ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായവരില്‍ ഒരാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനായി പാക്കിസ്ഥാനില്‍നിന്ന് വിളികളെത്തി. മകന്റെ മൊബൈലില്‍ വിളി വന്നുവെന്ന് മനു യാദവിന്റെ അച്ഛന് പറയുന്നു. വീടുവിട്ടിറങ്ങാന്‍ മകനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഫ്തി ഖാസി ജഹാംഗിര്‍ അലം ഖസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ ചേര്‍ന്ന് മകനെ മതപരിവര്‍ത്തനം നടത്തിയെന്ന് വിവരം ലഭിച്ചതോടെയാണ് മനുവിനെ അച്ഛന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സുഹൃത്തുക്കളെ കാണാന്‍ ആവശ്യപ്പെട്ട് മകന് കരഞ്ഞുവെന്ന് രാജിവ് യാദവ് ‘ടൈംസ് നൗ’വിനോട് പറഞ്ഞു. മകന്റെ സമ്മര്‍ദത്തെയും പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയെയും തുടര്‍ന്ന് മനുവിനെ പോകാന്‍ അനുവദിച്ചു. അന്നുമുതല്‍ മനുവിനെക്കുറിച്ച് വിവരമില്ല. അമ്മയുമായി ആശയവിനിമയമുണ്ട്.
അടുത്തിടെ മകന് വിളിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിദേശരാജ്യത്തേക്ക് അയയ്ക്കുമെന്ന് പറഞ്ഞു. മതപരിവര്‍ത്തനം നടത്തിയവര്‍ മകന് സംരംഭം തുടങ്ങാന്‍ സഹായം നല്‍കുകയും രണ്ടുമൂന്ന് വര്‍ഷത്തിനുശേഷം വിവാഹം നടത്തുമെന്നും മകന് അറിയിച്ചതായി കൂട്ടിച്ചേര്‍ത്തു. രണ്ടുപ്രതികളും ചേര്‍ന്ന് മക്കളെ മതം മാറ്റിയതായി ഇരുപതിലധികം കുടുംബങ്ങള്‍ യുപി ഭീകരവിരുദ്ധ സേന(എടിഎസ്)യ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹവും പണവും ജോലിയും വാഗ്ദാനം ചെയ്തു മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ള 1,000 പേരെ മതപരിവര്‍ത്തനം നടത്തിയെന്ന് മുഹമ്മദ് ഉമര്‍ ഗൗതം പറയുന്ന വീഡിയോ ലഭിച്ചതായി ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദല്‍ഹി ജാമിയ നഗര്‍ പ്രദേശത്തുനിന്നാണ് ഖസ്മിയെയും ഗൗതത്തെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐ ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘനകളാണ് ഇവര്‍ക്ക് പണം നല്‍കിയിരുന്നതെന്ന് യുപി എഡിജിപി പ്രശാന്ത് കുമാര്‍ പറയുന്നു. കൂട്ടാളികള്‍ക്കൊപ്പം ഇസ്ലാമിക് ദവാ സെന്റര്‍ എന്ന സ്ഥാപനം പ്രതികള്‍ നടത്തി. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ഭിന്നശേഷിക്കാരെ മതംമാറ്റിയ സംഭവത്തില്‍ ഗുണ്ടാനിയമവും ദേശസുരക്ഷാ നിയമവും അനുസരിച്ചുള്ള കര്‍ശന നടപടിക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: