കോഴിക്കോട്: കളളക്കടത്ത് സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാമനാട്ടുകര സംഭവം കേരളത്തെ ഞെട്ടിച്ചുവെന്നും സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ലോക്ക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കൊടുവള്ളിയില്‍ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? ഇവര്‍ക്കെല്ലാം വ്യക്തമായ രാഷ്‌ട്രീയബന്ധമുണ്ട്.
സിപിഎം-ലീഗ് എസ്ഡിപിഐ ബന്ധമുള്ളവര്‍ ഗുണ്ടാ സംഘത്തിലുണ്ട്. സ്വപ്ന സുരേഷ് കര്‍ണാടകത്തിലേക്ക് കടന്ന പോലെ ഇവര്‍ക്കും പൊലീസ് സൗകര്യമൊരുക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് രാഷ്‌ട്രീയ പരിരക്ഷ എങ്ങനെ ഇവര്‍ക്ക് കിട്ടുമെന്ന് കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഒരൊറ്റ വോട്ട് പോലും കൊടുക്കാതെ എല്ലാ വോട്ടും ആരോപണവിധേയന് നല്‍കിയത് ഈ പരിരക്ഷ കാരണമാണ്. അപകടം നടന്ന ഉടന്‍ ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ എന്തിന് സംഭവസ്ഥലത്ത് വന്നുവെന്നതും രാഷ്‌ട്രീയ ബന്ധത്തിന് അടിവരയിടുന്നു. അന്താരാഷ്‌ട്ര സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് സിപിഎമ്മിന്റെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് നടത്താന്‍ സാധിക്കുമ്പോള്‍ രാമനാട്ടുകര എങ്ങനെ ആവര്‍ത്തിക്കാതിരിക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശപൗരന്‍മാരുമായി എന്തായിരുന്നു ഇടപാടുകള്‍ എന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും വിശദീകരിക്കണം. വിദേശകാര്യമന്ത്രാലയം വഴിയാണ് കോണ്‍സുലേറ്റുകളും എംബസികളും സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടാറുള്ളെന്നിരിക്കേ പിണറായി വിജയന്റെ വീട്ടില്‍ വിദേശികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത് എന്ത് അധികാരം ഉപയോഗിച്ചാണ്? രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയാണോ ഇവിടെ നടന്നതെന്ന് പിണറായി വ്യക്തമാക്കണം?വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് എന്തിനായിരുന്നു?
യുഎഇ കോണ്‍സുല്‍ ജനറലിന് കേരളത്തില്‍ എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നതെന്നും അത് കേന്ദ്രസര്‍ക്കാരിനെ സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചിരുന്നോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. നയതന്ത്ര പദവി ഇല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് പിണറായി സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് കാര്‍ഡ് അടിച്ചു നല്‍കിയത് എന്തിനായിരുന്നു? സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ എന്തിന് കൊണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുത്തു? പത്തനാപുരത്തും കോന്നിയിലും വര്‍ഷങ്ങളായി ഭീകരവാദ ക്യാമ്പ് നടന്നിട്ടും കേരള പൊലീസ് എന്തുകൊണ്ട് അറിഞ്ഞില്ല.
തമിഴ്‌നാട് ക്യൂബ്രാഞ്ചും യുപി പൊലീസും എങ്ങനെയാണ് ഈ വിവരം അറിഞ്ഞ് ആയുധശേഖരം പിടികൂടിയിട്ടും കേരള പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. കൊല്ലത്ത് തീവ്രവാദ ബന്ധമുള്ള ഡിവൈഎസ്പിയെ പുറത്താക്കാതെ സ്ഥലം മാറ്റുക മാത്രം ചെയ്തത് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നു. ഈ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് പ്രകടമാവുന്നത്. സൈ്വര്യ ജീവിതം തകര്‍ക്കുന്ന തരത്തില്‍ ഗുണ്ടാസംഘം അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി ബ്രണ്ണന്‍ കാലത്തെ ഗുണ്ടായിസം നാണമില്ലാതെ ജനങ്ങളോട് വിളമ്പുകയാണ്.
സംസ്ഥാനത്ത് നൂറുകണക്കിന് കോടിയുടെ മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. മുട്ടില്‍ വില്ലേജ് ഓഫീസറെ ആരാണ് വിളിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഐയുടെ രണ്ട് മന്ത്രിമാരെ നോക്കുകുത്തികളാക്കി അഴിമതി നടന്നു. അതിനെ മറയ്‌ക്കാനാണ് ബ്രണ്ണന്‍ കഥകള്‍ പറയുന്നത്. കെ.സുധാകരന്‍ വനം മന്ത്രിയായിരുന്ന സമയത്ത് വന്‍ അഴിമതി നടന്നിരുന്നു. അന്ന് സമരം ചെയ്ത വിഎസിന് എതിരായിരുന്നു സിപിഎമ്മിലെ കണ്ണൂര്‍ ലോബി. ഇപ്പോള്‍ വീണ്ടും നാടകം ആവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് വി.കെ സജീവന്‍, സംസ്ഥാ സെക്രട്ടറി പി.രഘുനാഥ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: