മാടമ്പ് കുഞ്ഞുക്കുട്ടന് തപസ്യ കലാസാഹിത്യവേദിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു. തപസ്യ പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങളിലേക്ക് ആ സംഘടനയില്‍ അംഗമാകും മുന്‍പുതന്നെ സ്വന്തം ബോധ്യങ്ങളിലൂടെ മാടമ്പ് സഞ്ചരിച്ചെത്തിയതാണ്.അതിനാല്‍ തപസ്യയിലേക്കുള്ള വരവ് പുറത്തുനിന്നായിരുന്നില്ല. മാടമ്പ് അധ്യക്ഷനായിരുന്നത് വളരെക്കുറച്ച് വര്‍ഷങ്ങളായിരുന്നുവെങ്കിലും തപസ്യയുടെ അസ്തിത്വം ഊട്ടിയുറപ്പിക്കാന്‍ ആ മഹാ സാന്നിധ്യത്തിന് കഴിഞ്ഞു.
മാടമ്പിന്റെ വേര്‍പാടില്‍ സ്വകുടുംബത്തിന്റെ നഷ്ടമാണ് തപസ്യയും അനുഭവിക്കുന്നത്. നിരുപാധികം തപസ്യയോട് ചേര്ന്നുനില്ക്കാന് ഇഷ്ടപ്പെട്ട ഈ മഹാസാഹിത്യകാരന്റെ സൃഷ്ടികള്‍ തപസ്യയ്ക്ക് ഈടുവയ്പ്പാണ്. വ്യക്തിജീവിതത്തിലും എഴുത്തിലും സാംസ്കാരികരംഗത്തും മാടമ്പ് ആരായിരുന്നുവെന്ന തിരിച്ചറിവിലേക്ക് വിളിച്ചുണര്‍ത്തുന്നതായിരുന്നു ഗൂഗിള്‍ മീറ്റിലൂടെ തപസ്യ സംഘടിപ്പിച്ച അനുസ്മരണം. മുന്നൂറോളം പേര് സംബന്ധിച്ച ഈ പരിപാടിയില്‍ മാടമ്പിനെ പല നിലകളില്‍ അടുത്തറിഞ്ഞവര്‍ പങ്കുവച്ച ഓര്‍മകളുടെ ഒരു കുത്തൊഴുക്കാണുണ്ടായത്.
തപസ്യയ്ക്ക് ആരായിരുന്നു മാടമ്പ് എന്ന് അധ്യക്ഷ പ്രസംഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് രേഖാചിത്രം പോലെ വരച്ചുകാട്ടി. പ്രശസ്ത നിരൂപകന് ആഷാ മേനോന്, അറിവുകളുടെ മറുകരകണ്ട ഡോ. സുവര്‍ണ നാലപ്പാട്, മാധ്യമരംഗത്തെ മുന്‍നിരക്കാരനായ എം.പി. സുരേന്ദ്രന്, ആധുനിക കവിതയുടെ ദീപ്ത മുഖമായ നാലപ്പാടം പത്മനാഭന്, നേരിനോട് കൂറുകാട്ടുന്ന നിരൂപകന് ഡോ. പി. ശിവപ്രസാദ് തുടങ്ങിയവരുടെ സാന്നിധ്യംകൊണ്ട് സാര്‍ത്ഥകമായ ആ പരിപാടി മാടമ്പിനുള്ള തപസ്യയുടെ തിലോദകമായിരുന്നു.
- സ്വാമി വിവിക്താനന്ദ
മാടമ്പിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് ചിന്മയാ മിഷന്റെ സാരഥി, സ്വാമി വിവിക്താനന്ദ അനുഗ്രഹപ്രഭാഷണം തുടങ്ങിയത്. യാഥാസ്ഥിതികത്വത്തിനെതിരെ സര്‍ഗാത്മകമായി കലഹിച്ച് രംഗത്തുവന്ന മാടമ്പു തന്നെയാണ് ഒടുവില്‍ ഭാരതീയ സംസ്കൃതിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന കൃതികള്‍ രചിച്ചതെന്നും സ്വാമികള്‍ അഭിപ്രായപ്പെട്ടു. ദാര്ശനികാവബോധമുണ്ടായിരുന്ന മാടമ്പ് തപസ്യയ്ക്ക് നല്കിയ മാര്‍ഗദര്‍ശനം ഇനിയും നിലനില്‍ക്കുമെന്ന് പറഞ്ഞാണ് വിവിക്താനന്ദ അവസാനിപ്പിച്ചത്.
- പി.എസ്. ശ്രീധരന് പിള്ള
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിച്ചതാണ് മാടമ്പിന്റെ എഴുത്തിനെ സവിശേഷമാക്കുന്നതെന്ന നിരീക്ഷണം അവതരിപ്പിച്ചാണ് മിസ്സോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള അനുസ്മരണം തുടങ്ങിയത്. ഭാരതീയ പൈതൃകത്തോടൊപ്പം കേരളീയത്തനിമയെയും രചനകളില്‍ മാടമ്പ് സമന്വയിപ്പിച്ചു.
ഭൗതികവാദവും നിരീശ്വരവാദവും ഫാഷനായി കരുതുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ മാടമ്പ് ആവിഷ്കരിച്ചത് മണ്ണിന്റെ മണമുള്ള രചനകളാണ്. തിരക്കഥകളിലും നോവലുകളിലും ഭാരതീയ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാന സത്യങ്ങളാണ് മാടമ്പ് രേഖപ്പെടുത്തിയത്, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് സംസ്ഥാന കാര്യാലയത്തിന്റെ ചുമതലയുണ്ടായിരുന്നു. അന്നാണ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ മാടമ്പ് ബിജെപി സ്ഥാനാര്‍ത്ഥിയായത്. അന്നത്തെ മൂന്നുമാസക്കാലത്തിനിടെ മാടമ്പിനെ അടുത്തറിയാന്‍ കഴിഞ്ഞു. ഇത്രയും മഹാനായ സാംസ്കാരിക നായകന് അധ്യക്ഷനായതില്‍ തപസ്യയ്ക്ക് അഭിമാനിക്കാം.”
വി.ടിയുടെയും കേളപ്പജിയുടെയുമൊക്കെ സത്യാന്വേഷണ യാത്ര ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടത്തുതന്നെയാണ് മാടമ്പും വന്നെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം വേണമെന്ന നിര്‍ദ്ദേശവും ശ്രീധരന്‍പിള്ള മുന്നോട്ടുവച്ചു.
- കൈതപ്രം ദാമോദരന്‍ നമ്പൂതിരി
അക്ഷരത്തിലൂടെ അറിഞ്ഞ മാടമ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചാണ് ഗാനരചയിതാവും സംഗീതജ്ഞനും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചിലത് പറഞ്ഞത്. ”ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്നമസ്തു എന്നീ നോവലുകളാണ് ഞാന്‍ വായിച്ചിട്ടുള്ളത്. അക്കാലത്തുതന്നെയാണ് താരാ ശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനും വായിച്ചത്. ആരോഗ്യനികേതനിലെ ജീവന്‍മശായ് എന്ന കഥാപാത്രത്തിന്റെ അത്രതന്നെ കരുത്ത് മാടമ്പിന്റെ ഭ്രഷ്ടിലെ ഓതിക്കന് കഥാപാത്രത്തിനുണ്ട്. ഈ കൃതി വേണ്ടപോലെ പഠിക്കപ്പെട്ടിട്ടില്ല. തപസ്യ അതിന് അവസരമൊരുക്കണം.”
താന്‍ ഗാനരചനയും സംഗീതവും നിര്‍വഹിച്ച ദേശാടനം സിനിമയുമായി ബന്ധപ്പെട്ട് മാടമ്പുമായി അടുത്തിടപഴകാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൈതപ്രം വിശദീകരിച്ചു. റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ ആദ്യം കേട്ട മാത്രയില്‍ ഇതുതന്നെയാണ് ‘ദേശാടന’ത്തിലെ പാട്ടുകള്‍ എന്നു പറഞ്ഞ് മാടമ്പ് തന്നെ കെട്ടിപ്പിടിച്ചതും, ഈ കൂടിക്കാഴ്ചയില്‍ വച്ചുതന്നെ ഭാര്യാ പിതാവ് ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ‘ദേശാടന’ത്തിലെ മുഖ്യകഥാപാത്രമായ മുത്തച്ഛനായി തെരഞ്ഞെടുത്തതുമൊക്കെ ഓര്‍മിച്ച കൈതപ്രം, മാടമ്പിനെപ്പോലുള്ളവരാണ് തപസ്യയെ നയിക്കേണ്ടതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
- സംവിധായകന് ജയരാജ്
മാടമ്പുമായുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം തെളിയുന്നതായിരുന്നു സംവിധായകന് ജയരാജിന്റെ വാക്കുകള്‍. ”സിനിമാ ലോകത്ത് എനിക്ക് ആരെങ്കിലുമാവാന്‍ കഴിഞ്ഞത് മാടമ്പിന്റെ അനുഗ്രഹം കൊണ്ടാണ്. പത്താമത്തെ സിനിമയായ ദേശാടനത്തിലൂടെയാണ് അതുവരെയുള്ള എന്റെ സിനിമാ ജീവിതം മാറിമറിഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സിനിമയുമായി സഞ്ചരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ‘ദേശാടനം’ എന്റെയും മാടമ്പിന്റെയും കൈതപ്രത്തിന്റെയുമൊക്കെ ദേശാടനമായിരുന്നു. എന്റെ സിനിമാ ജീവിതത്തില്‍ മാടമ്പ് നിറഞ്ഞുനില്ക്കുന്നു. നവരസങ്ങളെക്കുറിച്ച് സിനിമയെടുക്കണമെന്ന ചിന്ത മനസ്സിലുണ്ടായപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതും അനുഗ്രഹിച്ചതും മാടമ്പാണ്. ഇതിലൊന്നായിരുന്നു കരുണം. ഇന്നും ഇന്ത്യയില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് എനിക്ക് ലഭിച്ചത് ആ സിനിമയിലൂടെയാണ്. പരസ്പരം വെട്ടിമരിക്കുന്ന രാഷ്ട്രീയത്തിന്റെ കഥയാണ് ശാന്തം. അര്‍ത്ഥപൂര്‍ണമായാണ് മാടമ്പ് ഇതിന് തിരക്കഥയെഴുതിയിട്ടുള്ളത്. അദ്ഭുതം എന്ന സിനിമ മാടമ്പിന് മാത്രം എഴുതാന്‍ കഴിയുന്ന ഒന്നാണ്.”
മാടമ്പിന്റെ വ്യക്തിത്വത്തിലേക്കും ജയരാജ് ഇറങ്ങിച്ചെല്ലുകയുണ്ടായി. ”യഥാര്‍ത്ഥ ജീവിതത്തെ എങ്ങനെ കാണണം എന്നു ഞാന്‍ മനസ്സിലാക്കിയത് മാടമ്പിലൂടെയാണ്. പറയാനുള്ളത് തുറന്നു പറയാനുള്ള ധൈര്യം മാടമ്പിനുണ്ടായിരുന്നു. ഇത് ഒരിക്കലും ധാര്ഷ്ട്യമായിരുന്നില്ല. പാരമ്പര്യത്തിലൂന്നിയുള്ള മാടമ്പിന്റെ ചിന്തകള്‍ അര്‍ത്ഥപൂര്‍ണമായി. താന്‍ മുത്തച്ഛനായല്ല ജനിച്ചതെന്ന് ‘ദേശാടന’ത്തിലെ കഥാപാത്രം പറയുന്നതും, ‘പൈതൃക’ത്തില്‍ എന്റെ മകന് എന്നെപ്പോലെ വളര്‍ന്നാല്‍ മതിയെന്നു പറയുമ്പോള്‍ എന്റെ മകനെക്കുറിച്ച് ഞാന്‍ അങ്ങനെ വാശിപിടിച്ചില്ലല്ലോ ഉണ്ണീ എന്ന് അച്ഛന് പറയുന്നതുമൊക്കെ ഇതിനു തെളിവാണ്. അതുപോലെ, മരണം കാത്തുകിടക്കുന്ന മകനോട് അച്ഛന് പറയുന്നുണ്ട് ”എത്ര വേദനിച്ചാലും നീ ജീവിച്ചിരിക്കണമെന്നത് എന്റെ സ്വാര്‍ത്ഥത. വേദന സഹിക്കാനാവാതെ മരിക്കാന്‍ കഴിയണമെന്നത് നിന്റെ സ്വാര്‍ത്ഥത. എന്നും എന്റെ മകന് ജയിക്കാനാണ് എനിക്കിഷ്ടം.” അദ്ഭുതം എന്ന സിനിമയിലെ ഒരു സംഭാഷണമാണിത്. ഇത്തരം വലിയ ചിന്തകള്‍ മാടമ്പിനുണ്ടായിരുന്നു എന്നതാണ് എന്റെ നേരിട്ടുള്ള അനുഭവം. ബുദ്ധനെക്കുറിച്ചുള്ള മാടമ്പിന്റെ നോവലാണ് മഹാപ്രസ്ഥാനം. ഇതിന് ഞങ്ങളൊരുമിച്ച് തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. സിനിമ ചെയ്യാനായില്ല. മാടമ്പിന്റെ ആരോഗ്യക്കുറവുകൊണ്ടും, എന്റെ മറ്റു ചില തിരക്കുകള്‍കൊണ്ടും ചെയ്യാനാവാതെപോയി. അത് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നു.”
കാലം വേണ്ടതുപോലെ അറിയാതെ പോയ ഒരു അമൂല്യ രത്നമാണ് മാടമ്പ് എന്ന നഷ്ടബോധം പങ്കുവച്ചാണ് ജയരാജ് പറഞ്ഞവസാനിപ്പിച്ചത്.
- ശ്രീകുമാര്‍ അരൂക്കുറ്റി
ആനയെക്കുറിച്ച് ഒന്നുമറിയാതിരുന്ന തന്നെ എല്ലാം പഠിപ്പിച്ചുതന്നയാളാണ് മാടമ്പെന്നു പറഞ്ഞാണ് തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി അനുഭവങ്ങള്‍ പങ്കുവച്ചത്. ”കൈരളി ചാനലില്‍ ഇ ഫോര്‍ എലിഫന്റ്’ എന്ന പരിപാടി ആലോചിച്ചപ്പോള്‍ അതിന്റെ അവതാരകനാവാന്‍ മാടമ്പിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. നിരവധിയായ എപ്പിസോഡുകളിലൂടെ ഗജ ലക്ഷണങ്ങളനുസരിച്ച് ആനകളെക്കുറിച്ച് അറിയേണ്ടതെല്ലാം മലയാളികള്‍ക്ക് പറഞ്ഞുതന്ന മാടമ്പിന്റെ സഹായത്തോടെ ആനയെക്കുറിച്ചുള്ള ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയതും ശ്രീകുമാര്‍ അരൂക്കുറ്റി ഓര്‍മിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇനി വയ്യെന്ന് മാടമ്പ് പറയുകയായിരുന്നുവത്രേ. അന്നത്തെ ഓര്‍മകള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുകയാണെന്ന് ശ്രീകുമാര്‍.
”മലയാള സാഹിത്യത്തില്‍ വേണ്ടപോലെ അടയാളപ്പെടുത്താതെപോയ ആളാണ് മാടമ്പ്. കേരളത്തിലായതുകൊണ്ടുമാത്രമായിരുന്നു ഇത്. മറ്റേന്തെങ്കിലും ഭാഷയിലായിരുന്നുവെങ്കില് മാടമ്പിന്റെ മഹത്വം തിരിച്ചറിയപ്പെടുമായിരുന്നു” ശ്രീകുമാര്‍ അരൂക്കുറ്റി വിലയിരുത്തി.
- വടക്കുമ്പാട് നാരായണന്
തലമുറ കൈമാറിയ ആത്മബന്ധത്തിന്റെ ഇഴയടുപ്പമാണ് വടക്കുമ്പാട് നാരായണന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്. മാടമ്പിന്റെ അച്ഛന്റെ സുഹൃത്തായിരുന്നു വടക്കുമ്പാടിന്റെ അച്ഛന്. മാടമ്പും വടക്കുമ്പാടും സതീര്‍ത്ഥ്യരും.
”എല്ലാ രംഗത്തും നിറഞ്ഞുനിന്ന മഹാപ്രതിഭയായിരുന്നു മാടമ്പ്. ഏത് സംശയവും ചോദിക്കാന്‍ പറ്റുന്ന ഒരാള്‍. നിരന്തരമായി സഞ്ചരിച്ച മാടമ്പിനൊപ്പം പലപ്പോഴും ഞാനുമുണ്ടായിരുന്നു. ഒരു തവണത്തെ ഹിമാലയ യാത്ര അവിസ്മരണീയമാണ്. എന്റെ ആചാര്യനായിരുന്നു മാടമ്പ്. തൃശൂര്‍ തെക്കെ മഠത്തിന്റെ പ്രസിദ്ധീകരണമായ ‘വേദധ്വനി’ മാസികയുടെ ഉപദേശകനായിരുന്നു മാടമ്പ്. വേദത്തെക്കുറിച്ച് ആഴത്തിലറിയാമായിരുന്നിട്ടും തനിക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞിരുന്നത്. വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ വേദധ്വനിക്കുവേണ്ടി എഴുതി ‘സാധാരണയിലും താഴ്ന്ന ചിന്തകര്‍’ എന്ന ശീര്‍ഷകത്തിലായിരുന്നു അത്. ജ്ഞാനിയായ പച്ചമനുഷ്യന്. സരസ്വതീ പ്രസാദം നിറഞ്ഞു കിട്ടിയയാള്‍. പരിചയപ്പെടുന്നവര്‍ക്കെല്ലാം സ്വന്തമാണെന്ന് തോന്നും.
ശ്രീരാമകൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന അമൃതസ്യപുത്രഃ എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും, ബംഗാളികള്‍ അത് വായിക്കണമെന്നും മാടമ്പിന്റെ ഒരു ആഗ്രഹമായിരുന്നുവെന്ന് വെളിപ്പെടുത്തിയ വടക്കുമ്പാട്, തപസ്യ അതിന് മുന്‍കയ്യെടുക്കുമെന്ന പ്രതീക്ഷയോടെയാണ് വാക്കുകള്‍ ചുരുക്കിയത്.
- ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്
മാടമ്പിന്റെ നോവലുകളുടെ മുഖ്യ സവിശേഷതയിലേക്ക് വിരല്‍ചൂണ്ടിയാണ് തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറിയും നിരൂപകനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് സംസാരിച്ചത്. ”ജീവചരിത്ര നോവല്‍ സാഹിത്യത്തില്‍ മലയാളത്തിന് വളരെയധികം സംഭാവന ചെയ്തയാളാണ് മാടമ്പ്. ശ്രീബുദ്ധന്റെ ജീവിതത്തെ അനുഭവമാക്കിയുള്ള മഹാപ്രസ്ഥാനം, ശ്രീരാമകൃഷ്ണ ദേവന്റെ ആത്മീയ ജീവിതം ആവിഷ്കരിക്കുന്ന അമൃതസ്യ പുത്രഃ, ത്യാഗരാജ സ്വാമികളുടെ സംഗീതജീവിതം സാക്ഷ്യപ്പെടുത്തുന്ന എന്തരോമഹാനുഭാവുലു, മഹാത്മാഗാന്ധിയുടെ ജീവിതം ചിത്രീകരിക്കുന്ന ഓം ശാന്തി ശാന്തി ശാന്തി എന്നീ നോവലുകള്‍ ശരിയായി പഠിക്കപ്പെടണം. പാശ്ചാത്യ നിരൂപണ മാനദണ്ഡങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതല്ല മാടമ്പിന്റെ സര്‍ഗപ്രപഞ്ചം. ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ സമീപനം അതിനാവശ്യമാണ്.”
തപസ്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അനൂപ് കുന്നത്ത് സ്വാഗതമാശംസിച്ച പരിപാടിയില്‍ സംസ്കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് കെ. ലക്ഷ്മി നാരായണന്, തപസ്യ ജോ.ജനറല്‍ സെക്രട്ടറിമാരായ സി.സി. സുരേഷ്, മണി എടപ്പാള്‍, ഉപാധ്യക്ഷന്മാരായ മുരളി പാറപ്പുറം, യു.പി. സന്തോഷ്, കേന്ദ്ര സമിതിയംഗം തിരൂര്‍ രവീന്ദ്രന്, സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീജിത്ത് തന്റായ് തുടങ്ങിയവരും സംബന്ധിച്ചു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്റെ നന്ദിവാക്കോടെ പരിപാടി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: