പരവൂര്‍: അമ്മ മരിച്ച, പിതാവ് ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങള്‍ക്ക് സഹായങ്ങളുമായി സുമനസുകള്‍ എത്തി. മൂന്ന് കുട്ടികളുടെ ദുരവസ്ഥ ജന്മഭൂമിയിലൂടെയാണ് നാടറിഞ്ഞത്. സേവാഭാരതി പ്രവര്‍ത്തകരാണ് ആദ്യം സഹായവുമായെത്തിയത്. പിന്നാലെ കല്ലുവാതുക്കല്‍ അച്ചൂസ് വാട്സാപ്പ് കൂട്ടായ്മയും ജനമൈത്രി പോലീസും സഹായവുമായി എത്തി.
പൂതക്കുളം തെങ്ങുവിള ലക്ഷംവീട് കോളനിയിലെ സുഭാഷ്-രാജി ദമ്പതികളുടെ മക്കളായ നാലര വയസ്സുകാരി സുമിത്ര, മൂന്നുവയസ്സുകാരി സുചിത്ര, ഒന്നരവയസ്സുകാരന് സൂരജ് എന്നിവര്‍ക്കാണ് സഹായമെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് ഈ കുട്ടികളുടെ അമ്മ രാജി മരിച്ചത്. ആറുമാസത്തോളമായി അച്ഛന്റെ സംരക്ഷണവും കിട്ടുന്നില്ല, ഇപ്പോള്‍ അമ്മൂമ്മ സുമതിയുടെയും അപ്പൂപ്പന് സത്യന്റെയും സംരക്ഷണത്തിലാണ് കുട്ടികള്‍. സത്യന് അറിയപ്പെടുന്ന ചെണ്ടമേള കലാകാരനാണ്. ഉത്സവം ഇല്ലാതായതോടെ വരുമാനവുമില്ലാ.
സ്കൂള്‍ പഠനത്തിലേക്ക് കടക്കുന്ന സുമിത്രയ്ക്ക് പഠിക്കാന്‍ വീട്ടില്‍ ടിവിയോ മൊബൈല്‍ ഫോണോ ഇല്ല. ഈ വാര്‍ത്ത കണ്ടാണ് അച്ചൂസ് വാട്സാപ്പ് കൂട്ടായ്മ കല്ലുവാതുക്കല്‍ ഈ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്നത്. മൊബൈല്‍ഫോണ്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവയെത്തിച്ച് നല്കി. പരവൂര്‍ ജനമൈത്രി പോലീസും ഈ കുടുംബത്തെ സഹായിച്ചു. സിഐ സഞ്ജിത്ഖാന്, എസ്ഐ വിജിത്ത് എഎസ്ഐ ഹരിസോമന്‍ എന്നിവര്‍ ഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: