് ഹൗസ് വലിയഴീക്കലില്‍ ട്രയല്‍ റണ്‍ നടത്തിയതോടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തേണ്ട ബീച്ചായിരുന്നു അഴീക്കല്‍. ആളൊഴിഞ്ഞ നിലയില്‍ ഇപ്പോള്‍ ബീച്ചിനെ ആശ്രയിച്ചു ജീവിക്കുന്നവരും പട്ടിണിയില്‍ തന്നെ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് മാസം മാത്രം നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തിച്ചത്. വലിയഴീക്കല്‍-അഴീക്കല്‍ പാലം തുറക്കുന്നതോടെ പുതിയ ടൂറിസം സര്‍ക്യൂട്ട് വരുമെന്ന പ്രതീക്ഷയും ആളുകള്‍ക്കുണ്ട്. ടൂറിസം പ്രധാന വരുമാനമാര്‍ഗമായ മണ്ട്രോതുരുത്തിനെ അധികൃതര്‍ മറന്ന സ്ഥിതിയിലാണ്. ഹോംസ്റ്റേ ആണ് പ്രധാനമായും ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ 4 മാസത്തിലധികമായി ആരും ഈ പ്രദേശത്തേക്ക് എത്തുന്നില്ല എന്നാണ് തുരുത്ത് നിവാസികള്പറയുന്നത്.
തുറക്കാന്‍ സര്‍വസജ്ജം
കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നമ്മള്. കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് അപ്പോള്‍ തന്നെ തുറക്കാന്‍ സജ്ജമാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍. നല്ലൊരു നാളെക്കായി നമുക്കും കാത്തിരിക്കാം.
എം.ആര്. ജയഗീത, ഡിടിപിസി സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: