ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ്ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. യാസ് ചുഴലിക്കാറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് മുപ്പത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗാള്‍ കേഡറില്‍നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബന്ദോപാധ്യായ്ക്ക് ജൂണ്‍ 16ന് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ്(ഡിഒപിടി) വകുപ്പ് മെമ്മോ നല്കി. 1969-ലെ ഓള് ഇന്ത്യ സര്‍വീസസിലെ(ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) ചട്ടം എട്ട്, 1958-ലെ ഓള് ഇന്ത്യ സര്‍വീസസ് ചട്ടം(മരണവും വിരമിക്കല്‍ ആനുകൂല്യങ്ങളും) റൂള്‍ ആറ് എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികളാണ് ഇതില്‍ നിര്‍ദേശിക്കുന്നത്.
സര്‍വീസില്‍നിന്ന് വിരമിച്ച ബന്ദോപാധ്യയ്യെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി അടുത്തിടെ നിയമിച്ചിരുന്നു. ഇതേ വിഷയത്തില്‍ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം ഇദ്ദേഹത്തിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തെ സമയമാണ് അന്ന് മറുപടിക്കായി നല്‍കിയത്. യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ ബംഗാള്‍ സന്ദര്‍ശനത്തിനിടെ മെയ് 28ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്നത് 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അന്നുതന്നെ ബന്ദോപാധ്യായ്യെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നിയമത്തിന് അനുമതി നല്‍കിയെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ അടിയന്തരമായി ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെയ് 31ന് നോര്‍ത്ത് ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും ബന്ദോപാധ്യായ്യോട് നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥനെ തിരിച്ചുവിളിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിന്നാലെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ബന്ദോപാധ്യായ് സര്‍വീസില്‍നിന്ന് വിരമിച്ചുവെന്നും ദല്ഹിയിലെത്തില്ലെന്നും മമത വ്യക്തമാക്കി. ഇതിനൊപ്പം വിരമിച്ച അന്നുതന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് കാലാവധി നീട്ടി നല്‍കിയെങ്കിലും മെയ് 31 ന് വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചുഴലിക്കാറ്റിന് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ട് അറിയാന്‍ പഷിം മേദിനിപൂര്‍ ജില്ലയിലെ കലൈകുണ്ടയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മമതാ ബാനര്‍ജി അരമണിക്കൂര്‍ വൈകിയെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.
വൈകിയെത്തിയ മമതയും ചീഫ് സെക്രട്ടറിയായിരുന്ന ബന്ദോപാധ്യായ്യും ദിഖയില്‍ നേരത്തേ നിശ്ചയിച്ച യോഗത്തിനായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാതെ മടങ്ങുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: