ഭരണത്തുടര്‍ച്ചയ്ക്ക് അവസരം ലഭിച്ചത് അഴിമതിക്കെതിരായ ജനവിധിയാണെന്നും, ഒന്നാം പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഇതോടെ റദ്ദായിരിക്കുകയാണെന്നുമുള്ള പ്രചാരണം ഇനി വിലപ്പോവില്ല. കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിലെ വെളിപ്പെടുത്തലുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രോട്ടോകോള്‍ വിഭാഗത്തെ മറികടന്നും, വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പ്രോട്ടോകോള്‍ ലംഘിച്ചും കേസിലെ പ്രതികളും മന്ത്രിമാരും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി ഗൂഢാലോചന നടത്തിയാണ് സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന സൂചനയാണ് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. വിയറ്റ്നാമിലായിരിക്കെ നയതന്ത്ര ചാനലിന്റെ മറവില്‍ ലഹരി വസ്തുക്കളുള്‍പ്പെടെ കള്ളക്കടത്ത് നടത്തിയതിന്റെ ശിക്ഷയായി തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരാണ് ഇവിടെയും സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിമാര്‍ക്കും മറ്റുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണിത്.
സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ചോദ്യം ചെയ്യലിന് വിധേയരായ കേസുകളില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് പിണറായി വിജയന് ചെയ്തത്. എന്നുമാത്രമല്ല തന്റെ കീഴിലുള്ള വിജിലന്‍സിനെയും ജുഡീഷ്യല്‍ കമ്മീഷനെയുമൊക്കെ രംഗത്തിറക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് തടയിടാനും ശ്രമിച്ചു. മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഇതൊക്കെ ചെയ്തതെന്ന് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ് തെളിയിക്കുന്നു. ആവശ്യമില്ലാതിരുന്നിട്ടും അധികാര ദുരുപയോഗത്തിലൂടെ യുഎഇ ഉദ്യോഗസ്ഥര്‍ക്ക് എസ് കാറ്റഗറി സുരക്ഷ നല്കിയതും, നയതന്ത്ര പാസ് അനുവദിച്ചതും രാജ്യദ്രോഹ പ്രവര്ത്തനങ്ങളിലേക്കുവരെ നീളുന്ന കുറ്റകൃത്യങ്ങള്‍ക്ക് കളമൊരുക്കാനായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തിന് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമൊക്കെ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ യോഗം ചേര്‍ന്നതായ വിവരവും പുറത്തുവന്നിരിക്കുകയാണ്. അധികാരമുപയോഗിച്ചു നിയമത്തിന്റെ പിടിയില്‍നിന്ന് അതിവിദഗ്ദ്ധമായി രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കുരുക്കു മുറുകുകയാണെന്നു വേണം ഇതില്‍നിന്നു മനസ്സിലാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: