ചണ്ണഴി കുമാരന്മൂസദ് എന്ന സി.കെ.മൂസദ് മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നത് കൈരളിയുടെ മുതല്‍ക്കൂട്ടായിരുന്നു. ജീവിതകാലം മുഴുവന്‍ ഖദര്‍ ധരിച്ച്, കേളപ്പജിയെയും മന്നത്തു പത്മനാഭനെയും എന്നും ശിരസാ വഹിച്ചുനടന്നിരുന്ന ഗാന്ധിയനായിരുന്ന ഈ സാഹിത്യകാരന് ശാസ്ത്രസാഹിത്യത്തിനും നിരൂപണ സാഹിത്യത്തിനും കവിതയ്ക്കും ജീവചരിത്രശാഖയ്ക്കും നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. തപസ്യ എന്ന സാഹിത്യ-സാംസ്കാരിക പ്രസ്ഥാനത്തിന്റെ ആദ്യ പ്രസിഡന്റായി ആ സംരംഭത്തെ ബാല്യത്തില്‍ കൈപിടിച്ചു നടത്തി. എങ്കിലും സാഹിത്യത്തിലും ഔദ്യോഗികജീവിതത്തിലും വേണ്ടത്ര പരിഗണന അദ്ദേഹത്തിനുകിട്ടിയില്ല. ‘അവഗണിക്കപ്പെട്ടുകിടക്കുന്ന സാഹിത്യകാരന്മാരിലൊരാളാണ് പ്രൊഫ: സി.കെ. മൂസദ്’ എന്നു പറഞ്ഞത് പ്രൊഫ: എം.കൃഷ്ണന് നായരാണ്.
എഴുപതുകളില്‍ ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട് അന്നത്തെ ‘പുരോഗമന’ സര്‍ക്കാര്‍ തുടങ്ങിയ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആ പ്രാവശ്യവും അതിനുശേഷം രണ്ടോ മൂന്നോ പ്രാവശ്യവും ആ പദവി അലങ്കരിച്ച മഹാന്റെ പേര് നിര്‍ദ്ദേശിച്ചത് മൂസദായിരുന്നു. എന്നിട്ടും അവിടെ അസിസ്റ്റന്റ് ഡയറക്ടറായി പിരിയേണ്ടിവന്നയാളാണ് മൂസദ്!
മലബാറിലെ (മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു അന്ന്) ഏറനാട് താലൂക്കില്‍പ്പെട്ട പൊന്മള ഗ്രാമത്തിലെ പേരുകേട്ട ജന്മികുടുംബമായ ചണ്ണഴിയില്ലത്തെ കുമാരന് മൂസ്സിന്റെയും (അധികാരി മൂസ്സ്) പാര്‍വതി അന്തര്‍ജനത്തിന്റെയും രണ്ടാമത്തെ പുത്രനായി 1921 ജൂണ്‍ 23ന് സി.കെ. മൂസദ് ജനിച്ചു. രണ്ടാമത്തെ മകനായതുകൊണ്ട് അച്ഛന്റെ പേരായ കുമാരന് എന്ന പേരുതന്നെ കിട്ടി. ഇല്ലം വില്ലേജ് ഓഫീസായും കോടതിയായും പ്രവര്‍ത്തിച്ചിരുന്നു. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു മുഴുവന്‍ സ്കൂള്‍വിദ്യാഭ്യാസവും. എല്ലാ ക്ലാസിലും എല്ലാ വിഷയത്തിലും ഒന്നാമന്. മലബാര്‍ ജില്ലയില്‍ ഒന്നാംറാങ്ക് കിട്ടിയതിനാല്‍ ഉപരിപഠനത്തിനുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹനായി. മൂസദിന്റെ അഫന് (ഇളയച്ഛന്) ആയ കൃഷ്ണന് മൂസ്സ് അന്ന് തിരുച്ചിറപ്പള്ളിയില്‍ ജഡ്ജി ആയിരുന്നു (സുപ്രീം കോടതി ജഡ്ജിയായിരുന്ന ബാലകൃഷ്ണന് ഏറാടി ഇദ്ദേഹത്തിന്റെ മകനാണ്.) അദ്ദേഹം അവിടത്തെ സെന്റ് ജോസഫ്സ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് സ്കോളര്‍ഷിപ്പോടുകൂടി ചേര്‍ത്തു. 1936-1937 ഇന്റര്‍ മീഡിയേറ്റ് ഒന്നാം ക്ലാസോടെ പാസായി. പിന്നീട് ബിഎസ്സി ഫിസിക്സ് ഫസ്റ്റ്ക്ലാസ് സെക്കന്‍ഡ് റാങ്കോടെയും പാസായി. ഇന്ത്യാഗവണ്മെന്റിന്റെ സെന്‍ട്രല്‍ സര്‍വീസസ് പരീക്ഷ മികച്ച രീതിയില്‍ പാസായി. ഇന്റര്‍വ്യൂ കഴിഞ്ഞെങ്കിലും ”ഡിറലൃംലശഴവ േ ൃലഷലരലേറ” എന്നായിരുന്നു ഫലം. 1941ല്‍ തൃശൂരിലെ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ സ്കൂളില്‍ അധ്യാപകനായി. കഷ്ടിച്ച് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ ലക്ചററായി.
1947 ഇന്ത്യാരാജ്യത്തിനെന്ന പോലെ സി.കെ. മൂസദിനും ഒരു വഴിത്തിരിവായിരുന്നു. വ്യക്തിജീവിതത്തിലും പ്രവൃത്തിമണ്ഡലത്തിലും. മെയ് 17ന് കടത്തനാട്ട് കോവിലകം ഉദയവര്‍മ്മരാജയുടെ മകള്‍ രാജലക്ഷ്മിയെ വിവാഹംചെയ്തു. അധികം വൈകാതെ മൂസത് കോളേജില്‍ നിന്ന് രാജിവച്ചു. തന്റെ ജൂനിയറായ എസ്.സി. തോമസിനെ വകുപ്പ്തല മേധാവി ആയി തനിക്കു മീതെ നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. കോളേജ് അധികാരികള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ‘ഞങ്ങള്‍ എറണാകുളത്ത് തേവര കോളേജ് തുടങ്ങിയിരിക്കുന്നു. താങ്കളെ അവിടെ എച്ച്ഒഡിയായി നിയമിക്കാം. പോരെ..’ മൂസദ് അതിന് വഴങ്ങിയില്ല. അങ്ങിനെ നവവധുവിനെയും കൂട്ടി പാലക്കാട് വന്ന് സ്ഥിരതാമസമാക്കി. ഉപജീവനത്തിനായി ഒരു ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങി. ഇളയസഹോദരങ്ങളായ സി. കൃഷ്ണന് മൂസും സി. ബലറാംമൂസും ചേര്‍ന്ന്. ങ.ആ. ഇീഹഹലഴല (ങീീമെറ ആൃീവേലൃ െഇീഹഹലഴല) എന്ന പേരില്‍. മലബാറിലെ ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് മൂസദിനെ വിശേഷിപ്പിക്കാം. ഹോസ്റ്റല്‍ സൗകര്യമുള്ള ഏക ട്യൂട്ടോറിയല്‍ കോളേജ് ആയിരുന്നു എം.ബി. ട്യൂട്ടോറിയല്‍. എം.ടി. വാസുദേവന്‍ നായര്‍ അവിടുത്തെ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.
1966ല്‍ കേളപ്പജിയുടെ നിര്‍ദേശപ്രകാരം എന്‍എസ്എസ് കോളേജില്‍ ചേര്‍ന്നു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന് നേരിട്ടിടപെട്ട് ഒറ്റപ്പാലം കോളേജില്‍ സീനിയര്‍ ലക്ചറര്‍ ആയി നിയമിക്കുകയും ഒരു കൊല്ലത്തിനകം നെന്മാറയില് തുടങ്ങിയ കോളേജിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ആക്കുകയും ചെയ്തു. മന്നം അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ‘നെന്മാറയിലേത് എന്‍എസ്എസിന്റെ പതിനെട്ടാമത്തെ കോളേജാണ്. 18ന്റെ പ്രാധാന്യം തിരുമേനിക്ക് അറിയാമല്ലോ. ശബരിമലയില്‍ 18 പടികള്‍; ഗീതയില്‍ 18 അധ്യായങ്ങള്‍. അതുകൊണ്ട് പതിനെട്ടാമത്തെ കോളേജില്‍ തിരുമേനി തന്നെ ആയിരിക്കണം പ്രിന്‍സിപ്പാള്‍. അത് ആരെതിര്‍ത്താലും ശരി, ഇവിടെ ഞാന്‍ പറഞ്ഞതേ നടക്കൂ!” ഒന്നരകൊല്ലംകൊണ്ട് സി.കെ. മൂസദ് സ്ഥലത്തെ പൗരപ്രമാണികളുമായി ധനം സ്വരൂപിച്ച് മൂന്നു നിലയില്‍ കരിങ്കല്ലില്‍ ഒരു മികച്ച കെട്ടിടം നിര്‍മ്മിച്ചു. യുജിസി അംഗീകാരവും വാങ്ങിക്കൊടുത്തു.
1968ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഫോണ്‍കോള്‍ വന്നു, മൂസതിനെയും ജോസഫ് മുണ്ടശ്ശേരിയെയും പുതുതായി തുടങ്ങിയ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേണിങ് ബോഡി അംഗമായി നിയമിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിയിക്കാന്‍. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജസ് – കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങുന്ന ഒരു സംരംഭമാണ് – കോളേജില്‍ വിദ്യാഭ്യാസം മാതൃഭാഷയില്‍ നല്കാന് എന്ന ആശയത്തോടെ തുടങ്ങിയത്. മുഖ്യമന്ത്രി ചെയര്മാന് ആയിട്ടുള്ള ഗവേണിങ് ബോഡി ഈ സ്ഥാപനത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും കരടുരേഖകളും നല്‍കണം. ആറുമാസം കഴിയുമ്പോഴേക്കും സി.കെ. മൂസദ് ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാങ്കേതികവിഭാഗത്തിന്റെ തലവനായി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ നിയമിതനായി. ഡയറക്ടറായി എന്‍.വി.കൃഷ്ണവാര്യരും നിയമിതനായപ്പോള്‍ ഒരു നല്ല സുഹൃത്തിനെ തന്റെ മേലുദ്യോഗസ്ഥനായി കിട്ടിയതില്‍ മൂസദ് സന്തോഷവാനായിരുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതില്‍ മൂസദ് സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്.
1968 മുതല്‍ 1985 വരെ ആയിരുന്നു സി.കെ. മൂസദിന്റെ തിരുവനന്തപുരത്തെ ജീവിതം. സാഹിത്യസാമൂഹ്യവേദിയില് മൂസദ് നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നു. അന്നത്തെ സാംസ്കാരിക ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ ആര്. രാമചന്ദ്രന് നായര്‍ നേരിട്ട് തുടങ്ങിയ ഒരു പദ്ധതിയായിരുന്നു ‘കേരളത്തിലെ മഹാന്മാര്’ എന്ന ജീവചരിത്രപദ്ധതി. ഇതില്‍ ആദ്യം തെരഞ്ഞെടുത്ത് മൂസദിനെ ഏല്‍പ്പിച്ചത് ‘മഹാകവി വള്ളത്തോളിന്റെ ജീവചരിത്രം’ ആയിരുന്നു. 1500 പേജുള്ള രണ്ട് വോളിയം ആയി മൂന്നുമാസം കൊണ്ട് എഴുതിത്തീര്‍ത്ത് അച്ചടിക്കാന്‍ പ്രസ്സില്‍ ഏല്‍പ്പിച്ചു. ആറുമാസം കൊണ്ട് അത് ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യത്തെ ജീവചരിത്രം ആയി അച്ചടിച്ച് പ്രസിദ്ധീകരിച്ചു.
മൂസദ് തന്റെ ജീവിതത്തില്‍ ഗുരുസ്ഥാനം നല്കിയ ഒരേ ഒരു വ്യക്തി കേളപ്പജിയായിരുന്നു. പാലക്കാട്ടെ ജീവിതം തന്നെ കേളപ്പജിക്ക് ഉഴിഞ്ഞുവച്ചതായിരുന്നു. കേളപ്പജിയുടെ സര്‍വോദയപ്രസ്ഥാനം, ഭൂദാനപ്രസ്ഥാനം, ഗാന്ധി പീസ് ഫൗണ്ടേഷന്, തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും മൂസത് അത്താണി ആയിരുന്നു. പാലക്കാട് അക്കാലത്ത് നടത്തിയിരുന്ന സമദര്‍ശി പ്രസ് സഹിതം കേളപ്പജിക്ക് വിട്ടുകൊടുത്തു. കേളപ്പജിയുടെ നിര്‍ദേശപ്രകാരം 1956ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഎസ്പി. സ്ഥാനാര്‍ഥിയായി നിന്ന് മത്സരിച്ചു. അതും സ്വന്തം ചെലവില്‍! കോണ്‍ഗ്രസ്
പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉള്ള സുഹൃത്തുക്കള്‍ മുന്നോട്ടുവന്നു തുണയ്ക്കാന്‍ തയ്യാറായി – പിഎസ്പി ലേബല്‍ വേണ്ടെന്നു വച്ചാല്‍. മൂസത് താഴ്മയായി നിരസിച്ചു. കേളപ്പജിയോടും സോഷ്യലിസ്റ്റ് ആശയങ്ങളോടും ഉള്ള സ്നേഹാദരങ്ങളും ബഹുമാനവും അത്രമാത്രമായിരുന്നു. 1971ല്‍ കേളപ്പജിയുടെ മരണത്തോടുകൂടി അദ്ദേഹത്തിന്റെ ജീവചരിത്രം വിപുലമായി സ്വന്തം ചിലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ‘കേളപ്പന് എന്ന മഹാമനുഷ്യന്’ എന്ന ജീവചരിത്രത്തിന് നല്ല അംഗീകാരവും കിട്ടി. ഇതു കൂടാതെ ‘ശാസ്ത്രചിന്തകള്‍’, ‘പ്രാചീന ഗണിതം മലയാളത്തില്‍’ തുടങ്ങി പല പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചു.
1980ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിരമിച്ചശേഷം കര്‍മ്മരംഗം കലാസാമൂഹ്യപരമായ പ്രസ്ഥാനങ്ങളില്‍ ആയിരുന്നു വിശ്വഹിന്ദുപരിഷത്ത്, തപസ്യ എന്നീ സംഘടനകളില്‍, പി. പരമേശ്വര്‍ജി, എം.എ. കൃഷ്ണന്, അക്കിത്തം, ടി.എം. ഭാസ്കരന് നെടുങ്ങാടി തുടങ്ങിയവരുമായി അടുത്തിടപഴകി. തപസ്യയുടെ ആദ്യത്തെ പ്രസിഡന്റ് എന്ന നിലയ്ക്ക് ശൈശവത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള സംഘടനയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കി. കേരളത്തിലുടനീളം തപസ്യയുടെ ശിബിരങ്ങളില്‍ പങ്കെടുക്കുകയും വളരെയധികം സാഹിത്യവേദികളില്‍ തന്റെ തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തു..
സി.കെ. മൂസദും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി രാജലക്ഷ്മി ടീച്ചറുമൊത്തുള്ള (ഏറെക്കാലം കോട്ടണ്‍ഹില്‍ സ്കൂള്‍ ടീച്ചറായിരുന്നു) ദാമ്പത്യജീവിതം വളരെ മാതൃകാപരമായിരുന്നു. ശൈലജ, പത്മജ, ഡോ. സുചേത, ഉദയകുമാര്‍, പാര്‍വതി എന്നിവരാണു മക്കള്‍. 985ല്‍ മൂസദ് ദമ്പതികള്‍ തിരുവനന്തപുരത്തോട് വിട പറഞ്ഞ് കര്മരകംഗം പാലക്കാടുള്ള സ്വന്തം വീടായ സുദര്‍ശനിലേക്ക് മാറ്റി.
പഠിക്കുന്ന കാലത്ത് അദ്ദേഹം ‘പതിരുകള്‍’ എന്ന പേരില്‍ എഴുതിയ കവിതകള്‍ പിന്നീട് മക്കള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. 1991 ഏപ്രില്‍ 9ന് മൂസദ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍, ഉറ്റസുഹൃത്തും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സഹപ്രവര്‍ത്തകനുമായ പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. ‘മൂസദ് സാര്‍ ഒരു ചന്ദനമുട്ടിപോലെ എങ്ങും പരിമളം പരത്തി ലോകത്തിനോട് അരഞ്ഞരഞ്ഞ് മറഞ്ഞുപോയി….’
പ്രതികരിക്കാൻ ഇവിടെ എഴുതുക: