തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നിരത്തിലിറങ്ങിയ പൊതുജനത്തെ ഇടത്, വലത് സംഘടനകളുടെ സമരം വലച്ചു. ഇന്ധന വില വര്‍ധനവിനെതിരെ വാഹനം 15 മിനിറ്റ് നിര്‍ത്തിയിട്ടുള്ള സമരം പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായി. സമരം 15 മിനിറ്റാണെങ്കിലും തുടര്‍ന്നുള്ള ഗതാഗതക്കുരുക്ക് സാധാരണനിലയിലാകാന്‍ മണിക്കൂറുകളെടുത്തു. അടച്ചുപൂട്ടല്‍ കഴിഞ്ഞുള്ള ദിവസമായതിനാല്‍ ജീവിതമാര്‍ഗം തേടി ഇറങ്ങിയവരാണ് നിരത്തില്‍ കുടുങ്ങിയവരില്‍ അധികവും.
അടച്ചിടലിന് ശേഷം പുറത്തിറങ്ങിയവരെ വീണ്ടും സമരത്തിന്റെ പേരില്‍ യാത്രാ സ്വാതന്ത്ര്യം തടസപ്പെടുത്തിയത് ചിലര്‍ ചോദ്യം ചെയ്തു. ചില കേന്ദ്രങ്ങളില്‍ സമരക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴി തടഞ്ഞു ജോലിക്കും മറ്റും പോകുന്നതിനു തടസം സൃഷ്ടിച്ചതിനോട് യോജിക്കാനാവില്ലെന്നായിരുന്നു ഭൂരിപക്ഷം യാത്രക്കാരുടെയും പ്രതികരണം.
സമരം നടത്തുന്നതിനു തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്നു നിലപാടെടുത്തവരുമുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചായിരുന്നു സമരം. നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് കിലോമീറ്ററോളം നീണ്ടു. പൊതുനിരത്തുകളില്‍ യാത്രാ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുളള സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തിയാണ് ട്രേഡ് യൂണിയനുകളുടെ സമരം അരങ്ങേറിയത്.
നടുറോട്ടില്‍ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തിയിട്ട സമരക്കാരുടെ വാഹനങ്ങള്‍ നീക്കാന്‍ പോലീസ് ശ്രമിച്ചില്ല. തുടര്‍ന്ന് യാത്രക്കാര്‍ ഹോണ്‍ മുഴക്കി പ്രതിഷേധിച്ചു തുടങ്ങിയതോടെ പോലീസെത്തി വാഹനങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊതു ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ 11.10നു തന്നെ പലയിടങ്ങിലും സമരം അവസാനിപ്പിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: