തിരുവനന്തപുരം: ദരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക് നല്കാന് കേന്ദ്രം അനുവദിച്ച 596.65 ടണ്‍ കടല സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായി എന്ന പത്ര വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പാവപ്പെട്ട ജനങ്ങള്‍ പട്ടിണിയിലാവരുതെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്ത് അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിയിട്ടില്ലെന്നത് ഏറെ സങ്കടകരമാണ്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ അനാസ്ഥയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉള്ള കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കടല നശിക്കാന്‍ കാരണം. കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നില്‍ എന്ന് സമഗ്ര അന്വേഷണം വേണം. കേന്ദ്ര പദ്ധതികളോട് സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
പ്രധാന മന്ത്രി ഭവന പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണത്തിന് കേന്ദ്രം അനുവദിച്ച 195.82 കോടി രൂപ സംസ്ഥാനം ചിലവഴിക്കാതെ പാഴാക്കിയ സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതും അടുത്തിടെയാണ്. 2016 -2017 വര്‍ഷത്തിലും 2017 -18 വര്‍ഷങ്ങളിലുമായി 42431 വീടുകള്‍ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും 16101 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. പൈപ്പ് വഴി എല്ലാ വീടുകളിലും ശുദ്ധ ജലമെത്തിക്കാന്‍ ലക്ഷ്യമിടുന്ന ജല്‍ ജീവന് മിഷനും കേരളത്തില്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ എത്തുന്നില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം 1804.59 കോടി രൂപ ജല്‍ ജീവന് മിഷന് നടപ്പാക്കാന്‍ കേന്ദ്ര അനുവദിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അവസ്ഥ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്കിയതും ഓര്‍ക്കണം. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം നോക്കി മാത്രം നടപ്പാക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: