ബ്രസീലിയ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് നാളെ മൂന്നാം അങ്കം. പരാഗ്വെയാണ് എതിരാളികള്‍. പുലര്‍ച്ചെ 5.30നാണ് കിക്കോഫ്. പരാഗ്വെയുടെ രണ്ടാം മത്സരമാണിത്.
കളിച്ച രണ്ട് കളികളില്‍ ഒരു ജയവും സമനിലയുമടക്കം നാല് പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. ചിലിയോട് സമനില പാലിച്ച അര്‍ജന്റീന രണ്ടാം കളിയില്‍ കരുത്തരായ ഉറുഗ്വെയെ 1-0ന് പരാജയപ്പെടുത്തി. അതേസമയം പരാഗ്വെ ആദ്യകളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്തു. അര്‍ജന്റീനക്കെതിരെയും വിജയം ലക്ഷ്യമിട്ടാണ് അവര്‍ കളിക്കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ രണ്ട് കളികളിലെന്ന പോലെ 4-3-3 ശൈലിയിലായിരിക്കും അര്‍ജന്റീന പരാഗ്വെക്കെതിരെയും മൈതാനത്തെത്തുക. മുന്നേറ്റത്തില്‍ സൂപ്പര്‍ താരം മെസ്സിക്കൊപ്പം നിക്കോളാസ് ഗൊണ്‍സാലസ്, മാര്‍ട്ടിനെസ് എന്നിവര്‍ ഉറപ്പാണ്. ഗ്വിഡോ റോഡ്രിഗസ്, റോഡ്രിഗോ, ജിയോവാനി സെല്‍സോ എന്നിവര്‍ മധ്യനിരയില്‍ എത്തുമ്പോള്‍ ഡി മരിയ രണ്ടാം കളിയിലും പകരക്കാരുടെ ബെഞ്ചിലായിരിക്കും. ഗോള്‍വലയ്ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ സ്ഥാനം ഉറപ്പാണ്. പ്രതിരോധത്തില്‍ നിക്കോളാസ് ഓട്ടമെന്‍ഡി, മോണ്ടിയല്, മാര്‍ട്ടിനെസ് ക്വാര്‍ട, ടാഗ്ലിയഫികോ എന്നിവര്‍ക്കാണ് സാധ്യത. പരാഗ്വെ 4-2-3-1 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. ബൊളീവിയക്കെതിരെ രണ്ട് ഗോള്‍ നേടിയ ഏയ്ഞ്ചല്‍ റൊമേരോയാണ് ടീമിന്റെ കുന്തമുന. പ്രതിരോധത്തിലെ കരുത്തന് നായര്‍ ഗുസ്താവോ ഗോമസാണ്. ജൂനിയര്‍ അലോണ്‍സോ, ആല്‍ബര്‍ട്ടോ എസ്പിനോള, സാന്റിയാഗോ എന്നിവര്‍ ഗുസ്താവോയ്ക്കൊപ്പം പ്രതിരോധത്തില്‍ അണിനിരന്നേക്കും.
മറ്റൊരു മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ചിലിയും ആദ്യ ജയത്തിനായി ഉറുഗ്വെയും ഏറ്റുമുട്ടും. ആദ്യ കൡയില്‍ അര്‍ജന്റീനയോട് സമനില പാലിച്ച ചിലി രണ്ടാം മത്സരത്തില്‍ ബൊളീവിയയെ 1-0ന് തോല്‍പ്പിച്ചു. വര്‍ഗാസും വിദാലുമടങ്ങുന്ന താരനിരയാണ് ചിലിയുടെ കരുത്ത്. അതേസമയം ആദ്യ കളിയില്‍ അര്‍ജന്റീനയോട് തോറ്റ ഉറുഗ്വെ ആദ്യ ജയത്തിനായാണ് നാളെ മൈതാനത്തിറങ്ങുക. സുവാരസും എഡിസണ് കവാനിയുമടങ്ങുന്ന താരനിരയാണ് അവര്‍ക്കുള്ളത്. എന്നാല്‍ അര്‍ജന്റീനക്കെതിരായ ആദ്യ കളിയില്‍ അവര്‍ക്ക് താളം കണ്ടെത്താനായിരുന്നില്ല. നാളെ ചിലിക്കെതിരെ ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ചിലിക്ക് അവരെ പിടിച്ചുകെട്ടാന്‍ ഏറെ പണിപ്പെടേണ്ടിവരും. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30നാണ് കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: