ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര യോഗദിനം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തയുടന്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറില്‍ പൊതുജനത്തിന് കാണാവുന്ന രീതിയില്‍ യോഗ ചെയ്യാനെത്തിയത് 3,000 പേര്.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ടൈംസ് സ്ക്വയര്‍ അലിയന്‍സും സംയുക്തമായാണ് യോഗ ആഘോഷം സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിയ്ക്ക് ശേഷം നഗരം തുറന്നതോടെ യോഗയിലും ധ്യാനത്തിലും പ്രശസ്ത യോഗ പരിശീലകരുടെ വ്യായാമപരിപാടിയിലും സംബന്ധിക്കാന്‍ ധാരാളം പേര് എത്തിച്ചേര്‍ന്നു.ന്യൂയോര്‍ക്ക് നഗരത്തിലെ മന്‍ഹാറ്റന്‍ മിഡ്ടൗണിലെ ടൂറിസ്റ്റ് കേന്ദ്രവും പ്രധാനവാണിജ്യ ചത്വരവുമാണ് ടൈംസ് സ്ക്വയര്‍.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു ആളുകള്‍ യോഗാസനം ചെയ്തത്. അതും ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറില്‍ പൊതുജനത്തിന് കാണാവുന്ന രീതിയില്‍ ഇത്രയും പേര് യോഗയുടെ പേരില്‍ അണിനിരന്നത് കാണാനും ഒട്ടേറെ പേര് എത്തി. റോഡരികിലെ കൂറ്റന്‍ എല്‍ഇഡി സ്ക്രീനിലും ഇത് പരിപാടി പ്രദര്‍ശിപ്പിച്ചിരുന്നു.
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ പ്രദര്‍ശിപ്പിച്ചെങ്കിലും ടൈംസ് സ്ക്വയറില്‍ ഇത് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായി. യോഗ ഒരു ആഗോള ചിന്തയും ആശയവും കര്‍മ്മവുമാണ്. അത് ആഘോഷിക്കാന്‍ ടൈംസ് സ്ക്വയറിനേക്കാള് മെച്ചപ്പെട്ട ഒരിടം വേറെ ഏതുണ്ട്?’ പരിപാടി അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പ്രശസ്ത യോഗ പരിശീലക രുചിക ലാല്‍ യോഗ, പ്രാണായാമ, ധ്യാന പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: