ജിജേഷ് ചുഴലി
കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള അഞ്ചു മക്കള്‍, നിത്യരോഗിയായ ഭാര്യയും ഭര്‍ത്താവും. ദുരിതക്കയത്തിലാണ് ഈ ഏഴംഗ കുടുംബം. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തിലെ പാണമ്പ്രയില്‍ താമസിക്കുന്ന പൊയ്കയില്‍ കുഞ്ഞുമോനും ഭാര്യ ശോഭയും രോഗികളയായ അഞ്ച് മക്കളുടെ ചികിത്സയ്ക്ക് വകയില്ലാതെ 27 വര്‍ഷമായി വാടക വീട്ടില്‍ കഴിയുകയാണ്.
ഇവര്‍ ആനുകൂല്യങ്ങള്‍ക്കായി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. അഞ്ചു മക്കളില്‍ ഒരാള്‍ ഭിന്നശേഷിക്കാരിയാണ്, മറ്റൊരാള്‍ക്ക് രക്തക്കുഴലില്‍ മുഴയും മജ്ജയില്‍ ബ്ലോക്കുമാണ്. ഓപ്പറേഷന് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മാനസിക പ്രശ്നമുള്ള കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനും പട്ടിണി കിടക്കാതിരിക്കാനും എന്ത് ചെയ്യുമെന്ന് ആലോചിച്ച് പ്രയാസപ്പെടുന്ന കുടുംബം ഓപ്പറേഷനെ പറ്റി എങ്ങനെ ചിന്തിക്കാനാണ്.
കഴിഞ്ഞ വര്‍ഷം ഒരു ടിവി ചാനല്‍ ഇവരുടെ ദുരിത ജീവിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തേഞ്ഞിപ്പലം പഞ്ചായത്തില്‍ നിന്നും സാമൂഹ്യനീതി വകുപ്പില്‍ നിന്നും ഇവര്‍ക്ക് നാല് സെന്റ് സ്ഥലവും വീടും വച്ചുനല്‍കാമെന്നും മകളുടെ ഓപ്പറേഷന് ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്നും പറഞ്ഞെന്ന് കുഞ്ഞുമോന് പറയുന്നു. എന്നാല്‍, വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ സാമൂഹ്യനീതി വകുപ്പോ തിരിഞ്ഞു നോക്കിയിട്ടില്ല. വാടക വീട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മക്കളുടെ വിദ്യാഭ്യാസവും നിലച്ചിരിക്കുകയാണ്. നാലു മാസമായി ഇവരുടെ താമസം ചെറുകാവ് പഞ്ചായത്തിലാണ്.
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലും സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസിലും അന്വേഷിച്ചപ്പോള്‍ വീടു തരാനും ചികിത്സാ ചെലവ് തരാനും പറ്റില്ല എന്ന മറുപടിയാണ് ലഭിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ഇത്രയേറെ വീടു നല്കി എന്ന് മുഖ്യമന്ത്രി പറയുന്നിടത്താണ് അര്‍ഹതയുണ്ടായിട്ടും കയറി കിടക്കാന്‍ ഇടമില്ലാതെ, ദുരിതങ്ങള്‍ക്ക് നടുവില്‍ ഇവര്‍ കഴിയുന്നത്. ചില ചാരിറ്റി സംഘടനകളുടെയും, നാട്ടുകാരുടെയും, സുമനസുകളുടെയും സഹായം കൊണ്ടാണ് കൊറോണ സമയത്ത് പട്ടിണി കിടക്കാതെ കഴിഞ്ഞുപോകുന്നത്.
ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഈ കുടുംബം അര്‍ഹതയുണ്ടായിട്ടും തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് കൈ മലര്‍ത്തിക്കാട്ടിയപ്പോള്‍ മലപ്പുറം കളക്ടറെ കണ്ടു. ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ചേളാരിയില്‍ വന്നപ്പോള്‍ നേരിട്ടുകണ്ട് നിവേദനം നല്കി. കൊണ്ടോട്ടിയില്‍ നടന്ന അദാലത്തില്‍ അന്നത്തെ മന്ത്രി കെ.ടി. ജലീലിനും നിവേദനം നല്കി. ഒരു ഗുണവും കിട്ടിയില്ല! നിത്യരോഗിയായ കുഞ്ഞുമോന് വഴിയോര കച്ചവടം നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കൊറോണയും ലോക്ഡൗണും ആ വഴിയുമടച്ചു. ഇനി എന്ത്, എങ്ങനെ… കുഞ്ഞുമോന് വലിയ ആധിയാണ്.
അതേസമയം, കുഞ്ഞുമോനും കുടുംബത്തിനും സ്വന്തമായി ഭൂമി ഇല്ലാത്തതിനാലാണ് അവര്‍ക്ക് വീട് അനുവദിച്ചു നല്കാന് കഴിയാത്തത് എന്നാണ് തേഞ്ഞിപ്പാലം പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിക്കുന്നത് സര്‍ക്കാരാണെന്നും പഞ്ചായത്തിന് സ്വന്തമായി വീട് നല്കാന് അധികാരമില്ലെന്നും അധികൃതര്‍ വൃക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: