തൃശൂര്‍: മുള്ളൂര്‍ക്കരയിലെ ക്വാറിയില്‍ വന്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അടിമുടി ദുരൂഹത. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. പാറ പൊട്ടിക്കാന്‍ 20 കിലോ വെടിമരുന്ന് സൂക്ഷിക്കാന്‍ ഉള്ള ലൈസന്‍സ് മാത്രമേ ക്വാറിക്കുള്ളൂ. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തില്‍ ഇതിന്റെ നൂറിരട്ടിയെങ്കിലും പൊട്ടിത്തെറിച്ചതായാണ് വിവരം. ഫോറന്‍സിക് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.
പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ രാത്രി സമയത്ത് എങ്ങനെ സ്ഫോടനം നടന്നുവെന്നതും സംശയകരമാണ്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ക്വാറിയില്‍ സ്ഫോടകവസ്തുക്കളും ആളുകളും എത്തിയതെങ്ങനെയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തില്‍ അബ്ദുള്‍ സലാമിന്റെ സഹോദരന് നൗഷാദ് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സഹോദരന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് ക്വാറി ഉടമയും തൊഴിലാളികളും നല്കിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്. മീന്‍ പിടിക്കാന്‍ വേണ്ടി നടത്തിയ സ്ഫോടനമെന്നാണ് ആദ്യം മൊഴി നല്‍കിയത്. പഴക്കമേറിയ സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ചുകളയാന്‍ ശ്രമിച്ചതാണെന്നും ചിലര്‍ പിന്നീട് മൊഴി നല്കി. മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ക്വാറി ഉടമ ഇവിടെ പോത്ത് വളര്‍ത്തലും മീന്‍ വളര്‍ത്തലും നടത്തുന്നുണ്ട്. അന്യസംസ്ഥാനക്കാരുള്‍പ്പെടെ നിരവധി ജോലിക്കാരും ഇവിടെയുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ ക്വാറിയില്‍ ഒന്നിലേറെ വാഹനങ്ങള്‍ ഉണ്ടായിരുന്നതായും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. അതീവ സ്ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും അമോണിയം നൈട്രേറ്റും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനുള്ള ശ്രമം നടന്നതാവാമെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ.
ഗൗരവതരമായ സംഭവമെന്ന് കേന്ദ്രസംഘം
തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ സ്ഫോടനം നടന്ന ക്വാറിയില്‍ ഇന്നലെ കേന്ദ്ര സുരക്ഷാ ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലൊസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ്. ശരവണന്, അനില്‍കുമാര്‍ എന്നിവര്‍ പരിശോധന നടത്തി. ഏറെ ഗൗരവതരമായ സംഭവമെന്ന് കേന്ദ്രസംഘം വിലയിരുത്തി. ജില്ലാ പോലീസ് അധികാരികളുമായി ഇവര്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ചകള്‍ നടത്തി. ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍.
മൂന്ന് കാര്യങ്ങളില്‍ സംഘം പോലീസിന്റെ റിപ്പോര്‍ട്ട് തേടി. 2018 ല്‍ ലൈസന്‍സ് റദ്ദാക്കിയ ഇവിടെ, തുടര്‍ന്ന് എപ്പോഴൊക്കെ പോലീസ് പരിശോധന നടത്തി. ആറു മാസത്തിലൊരിക്കല്‍ പരിശോധന വേണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടോയെന്ന് വ്യക്തമാക്കണം.
2018 ല്‍ ലൈസന്‍സ് റദ്ദായ ക്വാറിയില്‍ സംഭരിച്ചിരുന്ന സ്ഫോടക വസ്തുവിന്റെ അളവ് സംബന്ധിച്ച രേഖ, ഇത് എത്തിച്ചതെങ്ങനെ, ശേഷിക്കുന്നത് എത്ര എന്നീ രേഖകള്‍ ഹാജരാക്കണം. പരിക്കേറ്റവര്‍ക്കാര്‍ക്കും ബംഗളൂരുവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് മൈന്‍ ആന്‍ഡ് സേഫ്റ്റിയുടെ ബ്ലാസ്റ്റര്‍ ലൈസന്‍സ് ഇല്ല. പരിക്കേറ്റ അഞ്ചുപേരില്‍ ഒരാള്‍ ബംഗാളിയാണ്. ക്വാറിക്ക് കേരള സര്‍ക്കാരിന്റെ ലൈസന്‍സുമില്ല. പിന്നെ എന്തിന് അവര്‍ മൈനിങ് നടക്കാത്ത ക്വാറിയില്‍ പ്രവേശിച്ചു, എന്തായിരുന്നു അവിടെ നടന്ന പ്രവര്‍ത്തനം. സ്ഫോടന പരിശീലനമാണോ നടന്നത് എന്നും പരിശോധിക്കുന്നുണ്ട്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും പെസോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംശയങ്ങളേറെ
തൃശൂര്‍: മുപ്പത് ഏക്കറിലധികം സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന പാതയില്‍ നിന്നു 50 മീറ്റര്‍ മാത്രം മാറിയാണ് പാറമട പ്രവര്‍ത്തിക്കുന്നത് . ക്വാറിയില്‍ നിന്നു കല്ല് തെറിച്ച്വീണ് ആളുകള്‍ മരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് തൃശൂരില്‍ സബ് കളക്ടറായിരുന്ന ഡോ.രേണു രാജ് ഇവിടെ പരിശോധന നടത്തുകയും അനധികൃത വെടിമരുന്ന് ശേഖരം പിടികൂടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ക്വാറി താത്കാലികമായി നിര്‍ത്തിവെച്ചു. മാസങ്ങള്‍ക്കുള്ളില്‍ സബ്കളക്ടറെ ദേവികുളത്തേക്ക് സ്ഥലം മാറ്റി. മുന്‍ മന്ത്രി എ.സി.മൊയ്തീനുമായി അടുപ്പമുള്ളയാളാണ് ക്വാറിയുടമ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വാറി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇവിടെ തൊഴിലാളികള്‍ തങ്ങുന്നുണ്ട്. നാല് ദിവസം മുന്‍പ് മായന്നൂര്‍ വനത്തില്‍ നായാട്ട് നടത്തിയതിന് ഇവരില്‍ ചിലരെ പിടികൂടിയിരുന്നു. അവരില്‍ നിന്നും പിടികൂടിയ തോക്കുകള്‍ ഉഗ്രപ്രഹര ശേഷിയുള്ളതും ലൈസന്‍സ് ഇല്ലാത്തതുമാണ്. ക്വാറി കേന്ദ്രീകരിച്ച് ചില തീവ്രവാദ സംഘടനകളുടെ ആയുധപരിശീലനവും ബോംബ് നിര്‍മ്മാണവും നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: