കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ അഞ്ചരക്കണ്ടി പുഴയിലെ പാറപ്രത്ത് നടപ്പാക്കുന്ന, നേരത്തെ അശാസ്ത്രീയമെന്ന് കണ്ട് ഉപേക്ഷിച്ച, റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാനുള്ള നീക്കം വിവാദത്തില്‍. 1958ല്‍ കാട്ടാമ്പള്ളി പദ്ധതി നടപ്പാക്കുന്ന വേളയില്‍ പാറപ്രത്തും സമാന പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പദ്ധതി വിജയകരമാകില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടിയെടത്തെന്നാണ് പ്രധാന ആരോപണം. പുതിയ പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് 44.49 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
റഗുലേറ്റര്‍ കം ബ്രിഡ്ജ് പുഴയുടെ സ്വാഭാവിക അവസ്ഥയ്ക്കു മാറ്റംവരുത്തുന്നതിനൊപ്പം ജൈവ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ആശങ്കയാണ് ഉയരുന്നത്. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ച് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് വയലുകള്‍ സമ്പൂര്‍ണമായും കൃഷിക്ക് യോഗ്യമാക്കുക, ധര്‍മടം മണ്ഡലത്തിലെ പിണറായി, പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാത എന്നിവയാണ് പാറപ്രം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200 ഏക്കര്‍ കൃഷിക്കനുയോജ്യമാക്കി മാറ്റുമെന്നുമാണ് അവകാശവാദം. പുഴയ്ക്ക് 99.9 മീറ്റര്‍ നീളത്തില്‍ ആറ് ഷട്ടറുകളുള്‍പ്പെടെ 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാലം ഉള്‍പ്പെടുന്നതാണ് പദ്ധതി.
നിര്‍മാണ പ്രവൃത്തി ആരംഭിച്ചതോടെ പാരിസ്ഥിതിക പ്രശ്നങ്ങളും തുടങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു. പുഴയുടെ നിലനില്പ്പിനാവശ്യമായ സ്വാഭാവിക വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും തോതില്‍ ഇപ്പോള്‍ തന്നെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. നിലവിലുള്ള സാഹചര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പുഴ കടലില്‍ പതിക്കുന്നതിന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ റഗുലേറ്റര്‍ സ്ഥാപിക്കുന്നത് പുഴയെ നാശത്തിലേക്ക് തള്ളിവിടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. റഗുലേറ്റര്‍ വന്നാല്‍ പുഴയിലെ സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും തടസ്സപ്പെടും. ഉപ്പു വെള്ളത്തില്‍ വളരുന്ന നൂറുകണക്കിന് മത്സ്യവര്‍ഗങ്ങളുടെ നാശത്തിന് റഗുലേറ്ററുകള്‍ കാരണമാകും. സ്വാഭാവിക വേലിയേറ്റത്തിലും ഇറക്കത്തിലും പുഴയുടെ ശുചീകരണം കൂടിയാണ് നടക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും തടസപ്പെടുന്നതോടെ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പ്രദേശത്ത് ജനജീവിതം സാധ്യമല്ലാതാകുമെന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: