ലഖ്‌നോ: ഉത്തര്‍പ്രദേശിലും ദല്‍ഹിയിലുമായി ആയിരക്കണക്കിന് പേരെ ഇസ്ലാമിലേക്ക് മാറ്റിയ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനധികൃതമാര്‍ഗ്ഗങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും മതപരിവര്‍ത്തനം നടത്തി എന്നാണ് പൊലീസ് വിശദീകരണം.
മുഫ്തി കാസി ജഹാംഗീര്‍ ആലം കാസിം, മുഹമ്മദ് ഉമര്‍ ഗൗതം എനനിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ദല്‍ഹിയിലെ ജാമിയ നഗര്‍ വാസികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദുവായിരുന്ന ഉമര്‍ ഗൗതമും ഇതുപോലെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ചില ദേശവിരുദ്ധ സംഘടനകള്‍ ആളുകളെ മതപരിവര്‍ത്തനം നടത്തുകയും മതമൗലികവാദികളാക്കുകയും ചെയ്യുന്നതായി വാര്‍ത്ത കിട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയതെന്ന് യുപി പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഈ സംഘടനകള്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയില്‍ നിന്നും പ്രചാരണത്തിനും മതപരിവര്‍ത്തനത്തിനും ഫണ്ട് ലഭിക്കുന്നതായും പൊലീസ് പറഞ്ഞു.
മതപരിവര്‍ത്തനം തടയല്‍ നിയമം 2020, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. ഭിന്നശേഷിക്കാരായ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി ദുര്‍ബല ജനവിഭാഗങ്ങളുള്ള ഹിന്ദു പ്രദേശങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ആയിരം പേരെയെങ്കിലും മതപരിവര്‍ത്തനം നടത്തിയെന്ന് ഉമര്‍ ഗൗതം പറഞ്ഞു. നോയ്ഡ ബധിര സൊസൈറ്റിയിലെ ആദിത്യ ഗുപ്ത, മന്നു യാദവ് എന്നീ രണ്ടു പേരെ മാതാപിതാക്കള്‍ അറിയാതെയാണ് മതം മാറ്റിയതെന്ന് പറയുന്നു. പണം, ജോലി, വിവാഹം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് ഇവര്‍ ഇരകളുടെ മുന്നില്‍ നിരത്തുന്നത്. ഇരകളായി വരുന്നവരുടെ മുന്‍മതത്തെ വെറുക്കാനും ഇവര്‍ പഠിപ്പിക്കും. പിന്നീടാണ് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം നടക്കുക. ഒരിയ്‌ക്കല്‍ മാറ്റിയെടുത്തവര്‍ക്കായി ഇടയ്‌ക്കിടെ യോഗങ്ങളും സംഘടിപ്പിക്കും. ഇവര്‍ ബത് ല ഹൗസ്, ജാമിയ നഗര്‍ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍. നിരവധി തീവ്രവാദികള്‍ രൂപപ്പെടുന്ന പ്രദേശങ്ങളായതിനാല്‍ രഹസ്യപ്പൊലീസിന്റെ നിരന്തര നിരീക്ഷണം നടക്കുന്ന സ്ഥലമാണിത്. ബത് ല ഹൗസ്, ഷഹീന്‍ബാഗ്, ജാമിയ സര്‍വ്വകലാശാല, പിഎഫ് ഐ ആസ്ഥാനം, വിവിധ ഇസ്ലാമിക പുസ്തകപ്രസിദ്ധീകരണകേന്ദ്രങ്ങള്‍ എന്നിവയെല്ലാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: