Categories: Samskriti

ജയ വിജയന്മാര്‍

ജയ വിജയന്മാര്‍ സഹോദരങ്ങളാണ്. അവര്‍ വിഷ്ണു പാര്‍ഷദന്മാരുമാണ്. വൈകുണ്ഠ കവാടത്തിലെ കാവല്‍ക്കാരാണവര്‍. മഹാവിഷ്ണുവിന്റെ പുണ്യദര്‍ശനം നേടാന്‍ നിത്യേന നിരവധിയോഗികളും ഋഷീശ്വരന്മാരും വൈകുണ്ഠത്തില്‍ എത്താറുണ്ട്. കാവല്‍ക്കാരായ തങ്ങള്‍ക്ക് അതിനുള്ള ഭാഗ്യവും യോഗ്യതയും ഇതുവരെ നേടാനായിട്ടില്ല. എത്രകാലം അതിനായി കാത്തിരിക്കണം? ഇതായിരുന്നു ജയവിജയന്മാരുടെ ചിന്ത.

അങ്ങനെയിരിക്കെയാണ് നാലഞ്ചു വയസ്സുമാത്രം തോന്നിക്കുന്ന ‘മൂന്നുനാലു പിള്ളേര്‍’ ഓടിച്ചാടി വൈകുണ്ഠ വാതില്‍ക്കലെത്തിയത്. തല നരച്ചവരും, താടി വളര്‍ത്തിയവരും തപസ്വികളും യോഗികളുമാണെന്നു സമാധാനിക്കാം. ഈ കൊച്ചുകുട്ടികല്‍ കൂസലന്യേ വൈകുണ്ഠത്തിലേക്കു പോകുന്നത് കാവല്‍ക്കാര്‍ക്ക് സഹിക്കാവുന്ന കാഴ്ചയായില്ല. അവര്‍ തങ്ങളുടെ ‘അധികാരം’ പ്രയോഗിച്ച് കുട്ടികളെ തടഞ്ഞു.

സനകാദികളായിരുന്നു വിഷ്ണുവിനെ സന്ദര്‍ശിക്കാനെത്തിയത്. അവര്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ്. അവര്‍ക്ക് എവിടേയും ഏതു നേരത്തും പ്രവേശനാനുവാദം ഉള്ളവരാണ്. ഉഗ്ര തപസ്വികളുമാണ്. അവരെ തടയുന്നത് ഭഗവാനെ തടയുന്നതിനു തുല്യമാണ്. അവര്‍ ജയവിജയന്മാരോടു കോപിച്ചു. അവര്‍ അസുരയോനിയില്‍ ജനിക്കാനിടവരട്ടെ എന്നു ശാപവാക്കും നല്‍കി.

ഭഗവാനും ഭക്തനും ഒന്നാണെന്നാണ് ഭഗവാന്റെ മതം. അവരെ വേറിട്ടുകണ്ടതാണ് ജയവിജയന്മാരുടെ തെറ്റ്. എന്നാല്‍ ആ തെറ്റും ശാപവും എല്ലാം ഈശ്വരഹിതം തന്നെയാണ്. ജയവിജയന്മാര്‍ ഭഗവാന്റെ ഭൃത്യന്മാരാണ്. ഭൃത്യന്മാര്‍ യജമാനനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ശിക്ഷ തനിക്കും വേണമെന്ന് ഭഗവാന്‍ സനകാദികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അതുകേട്ട സനകാദികള്‍ സ്വയം ശിക്ഷവരിക്കാനാണ് തയ്യാറായത്. ജയവിജയന്മാരുടെ ഓരോ ജന്മത്തിലും അവര്‍ക്കൊപ്പം സനകാദികളും ജന്മമെടുത്തു. അതാണത്രേ പ്രഹ്ലാദനും വിഭീഷണനും പ്രദ്യുമ്‌നനും.

ജയവിജയന്മാര്‍ ഹിരണ്യാക്ഷ ഹിരണ്യകശിപുക്കളായി പുനര്‍ജനിച്ചു. അവരെ അനുഗ്രഹിക്കാനായി വരാഹമായും നരസിംഹമായും ഭഗവാന്‍ അവതരിച്ചു. രാവണകുംഭ കര്‍ണ്ണന്മാരായതും ജയവിജയന്മാര്‍ തന്നെ. അവരെ അനുഗ്രഹിക്കാന്‍ രാമനായി അവതരിച്ചു. അടുത്ത ജന്മത്തിലെ ശിശുപാല ദന്തവക്ത്രന്മാരെ അനുഗ്രഹിക്കാനാണ് കൃഷ്ണാവതാരം എടുത്തത്.

മുകുന്ദന്‍ മുസലിയാത്ത്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക